Asianet News MalayalamAsianet News Malayalam

ഒമർ അബ്‌ദുള്ളയുടെ തടവ്: സഹോദരി സാറാ പൈലറ്റിന്റെ ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും

കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റിന്റെ ഭാര്യയും കോൺഗ്രസ് നേതാവുമാണ് സാറാ പൈലറ്റ്. സഹോദരന്റെ വിടുതൽ ആവശ്യപ്പെട്ട് ഇവർ സമർപ്പിച്ച ഹർജിയിൽ കേന്ദ്രസർക്കാരിനെ കുറ്റപ്പെടുത്തുന്നുണ്ട്

Supreme court will consider Sarah Pilot plea for Omar Abdulla on feb 12
Author
Supreme Court of India, First Published Feb 11, 2020, 7:22 PM IST

ദില്ലി: ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയെ വീട്ടു തടങ്കലില്‍ നിന്ന്  ഉടന്‍ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട്  സഹോദരി സാറാ അബ്ദുള്ള പൈലറ്റ് സമർപ്പിച്ച ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും. വീട്ടുതടങ്കല്‍ ഭരണഘടന അവകാശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹർജി അടിയന്തരമായി പരിഗണിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.

കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റിന്റെ ഭാര്യയും കോൺഗ്രസ് നേതാവുമാണ് സാറാ പൈലറ്റ്. സഹോദരന്റെ വിടുതൽ ആവശ്യപ്പെട്ട് ഇവർ സമർപ്പിച്ച ഹർജിയിൽ കേന്ദ്രസർക്കാരിനെ കുറ്റപ്പെടുത്തുന്നുണ്ട്. കേന്ദ്രസര്‍ക്കാരിന്‍റെ രാഷ്ട്രീയ പകപോക്കലാണ് അറസ്റ്റെന്നാണ് ഹർജിയിലെ ആരോപണം. മനുഷ്യാവകാശ ലംഘനമാണിതെന്നും വീട്ടു തടങ്കല്‍ അനധികൃതമാണെന്നും സാറാ അബ്ദുള്ള പൈലറ്റ് നല്‍കിയ  ഹര്‍ജിയില്‍ പറയുന്നു. 

കശ്മീര്‍ പുനസംഘടനക്ക് പിന്നാലെ കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിനാണ് ഒമര്‍ അബ്ദുള്ള അടക്കമുള്ള നേതാക്കളെ തടങ്കലിലാക്കിയത്. പ്രത്യേകിച്ച് ഒരു കാരണവും വ്യക്തമാക്കാതെയായിരുന്നു ഇവരെ തടങ്കലിൽ പാർപ്പിച്ചത്. ആറ് മാസം പിന്നിടുമ്പോഴാണ് ജമ്മു കശ്മീർ ഭരണകൂടം, പൊതു സുരക്ഷ നിയമം ചുമത്തി തടവ് നീട്ടുന്ന കാര്യം അറിയിക്കുന്നത്. 

കേന്ദ്രസര്‍ക്കാരിനെതിരെ ജനങ്ങളെ  കലാപത്തിന് പ്രേരിപ്പിക്കാന്‍ ഇപ്പോഴും ഒമര്‍ അബ്ദുള്ളക്ക് രാഷ്ട്രീയ ശേഷിയുണ്ടെന്നും അതിനാല്‍ തടങ്കല്‍ തുടരണമെന്നുമാണ് ജമ്മുകശ്മീര്‍ പോലീസിന്‍റെ റിപ്പോര്‍ട്ട്.   എന്നാല്‍ ഒമര്‍ അബ്ദുള്ള സമാധാനത്തിന്‌ ആഹ്വാനം നല്‍കിയ പ്രസ്താവനകളും , സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച സന്ദേശങ്ങളും സാറാ അബ്ദുള്ള ഹര്‍ജിയില്‍ ഉയര്‍ത്തിക്കാട്ടുന്നുണ്ട്. 

Follow Us:
Download App:
  • android
  • ios