മാഡ്രിഡ്: ലോകമാകെ കൊവിഡ് 19 വൈറസ് ബാധ പിടിമുറുക്കുമ്പോള്‍ ഏറ്റവുമധികം രോഗം പടര്‍ന്ന രാജ്യങ്ങളിലൊന്നായ സ്‌പെയിനില്‍ കൂട്ടമരണങ്ങള്‍ തുടരുന്നു. 24 മണിക്കൂറിനിടെ 838 പേര്‍ സ്‌പെയിനില്‍ മരിച്ചതായാണ് അധികൃതര്‍ കണക്ക് പുറത്ത് വിട്ടിരിക്കുന്നത്. ഇതോടെ സ്‌പെയിനിലെ കൊവിഡ് ബാധിച്ചുള്ള മരണം 6528 ആയി.

ഇതുവരെ 78,797 പേര്‍ക്കാണ് സ്‌പെയിനില്‍ കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇറ്റലിക്ക് ശേഷം കൊവിഡ് ഏറ്റവും കൂടുതല്‍ നാശം വിതച്ച രാജ്യമായി സ്‌പെയിന്‍ മാറിയിട്ടുണ്ട്. അതേസമയം, ലോകത്ത് വിവിധ രാജ്യങ്ങളിലായി കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 33000 കടന്നു. കണക്കുകള്‍ പ്രകാരം 33,148 പേരാണ് ഇതുവരെ മരിച്ചത്. 699,491 പേരില്‍ വൈറസ് സ്ഥിരീകരിച്ചു.

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനിടെ കൂട്ടമരണങ്ങളാണ് ലോകത്ത് നടക്കുന്നത്. അമേരിക്കയിലെ ഇല്ലിനോയിസില്‍ കൊറോണ വൈറസ് ബാധിച്ച് നവജാത ശിശു മരിച്ചു. അതേസമയം, കൊവിഡ് വൈറസ് രോഗം ബാധിച്ച് അമേരിക്കയില്‍ മരിച്ചവരുടെ എണ്ണം 2,229 ആയി. ഇന്നലെ മാത്രം 1900 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മൊത്തം കേസുകളുടെ എണ്ണം ഒരു ലക്ഷത്തി ഇരുപത്തിമൂവായിരം കവിഞ്ഞു. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ളത്. 123,781 പേര്‍ക്കാണ് അമേരിക്കയില്‍ കൊവിഡ് ബാധ സ്ഥിരീകരിച്ചത്.

ഇറാനിലും കൊവിഡ് മരണം തുടരുകയാണ്. 2640 പേരാണ് ഇറാനില്‍ രോ?ഗം ബാധിച്ച് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത് 123 കൊവിഡ് മരണമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. കൊവിഡ് വന്‍ നാശം വിതച്ച ഇറ്റലിയില്‍ കൊവിഡ് മരണം 10,023 ആയി. 92,472 പേര്‍ക്കാണ് ഇറ്റലിയില്‍ രോഗബാധ സ്ഥിരീകരിച്ചത്. അതിനിടെ, കൊവിഡ് 19 വൈറസ് ബാധിച്ച് സ്പാനിഷ് രാജകുമാരി മരിയ തെരേസയും മരിച്ചു. 86 വയസായിരുന്നു.