Asianet News MalayalamAsianet News Malayalam

'കൊവിഡ് 19 നിസാര പനി, ആരും മരിക്കില്ല'; വിവാദ പ്രസ്താവനക്ക് പിന്നാലെ ബ്രസീല്‍ പ്രസിഡന്റ് ഐസൊലേഷനില്‍

ലാറ്റിനമരേക്കിയിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാണ് ബ്രസീല്‍. സമീപദിവസങ്ങളില്‍ കൊവിഡ് 19 ബാധിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായി. ഇതുവരെ 6931 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 244 പേര്‍ മരിക്കുകയും ചെയ്തു.
 

Brazil president ignore covid 19 crisis, oppose lock down
Author
São Paulo, First Published Apr 3, 2020, 9:36 AM IST

സാവോപോളോ: കൊവിഡ് 19നെ നിസാരവത്കരിച്ച് സംസാരിച്ച ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബൊല്‍സാനരോക്കെതിരെ കടുത്ത വിമര്‍ശനം. കൊവിഡ് ചെറിയ പനി മാത്രമാണെന്നും പേടിക്കേണ്ടെന്നും ലോക്ക്ഡൗണ്‍ ആവശ്യമില്ലെന്നുമാണ് ബൊല്‍സാനരോ പ്രസംഗിച്ചത്. യുഎസില്‍ കൊവിഡിനെതിരെ നടപടിയെടുക്കാന്‍ വൈകിയ ട്രംപിനേക്കാള്‍ അപകടകാരിയായ നേതാവ് എന്നാണ് ബൊല്‍സാനരോയെ അന്താരാഷ്ട്ര മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. 

അതേസമയം, ശനിയാഴ്ച മുതല്‍ ബൊല്‍സാനരോയും ഐസൊലേഷനിലാണെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ബൊല്‍സാനരോയും സമ്പര്‍ക്ക വിലക്കിലായിരുന്നു. പിന്നീട് വീണ്ടും സജീവമായി.

റിയോ ഡി ജെനീറോയില്‍ ബൊല്‍സാനരോ നടത്തിയ പ്രസംഗമാണ് വിവാദത്തിലായത്. കൊവിഡ് ബാധിച്ച് മരിക്കില്ലെന്നും ചെറിയ പനി മാത്രമാണെന്നും പ്രസംഗത്തില്‍ ബൊല്‍സാനരോ പറഞ്ഞു. എന്നാല്‍, ലോക്ക്ഡൗണ്‍ ബ്രസീലിന്റെ നടുവൊടിക്കും. നഷ്ടം ഭീമമായിരിക്കും. വീട്ടില്‍ അടച്ചിട്ടിരിക്കാതെ ജനം ജോലിക്ക് പോകണം. കൊവിഡിനേക്കാള്‍ വലിയ നഷ്ടമായിരിക്കും ലോക്ക്ഡൗണ്‍ കാരണമുണ്ടാകാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.  

പ്രസംഗം പലരും ട്വീറ്റ് ചെയ്‌തെങ്കിലും തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ അടങ്ങിയതിനാല്‍ ട്വിറ്റര്‍ നീക്കം ചെയ്തു. അപടക മരണങ്ങളുണ്ടാകുമെന്ന് ഭയന്ന് കാര്‍ കമ്പനികള്‍ ആരും അടച്ചുപൂട്ടാറില്ലെന്ന വിവാദ പ്രസ്താവനയും ബൊല്‍സാനരോ നടത്തിയിരുന്നു. ലാറ്റിനമരേക്കിയിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാണ് ബ്രസീല്‍. സമീപദിവസങ്ങളില്‍ കൊവിഡ് 19 ബാധിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായി. ഇതുവരെ 6931 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 244 പേര്‍ മരിക്കുകയും ചെയ്തു. 

പ്രസിഡന്റിനെതിരെ ആരോഗ്യമന്ത്രിയും ചില ഗവര്‍ണര്‍മാരും പരസ്യമായി രംഗത്തെത്തിയതും ബ്രസീലില്‍ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. വീട്ടില്‍ അടച്ചിട്ടിരിക്കണമെന്നും സാമൂഹ്യ അകലം പാലിക്കണമെന്നുമാണ് ആരോഗ്യമന്ത്രിയുടെ നിലപാട്. ഇതിനെ തുടര്‍ന്ന് ബ്രസീല്‍ നഗരങ്ങള്‍ നിശ്ചലമായത് ബൊല്‍സാനരോയെ ചൊടിപ്പിച്ചു. പ്രസിഡന്റിനെ തള്ളുന്ന നിലപാടാണ് ജനം സ്വീകരിക്കുന്നതെന്ന് ബ്രസീലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 21 കോടിയാണ് ബ്രസീലിലെ ജനസംഖ്യ. കൊവിഡിന്റെ തുടക്കത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ എന്നിവരും വേണ്ടത്ര ഗൗരവത്തോടെ കാര്യങ്ങളെ സമീപിച്ചില്ലെന്ന വിമര്‍സനമുയര്‍ന്നിരുന്നു. 
 

Follow Us:
Download App:
  • android
  • ios