Asianet News MalayalamAsianet News Malayalam

റിബലായ 'ജോസഫ് വിജയ്', ഐടി റെയ്‍ഡും തമിഴകത്ത് പുകയുന്ന കാവിരാഷ്ട്രീയവും

ചന്ദ്രശേഖർ ജോസഫ് വിജയ്, എന്നതാണ് വിജയിന്‍റെ യഥാർത്ഥ പേര് എന്നത് ഒരു രഹസ്യമായിരുന്നോ? തീർച്ചയായും അല്ല എന്നതാണുത്തരം. തമിഴ്‍നാട്ടിൽ എല്ലാവർക്കും അതറിയാമായിരുന്നു. എന്നിട്ടും അത് കത്തിയതെങ്ങനെ?

who is joseph vijay the actor always been anti bjp an analysis in light of income tax raids
Author
Chennai, First Published Feb 5, 2020, 6:23 PM IST

ചെന്നൈ: ആ മാസ് സിനിമയുടെ അഞ്ച് മിനിറ്റായിരുന്നു പ്രശ്നം. ജിഎസ്‍ടിയെക്കുറിച്ച് ഡോ. വെട്രിമാരൻ എന്ന വിജയിന്‍റെ കഥാപാത്രം നിർത്താതെ സംസാരിക്കുന്ന ആ രണ്ടര മിനിറ്റാണ് ഒന്ന്. രണ്ട് ക്ഷേത്രങ്ങളെക്കുറിച്ച്, വെട്രിമാരന്‍റെ  അപ്പൂപ്പൻ (വിജയിന്‍റെ തന്നെ ഡബിൾ റോൾ) സംസാരിക്കുന്നതും. 'മെർസൽ' എന്ന ബ്ലോക്ക് ബസ്റ്റർ സിനിമയിലെ ഈ അഞ്ച് മിനിറ്റിന്‍റെ പേരിൽ തമിഴ്‍നാട്ടിൽ ബിജെപി ഉയർത്തിയത് വൻ പ്രതിഷേധമാണ്. ആ എതിർപ്പിനോട് തമിഴകം പ്രതികരിച്ചതോ, അതിലും രൂക്ഷമായ ഭാഷയിലും. 

ആദ്യം പറഞ്ഞ രണ്ടരമിനിറ്റിലും വിജയ് തന്‍റെ സ്ഥിരം 'സ്റ്റൈലി'ൽ പറയുന്നത്, കേന്ദ്രസർക്കാരിന്‍റെ ജിഎസ്‍ടി എന്ന ചരക്ക് സേവനനികുതി എങ്ങനെ ജനങ്ങളെ പിഴിയുന്നു എന്നാണ്. സിംഗപ്പൂരിൽ വൈദ്യശാസ്ത്ര ഉപകരണങ്ങൾക്കും മരുന്നുകൾക്കും വെറും ഏഴ് ശതമാനമാണ് ജിഎസ്‍ടിയെന്നും, പൊതുജനങ്ങൾക്ക് ചികിത്സ സൗജന്യമാണെന്നും ഡോ. വെട്രിമാരൻ തുറന്നടിക്കുന്നു. നമ്മുടെ നാട്ടിലോ, ജിഎസ്‍ടി 28 ശതമാനം. കോർപ്പറേറ്റ് ആശുപത്രികൾ സാധാരണക്കാരായ രോഗികളെ പിഴിയുന്നു. ഇത് ചൂഷണമല്ലാതെ മറ്റെന്താണ്? വിജയ് ചോദിക്കുന്നു. 

''നിങ്ങളുടെ കുട്ടികൾക്ക് ചികിത്സ കിട്ടുന്നില്ലെങ്കിൽ, വൃദ്ധർക്ക് വൈദ്യസഹായം കിട്ടുന്നില്ലെങ്കിൽ അതിന് വേണ്ടതെന്തെന്നാണ് ആദ്യം ആലോചിക്കേണ്ടത്. ആദ്യം അമ്പലങ്ങൾ പണിയാനല്ല, ആശുപത്രികൾ പണിയാനാണ് പണം ചെലവാക്കേണ്ടത്'', എന്ന് സിനിമയിലെ നായകനായ വെട്രിമാരന്‍റെ അപ്പൂപ്പൻ വെട്രി പറയുന്നു. മധുരയിലെ ഒരു നാട്ടുപ്രമാണിയായ വെട്രിയായി വേഷമിട്ടതും വിജയ് തന്നെയായിരുന്നു. 

തീർന്നു. 2017-ലെ ദീപാവലി റിലീസായിരുന്നു മെർസൽ. വിജയ് സിനിമകളുടെ റിലീസ് തന്നെ തമിഴ്‍നാട്ടിൽ വലിയ ആഘോഷമാണ്. ജിഎസ്‍ടി ഏർപ്പെടുത്തിയ ശേഷമുള്ള ആദ്യ മേജർ റിലീസ് കാലമാണ്. നടികർ സംഘത്തിന്‍റെ നേതൃത്വത്തിൽ വലിയ ജിഎസ്‍ടി വിരുദ്ധ സമരവും തിയറ്റർ പണിമുടക്കും ഒക്കെ കഴിഞ്ഞു കിട്ടിയ കാലം. ഇവിടെ ജിഎസ്‍ടി വിരുദ്ധ പരാമർശങ്ങളും ക്ഷേത്രങ്ങൾക്കെതിരായ പരാമർശങ്ങളുമായി ഒരു സിനിമ വരികയോ? 

തമിഴ്‍നാട്ടിൽ പൊതുവേ വേരുകളില്ലാത്ത ബിജെപി ഒരു അവസരം പാർത്തിരിക്കുകയായിരുന്നു. ജയലളിതയുടെ മരണശേഷമുള്ള രാഷ്ട്രീയശൂന്യത എങ്ങനെ മുതലെടുക്കാമെന്ന് വിശദമായി പഠിച്ച് അറിയിക്കണമെന്ന് തമിഴ്‍നാട് ബിജെപി നേതൃത്വത്തോട് അമിത് ഷാ ആവശ്യപ്പെട്ട കാലമാണ്. 

ഒട്ടും വൈകാതെ, ബിജെപി ദേശീയ ജനറൽ സെക്രട്ടറിമാരിൽ ഒരാളായ എച്ച് രാജ ആദ്യവെടി പൊട്ടിച്ചു. 'വിജയ് ഇങ്ങനെ പറയുന്നതിൽ അദ്ഭുതമില്ല. കാരണം വിജയ് ഒരു ക്രിസ്ത്യാനിയാണ്!' എന്നായിരുന്നു രാജയുടെ പ്രസ്താവന. അതിന് 'തെളിവ്' എന്ന പേരിൽ എച്ച് രാജ വിജയിന്‍റെ ഒരു വോട്ടർ ഐഡി കാർഡും ട്വീറ്റ് ചെയ്തു.

''സത്യം എപ്പോഴും കയ്പേറിയതാണ്. വിജയ് ഇപ്പോഴും ക്രിസ്ത്യാനിയാണ്. പേര് നോക്കൂ, ജോസഫ് വിജയ്. പള്ളി പണിയുന്നതിന് പകരം ആശുപത്രി പണിയണമെന്നോ പള്ളിക്കൂടം പണിയണമെന്നോ വിജയ്ക്ക് പറയാമായിരുന്നല്ലോ. അതിന് പകരം അമ്പലങ്ങൾ പണിയുന്നതിന് മുമ്പ് ആശുപത്രി പണിയണമെന്നാണ് സ്വന്തം സിനിമയിൽ പറഞ്ഞത്. ഇത് ഹിന്ദുവികാരം വ്രണപ്പെടുത്താനാണ്'', എന്ന് എച്ച് രാജ ട്വീറ്റിലെഴുതി.

തമിഴ്‍നാട് ഇളകി. അന്നുവരെ ഇളയ ദളപതിയെന്നോ ദളപതിയെന്നോ സ്നേഹത്തോടെയാണ് തമിഴ്‍നാട്ടുകാർ വിജയിനെ വിളിച്ചു വന്നിരുന്നത്. പെട്ടെന്ന് ജോസഫ് വിജയ് എന്ന പേര് കുത്തിയിളക്കി കൊണ്ടുവന്നതിൽ തമിഴ്‍നാട് പ്രതികരിച്ചത് രോഷത്തോടെയാണ്. 

ചന്ദ്രശേഖർ ജോസഫ് വിജയ്, എന്നതാണ് വിജയിന്‍റെ യഥാർത്ഥ പേര് എന്നത് ഒരു രഹസ്യമായിരുന്നോ? തീർച്ചയായും അല്ല എന്നതാണുത്തരം. തമിഴ്‍നാട്ടിൽ എല്ലാ ആരാധകർക്കും അതറിയാമായിരുന്നു. കെന്നഡി ജോൺ വിക്ടർ എന്ന നടൻ ഇന്ന് അറിയപ്പെടുന്നത് വിക്രം എന്ന പേരിലാണ് എന്നതും എല്ലാവർക്കും അറിയാവുന്നതാണ്. മതത്തിലെന്തിരിക്കുന്നു? തമിഴകം രോഷത്തോടെ ചോദിച്ചു.

അതിനിടെ, എച്ച് രാജ സ്വന്തം കുഴി കുഴിച്ചു. മെർസലിൽ ഹിന്ദുവിരുദ്ധ പരാമർശങ്ങളുണ്ടെന്ന് താൻ ഓൺലൈനിൽ കണ്ടെന്ന് ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ അറിയാതെ പറഞ്ഞു പോയി. തീയറ്ററിൽ ഇറങ്ങി രണ്ട് ദിവസം തികയാത്ത സിനിമ ഏത് ഓൺലൈനിലാണ് കിട്ടിയത്? നിർമാതാക്കളുടെ സംഘടനയുടെ പ്രസിഡന്‍റായിരുന്ന നടൻ വിശാൽ എച്ച് രാജയോട് ചോദിച്ചു. പകർപ്പവകാശം ലംഘിച്ചതിന് കേസും കൊടുത്തു. അദ്ഭുതകരമെന്ന് പറയട്ടെ, രണ്ടാംദിനം വിശാലിന്‍റെ വീട്ടിൽ ആദായനികുതി വകുപ്പുദ്യോഗസ്ഥരെത്തി. റെയ്‍ഡിന്. ടിഡിഎസ് ചട്ടങ്ങൾ ലംഘിച്ചെന്നതായിരുന്നു കേസ്. ടാക്സ് ഡിഡക്ടഡ് അറ്റ് സോഴ്സ് എന്ന ഈ ചെറിയ ചട്ടലംഘനത്തിന് സാധാരണ ആദായനികുതി വകുപ്പ് വെറുതേ നോട്ടീസയക്കുകയാണ് പതിവ്. ചാർട്ടേഡ് അക്കൗണ്ടന്‍റുമാരെ വച്ച് കണക്ക് ശരിയാക്കിക്കൊടുത്താൽ റെക്കോഡ് ക്ലീനാവുകയും ചെയ്യും. അതിന് പകരമാണ് ഇവിടെ റെയ്‍ഡ് നടത്തിയതെന്ന് വലിയ ആരോപണമായി. ഇത് ഭീഷണിപ്പെടുത്താനുള്ള ശ്രമമാണെന്ന് പരാതികളുയർന്നു. 

ഇതിനിടെ വിജയിന്‍റെ ഓഫീസിലും ആദായനികുതി വകുപ്പ് ഒരു പരിശോധന നടത്തി. എന്നാൽ കണക്കുകളൊക്കെ കൃത്യമായിരുന്നു. ഒന്നും കിട്ടാതെ ഐടി വകുപ്പ് മടങ്ങി. ഇതിനെല്ലാമിടയിൽ 'മെർസൽ' സൂപ്പർ ബ്ലോക്ക് ബസ്റ്റർ ഹിറ്റായി എന്നത് വേറെക്കാര്യം.

വിജയ് എന്ന സൂപ്പർ താരം എപ്പോഴും സ്വന്തം സിനിമകളിൽ 'രക്ഷകനാണെ'ങ്കിലും റിയൽ ലൈഫിൽ പൊതുവേദികളിൽ പൊതുവേ നിശ്ശബ്ദനാണ്. വളരെ അന്തർമുഖനായ വിജയ് മാധ്യമങ്ങൾക്ക് അഭിമുഖം നൽകിയിട്ട് തന്നെ വർഷങ്ങളായി. തമിഴ‍് നാട്ടിലെ നീറ്റ് വിരുദ്ധ സമരത്തിന്‍റെ മുന്നണിപ്പോരാളിയായിരുന്ന അനിത എന്ന ദളിത് പെൺകുട്ടി ആത്മഹത്യ ചെയ്തപ്പോൾ വിജയ് ആ വീട്ടിൽ പോയി. മാധ്യമങ്ങളാരും അറിഞ്ഞില്ല. അവിടെയിരുന്ന് വളരെ ചുരുക്കം വാക്കുകൾ മാത്രം പറഞ്ഞ് തിരികെ വന്നു. ചില ചിത്രങ്ങൾ ആരോ പകർത്തി സാമൂഹ്യമാധ്യമങ്ങളിലിട്ടപ്പോഴാണ് വിവരം മാധ്യമങ്ങളറിഞ്ഞത് തന്നെ. 

ആ വിജയ് പക്ഷേ, വളരെ 'സൈലന്‍റാ'യി എച്ച് രാജയ്ക്ക് ഒരു 'മാസ്' മറുപടി കൊടുത്തു, പിന്നീട്. സ്വന്തം ലെറ്റർ ഹെഡിൽ ഒരു കത്തായിരുന്നു അത്. അതിൽ ഏറ്റവും മുകളിൽ എഴുതിയിരിക്കുന്ന പേര് സോഷ്യൽ മീഡിയയിൽ ആഘോഷമായി. 

ആ ലെറ്റർ ഹെഡിൽ ഏറ്റവും മുകളിൽ എഴുതിയിരുന്നത് ഇങ്ങനെയായിരുന്നു.

സി. ജോസഫ് വിജയ്.

അത്ര മാത്രം. അന്നുമിന്നും സ്വന്തം പേരിനെക്കുറിച്ച് അതിൽക്കൂടുതൽ വിജയ് സംസാരിച്ചിട്ടില്ല!

Image result for vijay letter c joseph vijay"

Follow Us:
Download App:
  • android
  • ios