ഹൈദരാബാദ്: പ്രധാനമന്ത്രി പ്രഖ്യാപിച്ച ദേശീയ ലോക്ക് ഡൗൺ ഏപ്രിൽ 14-ന് അവസാനിച്ചാലും തെലങ്കാനയിൽ രണ്ടാഴ്ച കൂടി ലോക്ക് ഡൗൺ തുടർന്നേക്കുമെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖര റാവു. ദേശീയതലത്തിലെ ലോക്ക് ഡൗൺ നീട്ടണമെന്ന് താൻ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായും ചന്ദ്രശേഖര റാവു വ്യക്തമാക്കി. 

ലോക്ക്ഡൗണിൽ തകർന്നടിഞ്ഞ നമ്മുടെ സാമ്പത്തികരം​ഗം നമ്മുക്ക് പതിയെ തിരിച്ചു പിടിക്കാം. എന്നാൽ കൊവിഡ് ബാധിച്ച് നഷ്ടപ്പെടുന്ന ജീവനുകളെ തിരിച്ചു കിട്ടാൻ ഒരു മാർ​ഗവുമില്ല. രാജ്യത്തെ ആരോ​ഗ്യസംവിധാനങ്ങൾ കൊവിഡ് പോലൊരു മഹാമാരിയെ പ്രതിരോധിക്കാൻ പര്യാപ്തമല്ല. വൈറസിനെ പ്രതിരോധിക്കാൻ ലോക്ക് ഡൗൺ മാത്രമാണ് പ്രതിവിധി.  ഈ സാഹചര്യത്തിൽ ഏപ്രിൽ 14-ന് ശേഷവും ഏതാനും ആഴ്ചകൾ കൂടി ലോക്ക് ഡൗൺ നീട്ടുന്നതാണ് ഉചിതം - ചന്ദ്രശേഖര റാവു പറഞ്ഞു. 

അതേസമയം ഏപ്രിൽ 14-ന് ദേശീയ ലോക്ക് ഡൗൺ പിൻവലിച്ചാലും തെലങ്കാനയിൽ ഒന്നോ രണ്ടോ ആഴ്ച കൂടി ലോക്ക് ഡൗൺ തുടരുമെന്നും ചന്ദ്രശേഖരറാവു സൂചന നൽകി. ജൂൺ മൂന്ന് വരെ തെലങ്കാനയിൽ ലോക്ക് ഡൗൺ നീട്ടുമെന്ന് ചന്ദ്രശേഖര റാവു പറഞ്ഞതായി നേരത്തെ വാർത്തകളുണ്ടായിരുന്നുവെങ്കിലും അതു തെറ്റാണെന്ന് തെലങ്കാന മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ലോക്ക് ഡൗൺ നീക്കുന്നത് സംബന്ധിച്ച് പഠനം നടത്തിയ സമിതി ജൂൺ മൂന്ന് വരെ നിയന്ത്രണങ്ങൾ വയ്ക്കണമെന്ന് നിർദേശിച്ചുവെന്ന് റാവു പറഞ്ഞതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.