Asianet News MalayalamAsianet News Malayalam

ഐസിയുവിന്റെ താക്കോല്‍ കണ്ടെത്താനായില്ല, മധ്യപ്രദേശില്‍ ചികിത്സ കിട്ടാതെ സ്ത്രീ മരിച്ചു

ഐസിയുവിന്റെ പൂട്ട് തല്ലിത്തുറക്കാന്‍ തീരുമാനിച്ചെങ്കിലും ഇത് വൈകിയതോടെ രോഗിയുടെ നില അതീവഗുരുതരമാകുകയായിരുന്നു. അല്‍പ്പനേരത്തിനുള്ളില്‍ അവര്‍ മരണത്തിന് കീഴടങ്ങി. 

Woman Dies After Hospital Staff Fail To Find ICU Key
Author
Ujjain, First Published Apr 5, 2020, 3:55 PM IST

ഉജ്ജയിന്‍:  മധ്യപ്രദേശിലെ ഉജ്ജൈനില്‍ ചികിത്സ കിട്ടാതെ 55 കാരി മരിച്ചു. ശ്വസതടസ്സം നേരിട്ടതിനെത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച സ്ത്രീയ്ക്ക് മതിയാ ചികിത്സ ലഭിച്ചില്ല. സ്വകാര്യാശുപത്രിയിലെ ഐസിയുവിന്റെ താക്കോല്‍ നഷ്ടപ്പെട്ടതാണ് ചികിത്സ ലഭിക്കാതിരിക്കാന്‍ കാരണം. ആശുപത്രി ജീവനക്കാര്‍ തിരഞ്ഞെങ്കിലും താക്കോല്‍ ലഭിച്ചില്ല. 

വ്യാഴാഴ്ചയാണ് ഇവരെ ശ്വാസതടസ്സത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൂടിയ രക്തസമ്മര്‍ദ്ദവും ഉണ്ടായിരുന്നു. ആരോഗ്യനില മോശമായതോടെ കൊവിഡ് ടെസ്റ്റ് നടത്തുന്നതിനായി മാധവ് നഗറിലെ ആശുപത്രിയിലേക്ക് മാറ്റാന്‍ ആവശ്യപ്പെട്ടു. 

തുടര്‍ന്ന് ആര്‍ഡി ഗര്‍ഡി എന്ന സ്വകാര്യമെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. കൂടുതല്‍ സൗകര്യങ്ങള്‍ ലഭിക്കേണ്ടത് കണക്കിലെടുത്താണ് ഇവരെ ഈ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എ്ന്നാല്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ച രോഗിയെ ഐസിയുവില്‍ പ്രവേശിപ്പിക്കാനായില്ല. ഐസിയുവിന്റെ ചുമതലയുള്ളവര്‍ അവിടെ ഉണ്ടായിരുന്നുമില്ല. 

ഐസിയുവിന്റെ പൂട്ട് തല്ലിത്തുറക്കാന്‍ തീരുമാനിച്ചെങ്കിലും ഇത് വൈകിയതോടെ രോഗിയുടെ നില അതീവഗുരുതരമാകുകയായിരുന്നു. അല്‍പ്പനേരത്തിനുള്ളില്‍ അവര്‍ മരണത്തിന് കീഴടങ്ങി. 

സംഭവത്തില്‍ അന്വേഷണം നടത്തുന്നതായി ഉജ്ജയിന്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ അനസൂയ ഗൗളി പറഞ്ഞു. രോഗിക്ക് വെന്റിലേറ്റര്‍ സഹായം ഒരുക്കാന്‍ സാധിക്കാത്തതിനാല്‍ രണ്ട് ഡോക്ടര്‍മാരെ അന്വേഷണത്തിന്റെ ഭാഗമായി തല്‍സ്ഥാനത്തുനിന്ന് നീക്കി. ഇവരുടെ കൊവിഡ് 19 പരിശോധനാ ഫലം ഇതുവരെയും ലഭിച്ചിട്ടില്ല. മധ്യപ്രദേശില്‍ 100 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. ആറ് പേര്‍ മരിക്കുകയും ചെയ്തു. 


 

Follow Us:
Download App:
  • android
  • ios