Asianet News MalayalamAsianet News Malayalam

അര്‍ധരാത്രിയിലും ദില്ലിയില്‍ കലാപം തുടരുന്നു, അജിത്ത് ഡോവല്‍ സംഘര്‍ഷമേഖലയില്‍ എത്തി

അര്‍ധരാത്രിയോടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍ നേരിട്ട് സംഘര്‍ഷ മേഖലയില്‍ എത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. 

violence continues in midnight at delhi
Author
Delhi, First Published Feb 26, 2020, 12:32 AM IST

ദില്ലി: മേഖലയിലാകെ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും കൂടുതല്‍ സ്ഥലങ്ങളില്‍ കേന്ദ്രസേനയെ ഇറക്കിയിട്ടും ദില്ലിയില്‍ കലാപം കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നു. നിലവില്‍ രൂക്ഷമായ സംഘര്‍ഷം നടക്കുന്ന മുസ്‍തഫാബാദില്‍ ആണ് ഏറ്റവും ഒടുവില്‍ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവിടെ വ്യാപക അക്രമം നടന്നതായാണ് വിവരം. സംഘര്‍ഷത്തില്‍ ഒരാള്‍ മരിക്കുകയും ഇരുപതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രണ്ട് പള്ളികള്‍ അക്രമികള്‍ കത്തിച്ചതായും വിവരം പുറത്തു വരുന്നുണ്ട്. 

അര്‍ധരാത്രിയോടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍ നേരിട്ട് സംഘര്‍ഷ മേഖലയിലിറങ്ങി. സീമാപൂരില്‍ എത്തിയ അജിത്ത് ഡോവല്‍ സ്ഥിതിഗതികള്‍ വിലയിരുത്തുകയും ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ജഫ്രാബാദിലേക്കും മൗജ്പൂരിലേക്കുമുള്ള റോഡുകള്‍ പൊലീസ് ഇപ്പോള്‍ തുറന്നു കൊടുത്തിട്ടുണ്ട്. 

കലാപം തുടരുന്നതിനിടെ കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷാ 24 മണിക്കൂറിനിടെ മൂന്നാം തവണയും ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. പുതുതായി നിയമിക്കപ്പെട്ട ദില്ലി സ്പെഷ്യല്‍ കമ്മീഷണര്‍ എസ്.എന്‍ ശ്രീവാസ്‍തവയും ദില്ലി പൊലീസിലേയും കേന്ദ്ര അഭ്യന്തരമന്ത്രാലയത്തിലേയും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. യോഗം മൂന്ന് മണിക്കൂറോളം നീണ്ടു.

ജഫ്രാബാദ്, കര്‍വാള്‍ നഗര്‍, ഗോകുല്‍പുരി, ഭജന്‍പുര ചൗക്ക്, മൗജ്‍പുര്‍ എന്നീ പ്രദേശങ്ങളില്‍ ഇപ്പോഴും കലാപ അന്തരീക്ഷം തുടരുകയാണ്. ഇവിടൊയൊക്കെ റോഡുകളില്‍ അക്രമികള്‍ കൂട്ടമായി ചുറ്റിതിരിയുന്നു. വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തി ആളുകളുടെ പേര് ചോദിച്ചറിഞ്ഞ് വര്‍ഗ്ഗീയമായി ചേരി തിരിഞ്ഞ് അക്രമിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. കൂടുതല്‍ അര്‍ധ സൈനികരേയും ദില്ലി പൊലീസിനേയും രംഗത്തിറക്കിയിട്ടും കലാപത്തിന് ശമനമില്ല. 

Follow Us:
Download App:
  • android
  • ios