ദില്ലി: ദില്ലി നിസാമുദ്ദീൻ ദർഗയ്ക്ക് സമീപമുള്ള മർകസിൽ മതപരമായ പ്രാർത്ഥനയിൽ പങ്കെടുത്തവരിൽ കൊവിഡ് ബാധ സ്ഥിരീകരിച്ച ആറ് പേർ മരിച്ചു. തെലങ്കാനയിൽ വച്ചാണ് ആറ് പേരുടെയും മരണം. ഇതോടെ രോഗം ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 32 ആയി. ഇതുവരെ 1251 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇവരിൽ 1117 പേർ ചികിത്സയിലാണ്. 101 പേർക്ക് രോഗം ഭേദമായി.

ദില്ലി നിസാമുദ്ദീനിലെ പ്രാർത്ഥനയിൽ പങ്കെടുത്ത ഒൻപത് പേർക്ക് ദില്ലിയിൽ കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചിരുന്നു. ഈ പരിപാടിയിൽ തമിഴ്‌നാട്ടിൽ നിന്ന് മാത്രം 1500 ഓളം പേർ പങ്കെടുത്തിരുന്നു. ഇവരിൽ 24 പേർക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ദില്ലിയിലെ ലോക് നായക് ആശുപത്രിയിലാണ് പ്രാർത്ഥനയിൽ പങ്കെടുത്ത 163 പേരെ പ്രവേശിപ്പിച്ചിരിക്കുന്നത്.

മാർച്ച് 13മുതൽ 15 വരെയാണ് പള്ളിയിൽ പ്രാർത്ഥന നടന്നത്. മർകസിനെതിരെ പൊലീസ് കേസെടുക്കണമെന്ന് ദില്ലി സർക്കാർ ആവശ്യപ്പെട്ടു. കേസെടുക്കുമെന്ന് പൊലസ് അറിയിച്ചിട്ടുണ്ട്.  മർക്കസ് പരിസരം ദില്ലി പൊലീസ് സീൽ ചെയ്തിരിക്കുകയാണ്. വ്യാഴാഴ്ച ജമ്മു കശ്മീരിലെ ശ്രീനഗറിൽ കൊവിഡ്‌ ബാധിച്ച് മരിച്ച 65കാരനും ഈ ചടങ്ങിൽ പങ്കെടുത്തിരുന്നതായി സ്ഥിരീകരിച്ചു. കശ്മീരിൽ ആദ്യം മരിച്ചയാളും ഈ ചടങ്ങിൽ പങ്കെടുത്തെന്നാണ് വിവരം.

പരിസരത്ത് ഉള്ള ആളുകളെ രാത്രിയിലും ആശുപത്രിയിലേക്ക് കൊണ്ട് പോകുന്ന നടപടികൾ പൂർത്തിയായി വരികയാണ്. ഇരുന്നൂറിൽ അധികം ആളുകളെ ഇതിനകം പ്രവേശിപ്പിച്ച് കഴിഞ്ഞു. തമിഴ്നാട്ടിൽ  കൊവിഡ് സ്ഥിരീകരിച്ചവരിൽ പതിനാറ് പേർ നിസാമുദീനിലെ പ്രാർത്ഥനയിൽ പങ്കെടുത്തിട്ടുണ്ടെന്ന് കണ്ടെത്തി. തമിഴ്നാട്ടിൽ കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത് ഈറോഡിലായിരുന്നു. പ്രാർത്ഥനയിൽ പങ്കെടുത്ത തായ്ലാൻഡ്, ഇന്തോനേഷ്യൻ സ്വദേശികൾ ഈറോഡിൽ ദിവസങ്ങളോളം താമസിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. പ്രാർത്ഥനയിൽ പങ്കെടുത്ത 961 പേരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.