Asianet News MalayalamAsianet News Malayalam

ഹൈദരാബാദ് വെടിവെപ്പ്: ജുഡീഷ്യൽ കമ്മീഷനെ വച്ച് സുപ്രീംകോടതി , തെലങ്കാന സര്‍ക്കാരിന് രൂക്ഷ വിമര്‍ശനം

  • പ്രതികൾ തോക്ക് തട്ടിയെടുക്കാൻ ശ്രമിച്ചെന്ന് സര്‍ക്കാര്‍ 
  • എവിടെ നിന്ന് തോക്ക് കിട്ടിയെന്ന് ചീഫ് ജസ്റ്റിസ് 
  • പൊലീസ് വീഴ്ചയിൽ അന്വേഷണം വേണമെന്ന് കോടതി 
  • തെലങ്കാന സര്‍ക്കാരിന് വിമര്‍ശനം 
supreme court declared judicial inquiry in hyderabad shooting
Author
Delhi, First Published Dec 12, 2019, 12:12 PM IST

ദില്ലി: ഹൈദരാബാദ് ഏറ്റുമുട്ടൽ കൊലപാതക കേസിൽ ജുഡീഷ്യൽ അന്വേഷണ കമ്മീഷനെ നിയോഗിച്ച് സുപ്രീം കോടതി. സുപ്രീം കോടതിയിൽ നിന്ന് വിരമിച്ച വി എസ് സിർപൂർക്കർ അധ്യക്ഷനായ മൂന്ന് അംഗ സമിതിയെയാണ് സുപ്രീം കോടതി നിയോഗിച്ചത്. സിബിഐ മുൻ ഡയറക്ടർ ഡി ആര്‍ കാര്‍ത്തികേയൻ, മുംബൈ ഹൈക്കോടതി മുൻ ജഡ്ജി രേഖ പ്രകാശ് ബാൽദോത്ത എന്നിവരാണ് സമിതിയിൽ ഉള്ളത് . മൂന്ന് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

സംഭവത്തിൽ രൂക്ഷ വിമര്‍ശനമാണ് തെലങ്കാന സര്‍ക്കാരിനെതിരെ സുപ്രീംകോടതിയിൽ നിന്ന് ഉണ്ടായത്. മുതിര്‍ന്ന അഭിഭാഷകൻ മുകുൾ റോത്തഗിയാണ് തെലങ്കാന സര്‍ക്കാരിന് വേണ്ടി സുപ്രീംകോടതിയിലെത്തിയത്. തോക്ക് തട്ടിയെടുത്ത് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് വെടിവക്കേണ്ടിവന്നതെന്ന് മുകുൾ റോത്തഗി വാദിച്ചു. പ്രതികൾക്ക് തോക്ക് കിട്ടിയത് എവിടെ നിന്നാണെന്നായിരുന്നു ചീഫ് ജസ്റ്റിസിന്‍റെ ചോദ്യം. പ്രതികൾ പൊലീസിന് നേരെ വെടിവച്ചപ്പോൾ ആർക്കെങ്കിലും പരിക്കേറ്റോ എന്ന് ചീഫ് ജസ്റ്റിസ‌ിന്‍റെ ചോദ്യത്തിന് രണ്ടുപേർക്ക് പരിക്കേറ്റെന്നായിരുന്നു തെലങ്കാന സർക്കാരിന്‍റെ മറുപടി. 

ഏറ്റുമുട്ടലിൽ പങ്കെടുത്ത പോലീസ് ഉദ്യോഗസ്ഥർക്ക് എതിരെ തെലങ്കാന സർക്കാർ നിയമപരമായ നടപടി എടുത്താൽ സുപ്രീം കോടതി ഇടപെടില്ല. അല്ലെങ്കിൽ ഇടപെടേണ്ടി വരും. ജനങ്ങൾക്ക് സത്യം അറിയേണ്ടതുണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. കുറ്റക്കാരല്ലാത്തവര്‍ക്കെതിരെ നടപടി എടുക്കാനാകില്ലെന്നായിരുന്നു സര്‍ക്കാര്‍ വാദം. പൊലീസ് വീഴ്ചചയെ കുറിച്ച് അന്വേഷണം കൂടിയെ തീരു എന്നും ഇത് വിശ്വാസ്യതയുടെ പ്രശ്നമാണെന്നും വിലയിരുത്തിയ കോടതി തെലങ്കാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവും ഉന്നയിച്ചു.

കൊല്ലപ്പെട്ടവര്‍ പ്രതികളാണെന്നതിന് തെളിവുണ്ടോ എന്ന ചോദ്യത്തിന് സിസിടിവി ദൃശ്യങ്ങളുണ്ടെന്ന മറുപടിയും സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. ഇതാണ് സ്ഥിതിയെങ്കിൽ വിചാരണകൾ അപഹാസ്യമാകുമെന്ന വിമര്‍ശനവും കോടതി ഉന്നയിച്ചു. 
സുപ്രീംകോടതി അന്വേഷണം പ്രഖ്യാപിക്കുകയാണെങ്കിൽ ഹൈക്കോടതിയും മനുഷ്യാവകാശ കമ്മിഷനും നടത്തുന്ന അന്വേഷണം നിർത്തിവെക്കണം എന്നും തെലങ്കാന സർക്കാർ ആവശ്യപ്പെട്ടു. 

വെറ്റിനറി ഡോക്ടറായ ദിശയെ കൂട്ടബലാൽസംഗത്തിന് ഇരയാക്കിയ ശേഷം തീകൊളുത്തി കൊന്ന കേസിലെ നാല് പ്രതികളെയാണ് തെലങ്കാന പൊലീസ് ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയത്. റിട്ട. സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷിക്കേണ്ട സംഭവമാണ് ഇതെന്ന് കഴിഞ്ഞ ദിവസം തന്നെ ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡേ അറിയിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios