റാംപൂര്‍ : ഉത്തര്‍പ്രദേശില്‍ ലോക്ക് ഡൌണില്‍ കുടുങ്ങിയ ആളുകള്‍ക്ക് വേണ്ടി ക്രമീകരിച്ച ഹെല്‍പ് ലൈനിലേക്ക് സമോസ വേണമെന്ന് ആവശ്യവുമായി വിളിച്ചയാള്‍ക്ക് പണി കൊടുത്ത് യുപി സര്‍ക്കാര്‍. നിരവധി തവണ അനാവശ്യമായി ഹെല്‍പ് ലൈനില്‍ വിളിച്ച് ഓരോ ആവശ്യങ്ങള്‍ ഉയര്‍ത്തിയ യുവാവിനെക്കൊണ്ട് അഴുക്ക് ചാല്‍ വൃത്തിയാക്കിപ്പിച്ച് അധികൃതര്‍. റാം പൂര്‍ ജില്ലാ മജിസ്ട്രേറ്റാണ് കര്‍ശന നടപടി സ്വീകരിച്ചത്. 

നിരവധി തവണ ഹെല്‍പ് ലൈനില്‍ വിളിച്ച് ഇയാള്‍ സമോസ ആവശ്യപ്പെട്ടിരുന്നു. തുടക്കത്തില്‍ ഹെല്‍പ് ലൈന്‍ ക്രമീകരിച്ചത് ഇതിനല്ലെന്ന് വിശദമാക്കിയിട്ടും യുവാവ് അനാവശ്യമായി ശല്യപ്പെടുത്തുന്നത് തുടര്‍ന്നതോടെയാണ് കര്‍ശന നടപടിയെടുക്കാന്‍ ജില്ലാ മജിസ്ട്രേറ്റ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്. ഇയാളെക്കൊണ്ട് അഴുക്ക് ചാല്‍ വൃത്തിയാക്കിയ ശേഷം ആവശ്യപ്പെട്ട സമോസയും നല്‍കിയാണ് അധികൃതര്‍ മടങ്ങിയത്. 

കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങളും മറ്റ് അസുഖമുള്ളവര്‍ക്കും അത്യാവശ്യ സഹായം ലഭ്യമാക്കുകയെന്ന പ്രാഥമിക ലക്ഷ്യത്തോടെയായിരുന്നു ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ഹെല്‍പ് ലൈന്‍ നമ്പറുകള്‍ സജ്ജമാക്കിയത്. ഹെല്‍പ് ലൈനില്‍ അനാവശ്യമായി വിളിച്ച് ശല്യപ്പെടുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് ജില്ലാ മജിസ്ട്രേറ്റ് വ്യക്തമാക്കി.