Asianet News MalayalamAsianet News Malayalam

ട്രംപിന് ഔദ്യോഗിക വരവേൽപ് നൽകാനൊരുങ്ങി ദില്ലി; രാഷ്ട്രപതി ഭവനിൽ അത്താഴ വിരുന്ന്, 5 കരാറുകളില്‍ ഒപ്പുവയ്ക്കും

വൈകീട്ട് നടക്കുന്ന അത്താഴ വിരുന്ന് കോണ്‍ഗ്രസ് ബഹിഷ്കരിക്കും. അതേസമയം മൂന്ന് ബില്ല്യണ്‍ ഡോളറിന്‍റെ പ്രതിരോധ ഇടപാട് ഉൾപ്പടെ അഞ്ച് കരാറുകളിലാണ് ഇന്ന് ഇരുരാജ്യങ്ങളും ഒപ്പുവെക്കുക.

US President Donald Trump  Ceremonial reception at Rashtrapati Bhavan
Author
Delhi, First Published Feb 25, 2020, 6:45 AM IST

ദില്ലി: അമേരിക്കന്‍ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് ഔദ്യോഗിക വരവേൽപ് നൽകാനൊരുങ്ങി ദില്ലി. ഡോണൾഡ് ട്രംപിന് രാവിലെ 10 മണിക്ക് രാഷ്ട്രപതി ഭവനിൽ രാജ്യം ഔദ്യോഗിക വരവേല്പ് നൽകും. വൈകീട്ട് നടക്കുന്ന അത്താഴ വിരുന്ന് കോണ്‍ഗ്രസ് ബഹിഷ്കരിക്കും. അതേസമയം മൂന്ന് ബില്ല്യണ്‍ ഡോളറിന്‍റെ പ്രതിരോധ ഇടപാട് ഉൾപ്പടെ അഞ്ച് കരാറുകളിലാണ് ഇന്ന് ഇരുരാജ്യങ്ങളും ഒപ്പുവെക്കുക.

രാവിലെ 9.45ന് മൗര്യ ഷെറാട്ടണ‍ ഹോട്ടലിൽ നിന്ന് പ്രസിഡന്‍റ് ട്രംപും പ്രഥമ വനിത മെലാനിയ ട്രംപും രാഷ്ട്രപതി ഭവനിലേക്ക് പുറപ്പെടും. രാഷ്ട്രപതി ഭവനിൽ ഔദ്യോഗിക സ്വീകരണത്തിന് പത്തര മണിക്ക് ഇരുവരും രാജ്ഘട്ടിലെ ഗാന്ധി സ്മൃതിയിൽ എത്തും. രാജ്ഘട്ടിലെ പുഷ്പാര്‍ച്ചനയ്ക്ക് ശേഷം ട്രംപ് മോദിയുമായുള്ള ചര്‍ച്ചക്കായി ഹൈദരാബാദ് ഹൗസിലേക്ക് എത്തും. 12.40ന് ഇരുരാജ്യങ്ങളും അഞ്ച് കരാറുകളിൽ ഒപ്പുവെക്കും. 

ഉച്ചക്ക് ശേഷം രണ്ടുമണിക്ക് മോദി-ട്രംപ് സംയുക്ത വാര്‍ത്ത സമ്മേളനം നടക്കും. വൈകീട്ട് ഏഴ് മണിക്ക് ട്രംപിന് രാഷ്ട്രപതി ഭവനിൽ അത്താഴ വിരുന്ന് നല്‍കും. ഈ പരിപാടിയില്‍ നിന്ന് സോണിയാഗാന്ധിയെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് വിരുന്ന് കോണ്‍ഗ്രസ് ബഹിഷ്കരിക്കും. അധിര്‍ രഞ്ജൻ ചൗധരിക്കും ഗുലാംനബി ആസാദിനും പിന്നാലെ മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻസിംഗും വിരുന്നിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചു. അത്താഴ വിരുന്നിന് ശേഷം രാത്രി 10 മണിക്ക് ട്രംപും സംഘവും മടങ്ങും. 

സമാനതകളില്ലാത്ത ഒരുക്കങ്ങളും സുരക്ഷയും തന്നെയാണ് ദില്ലിയിൽ. രാഷ്ട്രപതി ഭവനും ഹൈദരാബാദ് ഹൗസുമൊക്കെ പൂക്കൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. സുരക്ഷ ഉറപ്പുവരുത്താൻ ദേശീയ സുരക്ഷാ ഗാര്‍ഡുകളും വിവിധ സൈന്യ വിഭാഗങ്ങളും ഉണ്ട്. അമേരിക്കൻ സീക്രട് ഏജന്‍റുമാരും ദില്ലിയിലുണ്ട്. പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധങ്ങൾ തുടരുന്ന സാഹചര്യത്തിൽ ന്യൂദില്ലി മേഖലയിലെ മെട്രോ സ്റ്റേഷനുകൾ അടച്ചിരിക്കുകയാണ്.

Follow Us:
Download App:
  • android
  • ios