മുംബൈ: ലോകത്തെ ഏറ്റവും വലിയ ചേരികളിൽ ഒന്നായ മുംബൈയിലെ ധാരാവിയിൽ ഒരാൾക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 35 കാരനായ ഡോക്ടർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. ഇദ്ദേഹം താമസിക്കുന്ന കെട്ടിടം സീൽ ചെയ്തു. മൂന്നാമത്തെ ആൾക്കാണ് ധാരാവിയിൽ വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. നേരത്തെ, ഒരാൾ കൊവിഡ് ബാധിച്ച് മരിക്കുകയും മറ്റൊരാൾക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തതോടെ കടുത്ത ആശങ്കയിലാണ് ആരോഗ്യവകുപ്പ്. 

ഏഷ്യയിലെ ഏറ്റവും വലിയ ചേരിപ്രദേശത്ത് കൊവിഡ് രോഗം പടർന്നാൽ സ്ഥിതി അതീവ ഗുരുതരമാവും. ജനങ്ങൾ പൊലീസിനോട് സഹകരിക്കുന്നില്ലെന്ന് ധാരാവിയിലെ കൗൺസിലർ ജഗദീഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മുംബൈ സെൻട്രൽ, പരേൽ, ഖാഡ്കൂപ്പർ, വകോല എന്നിവടങ്ങളിലെ ചേരികളിൽ നേരത്തെ തന്നെ രോഗം സ്ഥിരീകരിച്ചിരുന്നെങ്കിലും ധാരാവിയിൽ രോഗം എത്താതിരിക്കാനുള്ള കരുതലിലായിരുന്നു ആരോഗ്യ വകുപ്പ്. രണ്ട് ചതുരശ്രകിലോമീറ്റർ സ്ഥലത്ത് താമസിക്കുന്നത് 10ലക്ഷത്തിലധികം പേരാണ്. ഇടങ്ങിയ ഗലികളിൽ രോഗവ്യാപനത്തിന് എല്ലാ സാധ്യതയുമുണ്ട്.

Also Read: കൊവിഡ് 19; ഭയത്തിന്‍ മുനയില്‍ ധാരാവി

കഴിഞ്ഞ ദിവസം മരിച്ച 51കാരന് മരണശേഷമാണ് രോഗം സ്ഥിരീകരിച്ചത്. അതിന് മുൻപ് മാർച്ച് 23ന് ഒരു ക്ലിനിക്കിൽ ചികിത്സ തേടി. 29നാണ് സയനിലെ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ പ്രവേശിപ്പിച്ചത്. ഇതിനിടെ ആരൊക്കെ ആയി ഇടപഴകിയെന്ന് നിശ്ചയമില്ല. ഇദ്ദേഹം താമസിക്കുന്നതടക്കം എട്ട് കെട്ടിടങ്ങൾ സീൽ ചെയ്തു. വർളി സ്വദേശിയായ ശുചീകരണ തൊഴിലാളിക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹം ദിവസങ്ങളായി ധാരാവിയിൽ ജോലി ചെയ്യുകയായിരുന്നു. ഇവിടെ നിന്നാവും രോഗം പകർന്നതെന്നാണ് പ്രാഥമിക നിഗമനം. ധാരാവിയിൽ ഒപ്പം ജോലി ചെയ്യുന്ന സഹപ്രവർത്തകരെ ഐസൊലേറ്റ് ചെയ്തിട്ടുണ്ട്.