Asianet News MalayalamAsianet News Malayalam

പൗരത്വബില്ലിൽ സ്തംഭിച്ച് വടക്കുകിഴക്ക്: ബന്ദിനിടെ കൈക്കുഞ്ഞ് മരിച്ചു, ത്രിപുരയിൽ ഇന്‍റർനെറ്റ് നിരോധനം

വിദ്യാർത്ഥിയൂണിയനുകൾ സംയുക്തമായി പ്രഖ്യാപിച്ച 11 മണിക്കൂർ ബന്ദിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ അക്ഷരാർത്ഥത്തിൽ സ്തംഭിച്ചു.

tripura blocks mobile data sms services amid citizenship bill agitation
Author
Dibrugarh, First Published Dec 11, 2019, 7:26 AM IST

ദില്ലി/ദിബ്രുഗഢ്: പൗരത്വബില്ലിനെതിരായ ശക്തമായ പ്രക്ഷോഭം തുടരുന്നതിനിടെ ത്രിപുരയിൽ മൊബൈൽ ഇന്‍റർനെറ്റ്, എസ്എംഎസ്സ് സേവനങ്ങൾ വിച്ഛേദിച്ച് ബിജെപിയുടെ ബിപ്ലബ് ദേബ് സർക്കാർ. 48 മണിക്കൂർ നേരത്തേക്കാണ് സേവനം നിരോധിച്ചിരിക്കുന്നത്. വിവാദമായ പൗരത്വ നിയമഭേദഗതി ബില്ലിനെതിരെ നടന്ന പ്രതിഷേധങ്ങൾ പലയിടത്തും അക്രമാസക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് നിരോധനം.

ചൊവ്വാഴ്ച വടക്കുകിഴക്കൻ വിദ്യാർത്ഥി സംഘടനകളെല്ലാം സംയുക്തമായി പ്രഖ്യാപിച്ച 11 മണിക്കൂർ ബന്ദിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളെല്ലാം അക്ഷരാർത്ഥത്തിൽ സ്തംഭിച്ചിരുന്നു. വടക്കുകിഴക്കിന്‍റെ പാരമ്പര്യം തന്നെ കവർന്നെടുക്കുന്നതാണ് ബില്ലെന്ന് ആരോപിച്ചായിരുന്നു ബന്ദ്. നോർത്ത് ഈസ്റ്റ് സ്റ്റുഡന്‍റ്സ് ഓർഗനൈസേഷൻ (NESO) എന്ന വിദ്യാർത്ഥിസംഘടനയാണ് പ്രതിഷേധത്തിന്‍റെ തലപ്പത്ത്. 

ത്രിപുര

കേന്ദ്രസർക്കാരിനെതിരെയായിരുന്നു സംസ്ഥാന തലസ്ഥാനമായ അഗർത്തലയിലടക്കം നടന്ന പ്രതിഷേധപ്രകടനങ്ങളെല്ലാം. ത്രിപുരയെ ബില്ലിൽ നിന്ന് ഒഴിവാക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ''ചില രാജ്യവിരുദ്ധ ശക്തികൾ സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തി സമൂഹത്തിൽ അക്രമം അഴിച്ചുവിടാൻ ശ്രമിക്കുന്നുവെന്ന് ശ്രദ്ധയിൽപ്പെട്ടു. ഇതിനാലാണ് എസ്എംഎസ്സ്, മൊബൈൽ ഡാറ്റ സേവനങ്ങൾ നിരോധിച്ചത്'', എന്ന് പൊലീസ് വ്യക്തമാക്കി.

എന്നാൽ ബന്ദിനിടെ, ചികിത്സ കിട്ടാതെ രണ്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചതായുള്ള റിപ്പോർട്ടും പുറത്തുവരുന്നുണ്ട്. സെപാഹിജാലാ എന്ന ജില്ലയിലെ ബിശ്രംഗഞ്ജിലാണ് സംഭവം. ആംബുലൻസ് വിളിച്ചിട്ടും കിട്ടാതെ ഒരു സ്വകാര്യ വാഹനത്തിൽ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെ വാഹനഗതാഗതം തടഞ്ഞതോടെ ഏറെ നേരം മുന്നോട്ട് പോകാൻ കഴിയാതെയായി. ഇതിനിടെയാണ് കുഞ്ഞ് മരിച്ചത്. 

ത്രിപുരയിലെ ധലൈ ജില്ലയിൽ ഗോത്രവർഗക്കാരുടേതല്ലാത്ത ഒരു ചന്ത തന്നെ പ്രതിഷേധക്കാർ തീയിട്ട് നശിപ്പിച്ചിരുന്നു. മനുഘട്ട് എന്ന ഈ ചന്ത പൂർണമായും കത്തി നശിച്ചെങ്കിലും ആളപായമില്ല.

അസം

ഗുവാഹത്തിയടക്കം, അസമിന്‍റെ വിവിധഭാഗങ്ങളിൽ ജനജീവിതം പൂർണമായും സ്തംഭിച്ച നിലയാണ്. തലസ്ഥാനമായ ദിസ്പൂരിൽ റോഡുകളിൽ പലതിലും പ്രതിഷേധക്കാർ ടയറുകൾ കൂട്ടിയിട്ട് കത്തിച്ചത് കാണാമായിരുന്നു. പ്രതിഷേധക്കാർ റെയിൽവേ ട്രാക്കിൽ കുത്തിയിരുന്നതിനാൽ അസമിലേക്കുള്ള ചില തീവണ്ടികൾ റദ്ദാക്കിയിട്ടുണ്ട്. 

ഗുവാഹത്തി വിമാനത്താവളത്തിൽ നിരവധിപ്പേരാണ് കുടുങ്ങിയത്. പലർക്കും വിമാനത്താവളത്തിലേക്ക് എത്താൻ കഴിഞ്ഞില്ല. അസമിലെ പല പ്രധാനമേഖലകളിലും വ്യാപാരസ്ഥാപനങ്ങളും പൊതുസ്ഥലങ്ങളും പൂർണമായും അടഞ്ഞുകിടക്കുന്ന നിലയിലാണ്. 

Read more at: അസം ബിജെപി സംസ്ഥാന അധ്യക്ഷന്‍റെ വാഹനവ്യൂഹം ആക്രമിക്കപ്പെട്ടു

സോനിത്പൂർ, ലഖിംപൂർ, തിൻസുകിയ എന്നീ ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ബന്ദ് കാരണം മുടങ്ങിയ ഗുവാഹത്തി സർവകലാശാലയിലെയും ദിബ്രുഗഢ് സർവകലാശാലയിലെയും പരീക്ഷകൾ ഇനിയെന്ന് നടത്തുമെന്ന് അറിയില്ല. 

ദിസ്പൂരിൽ സെക്രട്ടേറിയറ്റിലേക്കും നിയമസഭാ മന്ദിരത്തിലേക്കും വൻ റാലിയായി എത്തിയ പ്രതിഷേധക്കാർ സുരക്ഷാസേനയുമായി ഏറ്റുമുട്ടി. പുറത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും മുഖ്യമന്ത്രി സർബാനന്ദ് സോനോവാളിന്‍റെയും കോലങ്ങൾ പ്രതിഷേധക്കാർ കത്തിച്ചു. ദിബ്രുഗഢിൽ സിഐഎസ്എഫ് ജവാൻമാരുമായി വൻ സംഘർഷമുണ്ടായി. ദുലിയാജാനിൽ നടന്ന സംഘർഷത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു.

മുൻ അസം മുഖ്യമന്ത്രി തരുൺ ഗൊഗോയ് ബില്ലിനെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തി. ഇത് അപകടകരമാണെന്നും, ബംഗ്ലാദേശിൽ നിന്ന് ആളുകൾ അസമിലേക്ക് ഒഴുകാനാണ് വഴിവയ്ക്കുകയെന്നും തരുൺ ഗൊഗോയ് ചൂണ്ടിക്കാട്ടി. 

അരുണാചൽ പ്രദേശ്

ഓൾ അരുണാചൽ പ്രദേശ് സ്റ്റുഡന്‍റ്സ് യൂണിയൻ (AAPSU) എന്ന സംഘടന നേതൃത്വം നൽകുന്ന പ്രതിഷേധങ്ങളിൽ അരുണാചലും സ്തംഭിച്ച അവസ്ഥയിലാണ്. വിദ്യാഭ്യാസസ്ഥാപനങ്ങളും ബാങ്കുകളും മറ്റ് എല്ലാ വ്യാപാരസ്ഥാപനങ്ങളും അടഞ്ഞുകിടക്കുന്നു. ബസ്സുകൾ ഓടുന്നില്ല. സ്വകാര്യ വാഹനങ്ങളും തീരെക്കുറവാണ്. സർക്കാർ ഓഫീസുകളിൽ ഹാജർനിലയും തീരെ കുറവാണ്.

മണിപ്പൂർ

മണിപ്പൂരിൽ ഓൾ മണിപ്പൂർ സ്റ്റുഡന്‍റ്സ് യൂണിയൻ (AMSU) ആണ് പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുന്നത്. ബില്ല് അടിയന്തരമായി പിൻവലിച്ചില്ലെങ്കിൽ വൻ പ്രക്ഷോഭങ്ങളാകും സംസ്ഥാനത്തുണ്ടാകുക എന്ന് ഇവർ മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്.

മേഘാലയ

തലസ്ഥാനമായ ഷില്ലോങിൽ വ്യാപകമായി റോഡുകളിൽ ടയറുകൾ കൂട്ടിയിട്ട് കത്തിച്ചു പ്രതിഷേധക്കാർ. പൊലീസ് ജീപ്പ് തീ വച്ചു. കിഴക്കൻ ഖാസി ഹിൽസ് പ്രവിശ്യയിൽ വൻ അക്രമമാണ് അരങ്ങേറിയത്. സംഘർഷസ്ഥിതി കണക്കിലെടുത്ത് സ്ഥലത്തേക്ക് കൂടുതൽ പൊലീസ്, സിആർപിഎഫ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios