Asianet News MalayalamAsianet News Malayalam

വധശിക്ഷ അനിശ്ചിതമായി നീട്ടുന്നത് ശരിയല്ലെന്ന് സുപ്രീംകോടതി

നിർഭയകേസിലെ പ്രതികളുടെ വധശിക്ഷ നീളുന്നത് ചർച്ചയാവുമ്പോഴാണ് കോടതിയുടെ ഈ നിരീക്ഷണം.

supreme court observation on death sentence
Author
delhi, First Published Jan 23, 2020, 8:33 PM IST

ദില്ലി: വധശിക്ഷ അനിശ്ചിതമായി നീട്ടുന്നത് ശരിയല്ലെന്നും വധശിക്ഷ നീട്ടാമെന്ന തോന്നൽ കുറ്റവാളികൾക്ക് നല്‍കുന്നത് ശരിയല്ലെന്നും സുപ്രീംകോടതി. വധ ശിക്ഷയ്‍ക്കെതിരെയുള്ള ഒരു ആപ്പീൽ പരിഗണിക്കവേയാണ് ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ അദ്ധ്യക്ഷനായ ബഞ്ച് ഈ പരാമർശം നടത്തിയത്. പത്തുമാസം പ്രായമായ കുട്ടി ഉൾപ്പടെ ഏഴുപേരെ കൊലപ്പെടുത്തിയ ശബ്നം, സലിം എന്നീ കുറ്റവാളികളുടെ അപ്പീലാണ് ബഞ്ച് പരിഗണിച്ചത്. നിർഭയകേസിലെ പ്രതികളുടെ വധശിക്ഷ നീളുന്നത് ചർച്ചയാവുമ്പോഴാണ് കോടതിയുടെ ഈ നിരീക്ഷണം.

അതേസമയം വധശിക്ഷയുടെ സമയക്രമത്തിൽ മാറ്റങ്ങൾ കൊണ്ട് വരണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സുപ്രീം കോടതിയിൽ ഹര്‍ജി നല്‍കി. കുറ്റവാളികളുടെ അവകാശങ്ങൾക്ക് പ്രാധാന്യം നൽകുന്ന സമീപനം മാറ്റണം എന്നാണ് ആവശ്യം. ദില്ലി കൂട്ടബലാത്സംഗക്കേസിന്‍റെ നിയമനടപടികളിൽ ഉണ്ടായ കാലതാമസത്തിന്‍റെ പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്‍റെ നീക്കം. ഇരയ്ക്ക് പ്രാധാന്യം നല്കുന്ന നിർദേശങ്ങൾ വേണം എന്നാണ് അഭ്യന്തര മന്ത്രാലയത്തിന്‍റെ ആവശ്യം. നിയമം ദുരുപയോഗം ചെയ്തു വധശിക്ഷയിൽ ഇളവ് നേടുന്നത് തടയണമെന്നാണ് ആഭ്യന്തര മന്ത്രാലയം സുപ്രീം കോടതിയിൽ നൽകിയിരിക്കുന്ന ഹർജിയിൽ പറയുന്നത്. 

മരണ വാറന്‍റ് വന്ന് 7 ദിവസത്തിനകം ദയാഹർജി നൽകണമെന്ന നിബന്ധന കൊണ്ട് വരണമെന്നും ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെടുന്നു. വധശിക്ഷ വിധിച്ച് കഴിഞ്ഞാൽ പുനപരിശോധന ഹർജിയും തിരുത്തൽ ഹർജിയും നൽകുന്നതിനും സമയപരിധി ഏർപ്പെടുത്തണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ  ദയാഹർജി നൽകാൻ ഉള്ള സമയം 15 ദിവസം ആണ്.

Follow Us:
Download App:
  • android
  • ios