ലണ്ടൻ: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 13 ലക്ഷം കടന്നു. എഴുപതിനായിരത്തോളം പേരാണ് ഇതുവരെ മരിച്ചത്. അമേരിക്കയിൽ ഒറ്റ ദിവസം കൊണ്ട് 1,182 പേർ കൂടി മരിച്ചു. ആകെ മരണം പതിനായിരം കടന്നു. ഇരുപത്തിയേഴായിരത്തിലേറെ പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 

സ്പെയിനിലും ഇറ്റലിയിലും പുതുതായി രോഗബാധയേറ്റവരുടെ എണ്ണത്തിൽ കുറവുണ്ട്. അടച്ചിടൽ പ്രഖ്യാപിച്ചതിന്‍റെ ഗുണഫലമാണ് ഇതെന്നാണ് വിലയിരുത്തൽ. ഫ്രാൻസിൽ 24 മണിക്കൂറിനിടെ 833 പേർ മരിച്ചു. രോഗം സ്ഥിരീകരിച്ചതിന് ശേഷം ഒറ്റ ദിവസത്തിനിടെ ഇത്രയും പേർ മരിക്കുന്നത് ഇതാദ്യമാണ്. 

ഇറാൻ ,തുർക്കി,ബെൽജിയം ,കാനഡ തുടങ്ങിയ രാജ്യങ്ങളിലും രോഗം വ്യാപിക്കുകയാണ്. മരണങ്ങളുടെ എണ്ണത്തിൽ ഇറാൻ ചൈനയെ മറികടന്നു.ജൂത അവധി ദിനമായ പാസോവറിനിടെ രോഗം വ്യാപിക്കുന്നതൊഴിവാക്കാൻ ഇസ്രായേൽ ചൊവ്വാഴ്ച മുതൽ വെള്ളിയാഴ്ച വരെ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചു. 

കൊവിഡ് ബാധിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്‍റെ ആരോഗ്യ നില അതീവ ഗുരുതരം. ജോൺസനെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഞായറാഴ്ച്ച രാത്രിയാണ് 55 വയസ്സുള്ള ബോറിസ് ജോൺസന്‍റെ ആരോഗ്യനില വഷളായത്. പനിയും ചുമയും ശക്തായതോടെ ആരോഗ്യസംഘത്തിന്‍റെ നിര്‍ദ്ദേശാനുസരണം ലണ്ടൻ സെന്‍റ് തോമസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ആവശ്യമെങ്കിൽ വെന്‍റിലേറ്റര്‍ സൗകര്യം ഒരുക്കും. ആശുപത്രിയിലേക്ക് മാറ്റും മുന്പ് ഓക്സിജൻ നൽകി. 

നല്ല പരിചരണമാണ് ബോറിസ് ജോൺസന് ആശുപത്രിയിൽ കിട്ടുന്നതെന്ന് സര്‍ക്കാര്‍ വക്താവ് അറിയിച്ചു. വിദേശകാര്യ മന്ത്രി ഡൊമിനിക് റാബ് പ്രധാനമന്ത്രിയുടെ ചുമതല വഹിക്കും. കഴിഞ്ഞ മാസം 27നാണ് ബോറിസ് ജോൺസന് കൊവിഡ് സ്ഥിരീകരിച്ചത്. ബോറിസ് ജോൺസന്‍റെ ആറുമാസം ഗർഭിണിയായ ഭാര്യ കാരിയും കൊവിഡ് ബാധിച്ച് ഐസൊലേഷനിലാണ്.

അസുഖം ഭേദമായി ബോറിസ് ആശുപത്രി വിടട്ടേയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസിച്ചു. 24 മണിക്കൂറിനിടെ 439 പേര്‍ ബ്രിട്ടണിൽ കൊവിഡ് ബാധിച്ച് മരിച്ചു. ആകെ മരണം 5,373.