Asianet News MalayalamAsianet News Malayalam

'കേരളത്തില്‍ നിന്ന് ആംബുലന്‍സ് പോലും കടത്തിവിടില്ല'; കടുപ്പിച്ച് കര്‍ണാടകം

കേരളത്തിലേക്ക് കുടക് വഴിയുള്ള പാതകൾ കർണാടകം അടച്ചതോടെ ചരക്ക് നീക്കം പൂർണമായി സ്തംഭിച്ചു. മുഖ്യമന്ത്രി അഭ്യർത്ഥിച്ചിട്ടും മാക്കൂട്ടത്ത് റോഡിലിട്ട മണ്ണ്  നീക്കം ചെയ്തില്ല.  

will not give permission for ambulance to enter karnataka
Author
Bengaluru, First Published Mar 28, 2020, 8:35 PM IST

ബെംഗളുരു: കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ അടച്ച  കേരള-കര്‍ണാടക അതിര്‍ത്തികള്‍ തുറക്കില്ലെന്നതില്‍ ഉറച്ച് കര്‍ണാടകം. മംഗളൂരുവിലേക്ക് കേരളത്തില്‍ നിന്ന് ആംബുലന്‍സ് ഉള്‍പ്പെടെ ഒരു വാഹനവും കടത്തിവിടില്ലെന്ന് കര്‍ണാടകം അറിയിച്ചു. ദക്ഷിണ കന്നഡ ജില്ലയിൽ സമ്പൂർണ ലോക്ക് ഡൗൺ തുടരുകയാണ്. കേരളത്തിലേക്ക് കുടക് വഴിയുള്ള പാതകൾ കർണാടകം അടച്ചതോടെ ചരക്ക് നീക്കം പൂർണമായി സ്തംഭിച്ചു. മുഖ്യമന്ത്രി അഭ്യർത്ഥിച്ചിട്ടും മാക്കൂട്ടത്ത് റോഡിലിട്ട മണ്ണ്  നീക്കം ചെയ്തില്ല. മണ്ണ് നീക്കിയാൽ റോഡ് ഉപരോധ സമരം തുടങ്ങുമെന്ന നിലപാടിലാണ് കുടകിൽ നിന്നുള്ള ജനപ്രതിനിധികൾ.

വിഷയത്തില്‍ കേരള ചീഫ് സെക്രട്ടറി കര്‍ണാടക ചീഫ് സെക്രട്ടറിയുമായി നിരവധി തവണ ബന്ധപ്പെട്ടതായി മുഖ്യമന്ത്രി ഇന്നത്തെ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു. റോഡ് ഗതാഗതം തടസ്സപ്പെടുത്തിയത് നീക്കാമെന്ന് കര്‍ണാടക സമ്മതിച്ചതായും എന്നാല്‍ ഇതുവരെ റോഡുകള്‍ ഗതാഗതയോഗ്യമാക്കിയില്ലെന്നും മുഖ്യമന്ത്രി ഇന്ന് വിശദീകരിച്ചിരുന്നു. 

കണ്ണൂർ എസ്പി യതീഷ് ചന്ദ്ര ചർച്ച നടത്തുന്നതിനിടെയാണ് നാടകീയമായി ജെസിബി ഉപയോഗിച്ച് കൂട്ടുപുഴയിലെ അതിർത്തി റോഡ് ഒരാൾ പൊക്കത്തിൽ മണ്ണിട്ടടച്ചത്. കർണാടകം അതിർത്തി കടക്കാൻ പാസ് നൽകിയ 80 പച്ചക്കറി ലോറികളെ പോലും കടത്തിവിടാതെയായിരുന്നു നീക്കം. കേരളത്തിൽ കൊവിഡ് രോഗബാധിതർ കൂടുന്നത് കൊണ്ട് വഴി അടച്ചില്ലെകിൽ  കുടകിൽ രോഗം പകരുമെന്ന വാദമാണ് അവിടെയുള്ള ജനപ്രതിനിധികൾ  ഉന്നയിക്കുന്നത്. കേരളത്തിന്‍റെ സമ്മർദ്ദത്തിന് വഴങ്ങി റോഡ് തുറന്നാൽ സമരം തുടങ്ങുമെന്ന് കുടക് മൈസൂർ എംപി പ്രതാപ സിംഹ കർണ്ണാടക മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പയെ അറിയിച്ചു.

Follow Us:
Download App:
  • android
  • ios