ചെന്നൈ: കേരളത്തിലേക്കുള്ള പാസുകൾക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി തമിഴ്നാട്. കേരളത്തിന്‍റെ അനുമതി ഉള്ളവർക്കേ ഇനി തമിഴ്നാട് പാസ് അനുവദിക്കുകയുള്ളൂ. അതേസമയം കേരളത്തിന്‍റെ പാസ് ഇല്ലാത്തവരെ തമിഴ്നാടും അതിര്‍ത്തി കടത്തില്ല. ജില്ലാ അതിർത്തികളിൽ തന്നെ ഇവരെ തടയും. ജില്ലാ അതിർത്തികളിൽ തന്നെ പരിശോധിക്കണമെന്ന് കേരളം നേരത്തെ ആവശ്യപ്പെട്ടിരുന്നു. പാസ് പ്രകാരം നിശ്ചിത തിയതിയിലുള്ളവരെയേ കടത്തിവിടൂവെന്നും തമിഴ്നാട് വ്യക്തമാക്കി. പുതിയ നീക്കങ്ങളുടെ ഭാഗമായി  ജില്ലാ അതിർത്തികളിൽ തമിഴ്നാട് പൊലീസ് പരിശോധന ശക്തമാക്കി. 

അയല്‍സംസ്ഥാനങ്ങളില്‍ നിന്നെത്തി വാളയാര്‍ അതിര്‍ത്തിയിലെ കുടുങ്ങിക്കിടന്നത് വലിയ പ്രതിസന്ധിക്ക് ഇടയാക്കിയിരുന്നു. ഒടുവില്‍ ഹൈക്കോടതി നിർദേശപ്രകാരം പാസ് ഇല്ലാത്തവരെ സംസ്ഥാനത്തേക്ക് പ്രവേശിപ്പിച്ചു തുടങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസം മുതൽ അതിർത്തിയിൽ കുടുങ്ങിയ ഇരുന്നൂറിലേറെപ്പേര്‍ക്കാണ് യാത്രാനുമതി ലഭിച്ചത്. 

ഇവരില്‍ ഭൂരിഭാഗം പേരും തമിഴ്നാടിന്‍റെ പാസുമായി വന്നവരായിരുന്നു. തമിഴ്നാട് അനുവദിച്ച പാസിന്‍റെ കാലാവധി തീരുന്ന സഹാചര്യത്തിലാണ് കൂട്ടത്തോടെ ആളുകള്‍ അതിര്‍ത്തിയിലെത്തിയത്. എന്നാല്‍ ഇവര്‍ക്കാവട്ടെ കേരളത്തിന്‍റെ പാസ് ലഭിച്ചിരുന്നുമില്ല. കേരളത്തിന്‍റെ പാസ് ലഭിക്കാത്തവര്‍ക്ക് തമിഴ്നാട് പാസ് അനുവദിക്കരുതെന്ന് കേരളം അറിയിക്കുകയായിരുന്നു. പിന്നാലെയാണ് കേരളത്തിലേക്കും തിരിച്ചുമുള്ള യാത്രയുടെ കാര്യത്തില്‍ തമിഴ്നാട് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.