Asianet News MalayalamAsianet News Malayalam

കൊവിഡ് രോ​ഗിക്കൊപ്പം ഒരേ മുറിക്കുള്ളിൽ കിടത്തി; മൂന്നു ദിവസം പ്രായമുള്ള കുഞ്ഞിനും അമ്മയ്ക്കും കൊവിഡ് 19!

ഭാര്യയ്ക്കും മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞിനും കൊവിഡ് 19 പോസിറ്റീവ് എന്ന് പരിശോധനയിൽ വ്യക്തമായി. എന്റെ കുടംബത്തിനൊപ്പം ഉണ്ടായിരുന്നത് കൊവിഡ് 19 രോ​ഗിയായിരുന്നു. 

three days old new born and mother covid 19 positive
Author
Mumbai, First Published Apr 2, 2020, 2:56 PM IST

മുംബൈ: കൊവിഡ് രോ​ഗിയെ കിടത്തിയിരുന്ന മുറിക്കുള്ളിൽ നവജാതശിശുവിനെയും അമ്മയെയും കിടത്തിയതിനെ തുടർന്ന് ഇരുവർക്കും കൊവിഡ് 19 ബാധ. മൂന്നു ദിവസം പ്രായമുള്ള കുഞ്ഞിനാണ് അധികൃതരുടെ അശ്രദ്ധ മൂലം മഹാമാരി പിടിപെട്ടത്. പ്രധാനമന്ത്രി മോദിയോടും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറേയോടും എന്റെ കുടുംബത്തെ രക്ഷിക്കണം എന്ന അഭ്യർത്ഥനയുമായി യുവാവ് വീഡിയോയിൽ എത്തിയിരുന്നു. കഴിഞ്ഞയാഴ്ചയാണ് മുംബൈ സ്വദേശിയായ വിക്കി സിം​ഗിന്റെ ഭാര്യയെ പ്രസവത്തിനായി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുഞ്ഞിന് ആരോ​ഗ്യപ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നും തങ്ങൾ പ്രൈവറ്റ് റൂമാണ് എടുത്തിരുന്നതെന്നും വിക്കി സിം​ഗ് വെളിപ്പെടുത്തുന്നു.

എന്നാൽ പിന്നീട് അതേ മുറിയിൽ മറ്റൊരു രോ​ഗിയെക്കൂടി അഡ്മിറ്റ് ചെയ്തു. കൊവിഡ് 19 രോ​ഗിയായിരുന്നു അതെന്ന് തന്നോട് ആശുപത്രി അധികൃതർ പറഞ്ഞില്ലെന്ന് വിക്കി സിം​ഗ് ആരോപിക്കുന്നു. ഭാര്യയ്ക്കും മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞിനും കൊവിഡ് 19 പോസിറ്റീവ് എന്ന് പരിശോധനയിൽ വ്യക്തമായി. എന്റെ കുടംബത്തിനൊപ്പം ഉണ്ടായിരുന്നത് കൊവിഡ് 19 രോ​ഗിയായിരുന്നു. ആശുപത്രി അധികൃതർ ഞങ്ങളോടത് പറഞ്ഞിരുന്നില്ല. വിക്കി സിം​ഗ് പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങളിൽ കണ്ണീരോടെ വെളിപ്പെടുത്തുന്നു. പിന്നീട് ബിഎംസിയുടെ നിർ​ദ്ദേശമുണ്ടെന്നും എത്രയും പെട്ടെന്ന് ആശുപത്രിയിൽ നിന്നും പുറത്തു പോകണമെന്നും അവർ ആവശ്യപ്പെട്ടു. പ്രസവം കഴിഞ്ഞ ഉടനെ ആയതിനാൽ യാത്ര ചെയ്യാനുള്ള ശാരീരിക അവസ്ഥയിലായിരുന്നില്ല ഭാര്യ.

പിന്നീട് ഡോക്ടർ വിളിച്ച് പറഞ്ഞു, നിങ്ങൾക്കൊപ്പം ഉണ്ടായിരുന്നത് കൊവിഡ് രോ​ഗിയായിരുന്നു എന്ന്. രോ​ഗം പകരുമെന്ന് ഭയമുള്ളതിനാൽ ആശുപത്രി ജീവനക്കാർ ഭാര്യയെയോ കുട്ടിയെയോ ശുശ്രൂഷിക്കാൻ തയ്യാറാകുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. നിർബന്ധപൂർവ്വം ആശുപത്രി അധികൃതർ തന്റെ കുടുംബത്തെ പുറത്താക്കിയെന്നും വിക്കി സിം​ഗ് വീഡിയോയിൽ പറയുന്നു. കസ്തൂർബ ആശുപത്രിയിലാണ് ഇപ്പോൾ ഈ കുടുംബമുള്ളത്. വിക്കി സിം​ഗും നിരീക്ഷണത്തിലാണ്. തന്റെ അവസ്ഥ മറ്റൊരാൾക്ക് സംഭവിക്കരുതെന്നും വിക്കി സിം​ഗ്  അഭ്യർത്ഥിക്കുന്നു. 

Follow Us:
Download App:
  • android
  • ios