ദില്ലി: ജമ്മു കശ്മീർ വിഷയത്തിൽ മധ്യസ്ഥതയ്ക്കുള്ള യുഎൻ നിർദ്ദേശം തള്ളി ഇന്ത്യ. പാകിസ്ഥാനില്‍ സന്ദര്‍ശനം നടത്തുന്ന യുഎൻ സെക്രട്ടറി ജനറൽ അൻറോണിയോ ഗുട്ടറസ് കഴിഞ്ഞ ദിവസം ജമ്മു കശ്മീർ വിഷയത്തിൽ  ആഴത്തില്‍ ബോധവാനാണെന്നും, ഇരു രാജ്യങ്ങള്‍ക്കും താല്‍പ്പര്യമുണ്ടെങ്കില്‍ മധ്യസ്ഥതയ്ക്ക് തയ്യാറാണെന്നും പ്രസ്താവിച്ചിരുന്നു. ഇതിനുള്ള പ്രതികരണമാണ് ഇന്ത്യ നല്‍കിയത്.

ഇന്ത്യന്‍ വിദേശകാര്യ വക്താവ് രവീഷ് കുമാറാണ് ഇന്ത്യന്‍ നിലപാട് വ്യക്തമാക്കിയത്. ഇന്ത്യന്‍ നിലപാടില്‍ ഒരു വ്യത്യാസവും സംഭവിച്ചിട്ടില്ല. കശ്മീര്‍ ഇന്ത്യയുടെ അഭിവാജ്യഘടകമാണ്. അത് അങ്ങനെ തന്നെ തുടരും. പാകിസ്ഥാൻ കൈയ്യേറി വച്ചിരിക്കുന്ന പ്രദേശം ഒഴിയുകയാണ് വേണ്ടെത്. ഇതിന് പുറമേ എന്ത് വിഷയം ഉണ്ടെങ്കിലും അത് ഉപയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കും. ഇതില്‍ ഒരു മൂന്നാംകക്ഷിയുടെ ഇടപെടല്‍ വേണ്ട- ഇന്ത്യ നിലപാട് വ്യക്തമാക്കി.

അതേ സമയം  യുഎന്‍ സെക്രട്ടറി ജനറല്‍ പാകിസ്ഥാനോട് പാകിസ്ഥാനോട് ശക്തമായി അതിര്‍ത്തി കടന്നുള്ള  ഭീകരവാദം അവസാനിപ്പിക്കാൻ  ഉപദേശിക്കണമെന്നും ഇന്ത്യ വ്യക്തമാക്കി. അതിര്‍ത്തികടന്ന് പാക് പിന്തുണയോടെ നടക്കുന്ന ഭീകരാവാദ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയിലെ ജീവിതത്തിനും, അടിസ്ഥാന മനുഷ്യവകാശങ്ങള്‍ക്കും വെല്ലുവിളിയാണ്, പ്രത്യേകിച്ച് ഇത് കൂടുതല്‍ ജമ്മു കശ്മീരിലാണ് എന്നും വിദേശകാര്യ വക്താവ് സൂചിപ്പിച്ചു.

നേരത്തെ ഇത്തരത്തില്‍ ജമ്മു കശ്മീർ വിഷയത്തിൽ മധ്യസ്ഥത വഹിക്കാം എന്ന അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാല്‍ഡ് ട്രംപിന്‍റെ നിര്‍ദേശം മൂന്നൂതവണയാണ് ഇന്ത്യ തള്ളിയത്. അന്നും ഇതേ മറുപടിയാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയത്.