Asianet News MalayalamAsianet News Malayalam

ലോക്ക് ഡൗൺ നടപ്പിലാക്കിയ രീതി തെറ്റ്; കോമൺ മിനിമം പാക്കേജ് പ്രഖ്യാപിക്കണമെന്നും സോണിയ ഗാന്ധി

രാജ്യത്ത് ബുദ്ധിമുട്ടിലായ സാധാരണക്കാരെ സഹായിക്കാൻ ഒരു കോമ്മൺ മിനിമം ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിക്കണമെന്നും സോണിയ ഗാന്ധി പറഞ്ഞു

Sonia Gandhi criticizes Lock down asks Government for a common minimum relief package
Author
Delhi, First Published Apr 2, 2020, 1:05 PM IST

ദില്ലി: രാജ്യത്ത് കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ നടപ്പിലാക്കിയ രീതിയെ വിമർശിച്ച് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. രാജ്യത്ത് ബുദ്ധിമുട്ടിലായ സാധാരണക്കാരെ സഹായിക്കാൻ ഒരു കോമ്മൺ മിനിമം ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിക്കണമെന്നും സോണിയ ഗാന്ധി പറഞ്ഞു.

ലോക്ക് ഡൗൺ ആവശ്യമായ ഒന്നായിരിക്കാം. എന്നാൽ ഒട്ടും ആലോചിക്കാതെയാണ് അത് നടപ്പിലാക്കിയത്. അതുകൊണ്ട് തന്നെ രാജ്യത്തെ ലക്ഷക്കണക്കിന് വരുന്ന അതിഥി തൊഴിലാളികളെയും സാധാരണക്കാരെയും ഈ നടപടി വലച്ചു. രാജ്യത്തെ എല്ലാ കൊവിഡ് ചികിത്സാ കേന്ദ്രങ്ങളിലെയും കിടക്കകളുടെയും ചികിത്സയിൽ കഴിയുന്നവരുടെ കണക്കുകളും വൈദ്യ സഹായ ലഭ്യത സംബന്ധിച്ച കണക്കുകളും കേന്ദ്ര സർക്കാർ വെളിപ്പെടുത്തണം.

ആരോഗ്യ പ്രവർത്തകർക്ക് എല്ലാ പിന്തുണയും നൽകണമെന്ന് സോണിയ ഗാന്ധി പറഞ്ഞു. ലോക രാഷ്ട്രങ്ങളെയെല്ലാം കൊവിഡ് രോഗം ബാധിച്ചു. എന്നാൽ നമ്മുടെ നാട്ടിൽ മനുഷ്യത്വവും സാഹോദര്യവും വളർത്താൻ സാധിച്ചിട്ടുണ്ട്. മുന്നിലുള്ള പ്രതിസന്ധി വലുതാണ്. അതിനെ മറികടക്കാൻ ശക്തമായ രീതിയിൽ പ്രവർത്തിക്കണമെന്നും കോൺഗ്രസ് അധ്യക്ഷ ആവശ്യപ്പെട്ടു.

കൊവിഡിൽ സംസ്ഥാനങ്ങൾ പ്രത്യേകം മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.  മുൻ പ്രധാനമന്ത്രി മൻമോഹൻ സിങും വർക്കിങ് കമ്മിറ്റിയംഗങ്ങളെ അഭിസംബോധന ചെയ്തു. സൂം ആപ് ഉപയോഗിച്ചാണ് വർക്കിങ് കമ്മിറ്റി യോഗം നടത്തിയത്.

Follow Us:
Download App:
  • android
  • ios