Asianet News MalayalamAsianet News Malayalam

ട്രംപിന്റെ വാദം പൊളിയുന്നു: ഇറാന്‍റെ ആക്രമണത്തിൽ 34 സൈനികര്‍ക്ക് തലച്ചോറിന് ക്ഷതമേറ്റതായി പെന്‍റഗണ്‍

ഇറാന്റെ ആക്രമണത്തിൽ തങ്ങളുടെ 11 സൈനികർക്കു പരിക്കറ്റതായി യുഎസ് സെൻട്രൽ കമാൻഡ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വ്യക്തത വരുത്തി പെന്റഗൺ രംഗത്തെത്തിയത്. 

34 US troops diagnosed with traumatic brain injury after Iran missile strike
Author
Washington D.C., First Published Jan 25, 2020, 2:48 PM IST

വാഷിങ്ടൺ: ഇറാഖിലെ യുഎസ് സൈനിക താവളത്തിനു നേരെ ഇറാൻ നടത്തിയ മിസൈൽ ആ‌ക്രമണത്തിൽ തങ്ങളുടെ 34 സൈനികർക്ക് തലച്ചോറിന് ക്ഷതമേറ്റതായി അമേരിക്കന്‍ പ്രതിരോധ വകുപ്പിന്റെ വെളിപ്പെടുത്തൽ. പരിക്കേറ്റവരില്‍ 17 പേര്‍ ജര്‍മനിയില്‍ ചികിത്സലായിരുന്നു. ഇതില്‍ എട്ട് പേര്‍ അമേരിക്കയില്‍ തിരിച്ചെത്തിയിട്ടുണ്ട്. ഒമ്പത് പേര്‍ ജര്‍മനിയില്‍ തന്നെ തുടരുകയാണെന്നും പെന്‍റഗണ്‍ അറിയിച്ചു. ബാക്കിയുള്ള 17 പേർ ഇറാഖില്‍ ഡ്യൂട്ടിയില്‍ കയറിയെന്നും പെന്‍റഗണ്‍ വക്തവ് ജൊനാഥന്‍ ഹോഫ്മാന്‍ വ്യക്തമാക്കി.

മിസൈല്‍ ആക്രമണവും ശക്തമായ സ്ഫോടനവും നടക്കുമ്പോള്‍ പെട്ടെന്നുണ്ടായ അന്തരീക്ഷ മര്‍ദ്ദത്തിന്‍റെ വ്യത്യാസമാണ് മസ്തിഷ്ക ക്ഷതത്തിന് കാരണം. ആക്രമണം നടക്കുമ്പോള്‍ 1500 സൈനികരും ബങ്കറുകളിലായിരുന്നു. ഇത് അപകടത്തിന്‍റെ തോത് കുറയ്ക്കുന്നതിന്  ഇടയാക്കിയെന്നും ഹോഫ്മാന്‍ പറഞ്ഞു. തലവേദന, തലകറക്കം, ബോധക്ഷയം എന്നിവയാണ് രോ​ഗലക്ഷണങ്ങൾ. മരണം, കാഴ്ച നഷ്ടപ്പെടുക തുടങ്ങിയവയാണ് അനന്തരഫലം. തലച്ചോറിന് ക്ഷതമേറ്റവരെ ചികിത്സിച്ച് ഭേദമാക്കാൻ സമയമെടുക്കുമെന്നും പെന്റ​ഗൺ വ്യക്തമാക്കി. 2000 മുതൽ ഏകദേശം 408,000 സൈനികർ തലച്ചോറിന് ക്ഷതമേറ്റ് യുഎസിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണെന്നും പെന്റ​ഗൺ റിപ്പോർട്ട് ചെയ്തു.

ഇറാന്റെ സൈനിക മേധാവി ജനറൽ ഖാസിം സുലൈമാനിയെ ഈ മാസം മൂന്നിന് വ്യോമാക്രമണത്തിൽ വധിച്ചതിനു പ്രതികാരമായാണ് ജനുവരി എട്ടിന് ഇറാൻ ഇറാഖിലെ യുഎസ് സൈനികതാവളം ആക്രമിച്ചത്. ഇറാന്റെ ആക്രമണത്തിൽ തങ്ങളുടെ 11 സൈനികർക്കു പരിക്കറ്റതായി യുഎസ് സെൻട്രൽ കമാൻഡ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വ്യക്തത വരുത്തി പെന്റഗൺ രംഗത്തെത്തിയത്. ഇതോടെ ആക്രമണത്തിൽ തങ്ങള്‍ക്കു കാര്യമായി നഷ്ടം സംഭവിച്ചിട്ടില്ലെന്ന യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ അവകാശവാദങ്ങൾ പൊളിയുകയാണ്.    

Follow Us:
Download App:
  • android
  • ios