ഇസ്ലാമാബാദ്: സുരക്ഷാ ഉപകരണങ്ങളില്ലാത്തതില്‍ പ്രതിഷേധിച്ച 50തിലധികം ഡോക്ടര്‍മാരെ പാകിസ്ഥാനില്‍ പൊലീസ് അറസ്റ്റ് ചെയ്തു. പാകിസ്ഥാനിലെ ക്വറ്റയിലാണ് മതിയായ സുരക്ഷാ ഉപകരണങ്ങള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടെ 100ലധികം പേര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. 

നഗരത്തിലെ പ്രധാന ആശുപത്രിക്ക് മുമ്പിലേക്ക് എത്തിയ പ്രതിഷേധക്കാര്‍ പിന്നീട് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് നീങ്ങുകയായിരുന്നു. പ്രതിഷേധക്കാര്‍ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് പ്രവേശിക്കാന്‍ തുടങ്ങിയപ്പോള്‍ ഇവരെ പിന്തിരിപ്പിക്കാന്‍ പൊലീസ് ലാത്തി വീശുകയും അറസ്റ്റ് ചെയ്ത് നീക്കുകയുമായിരുന്നു. 

നിയമലംഘനത്തിന് 53 ഡോക്ടര്‍മാരെ കസ്റ്റഡിയിലെടുത്തെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അബ്ദുള്‍ റസാഖ് കീമ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയെ ഉദ്ധരിച്ച് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു. 

മാസ്‌കുകള്‍, ഗ്ലൗസുകള്‍, പിപിഇ കിറ്റുകള്‍ എന്നിവ ആവശ്യത്തിന് ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഡോക്ടര്‍മാരും പാരാമെഡിക്കല്‍ ജീവനക്കാരും ഉള്‍പ്പെട്ട സംഘം പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.  രാജ്യത്തുടനീളം സുരക്ഷാ ഉപകരണങ്ങളില്ലാതെയാണ് ആരോഗ്യപ്രവര്‍ത്തകര്‍ ആഴ്ചകളായി രോഗികളെ ചികിത്സിക്കുന്നത്.

ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്നില്ല. ഇതേ തുടര്‍ന്നാണ് പ്രതിഷേധവുമായി മുമ്പോട്ട് പോയതെന്ന് ക്വറ്റയിലെ ഡോക്ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് പറഞ്ഞു. എന്നാല്‍ പിപിഇ കിറ്റ് എത്രയും വേഗം എത്തിക്കാമെന്ന് ഉറപ്പ് നല്‍കിയിട്ടും ആരോഗ്യപ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നെന്ന് ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ സര്‍ക്കാര്‍ വക്താവ് ലിയാഖത് ഷെഹ്വാനി അറിയിച്ചു. 

പാകിസ്ഥാനില്‍ ഇതുവരെ കൊവിഡ് ബാധിച്ച് 50ലധികം ആളുകള്‍ മരിക്കുകയും 3277ലധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. 


കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക