Asianet News MalayalamAsianet News Malayalam

കൊറോണവൈറസ്: ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള നീക്കത്തെ എതിര്‍ത്ത് ചൈന, ആശങ്കയേറുന്നു

വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ 250 ഓളം ഇന്ത്യക്കാരാണ് വുഹാനില്‍ കുടുങ്ങി കിടക്കുന്നത്. ഇവരെ നാട്ടിലെത്തിക്കാന്‍ വിദേശകാര്യ, വ്യോമയാന മന്ത്രാലയങ്ങള്‍ ശ്രമിക്കുന്നതിനിടെയാണ് ചൈന നിലപാട് അറിയിച്ചിരിക്കുന്നത്.

corona virus china against indians movement evacuating nationals from China
Author
Beijing, First Published Jan 28, 2020, 9:09 PM IST

ബെയ്ജിങ്: കൊറോണവൈറസ് ബാധിത മേഖലയായ വുഹാനില്‍ കുടങ്ങിയവരെ ഒഴിപ്പിക്കാനുള്ള ഇന്ത്യയുടെ ശ്രമത്തെ എതിര്‍ത്ത് ചൈന. ലോകാരോഗ്യ സംഘടന ഒഴിപ്പിക്കിലിനെ അനുകൂലിക്കുന്നില്ലെന്ന് ഇന്ത്യയിലെ ചൈനീസ് അംബാസിഡര്‍ വ്യക്തമാക്കി. ഇന്ത്യന്‍ എംബസിയുടെ ഇടപെടലിന് ശേഷവും ഭക്ഷണം പോലും ലഭിക്കുന്നില്ലെന്ന് ഹ്യൂബ പ്രവശ്യയിലെ മലയാളി വിദ്യാര്‍ത്ഥികള്‍ പരാതിപ്പെടുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നു.

വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ 250 ഓളം ഇന്ത്യക്കാരാണ് വുഹാനില്‍ കുടുങ്ങി കിടക്കുന്നത്. ഇവരെ നാട്ടിലെത്തിക്കാന്‍ വിദേശകാര്യ, വ്യോമയാന മന്ത്രാലയങ്ങള്‍ ശ്രമിക്കുന്നതിനിടെയാണ് ചൈന നിലപാട് അറിയിച്ചിരിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒഴിപ്പിക്കല്‍ സാധ്യമല്ലെന്നാണ് ഇന്ത്യയിലെ ചൈനീസ് സ്ഥാനപതി സുന്‍ വെയ്ഡോംഗ് വ്യക്തമാക്കുന്നത്. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ സംയമനം പാലിക്കണമെന്നും, വുഹാനിലെ സ്ഥിതിഗതികളില്‍ ലോകാരോഗ്യ സംഘടനക്ക് ആശങ്കയില്ലെന്നും സുന്‍വെയ്ഡോംഗ് ട്വീറ്റ് ചെയ്തു. വുഹാനിലെ മലയാളി വിദ്യാര്‍ത്ഥികള്‍ക്കളടക്കമുള്ള ഇന്ത്യക്കാരോട് നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന സന്ദേശം വിദേശകാര്യമന്ത്രാലയം നല്‍കിയതിന് പിന്നാലെയാണ് ചൈന നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. എല്ലാ മുന്നൊരുക്കങ്ങളും നടത്തിയെന്നും ആശങ്കപ്പെടാനുള്ള
സാഹചര്യമില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുമ്പോഴാണ് സഹായമഭ്യര്‍ത്ഥിച്ചുള്ള വിദ്യാര്‍ത്ഥികളുടെ ദൃശ്യം പുറത്ത് വന്നിരിക്കുന്നത്.

ചൈനീസ് സ്ഥാനപടിയുടെ നിലപാടിനോട് ഇന്ത്യ പ്രതികരിച്ചിട്ടില്ല. അതേസമയം, ഇന്ത്യയില്‍ കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന്  കേന്ദ്രം വ്യക്തമാക്കി. മുന്‍ കരുതലിനായി  രാജ്യത്തെ എല്ലാ ആശുപത്രികളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ തുറക്കാന്‍ നിര്‍ദേശം നല്‍കിയതായി കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചു. ഇതിനിടെ, നേപ്പാളിന് പിന്നാലെ കൊല്‍ക്കത്തിയിലും കേന്ദ്ര ആരോഗ്യമന്ത്രാലയം ജാഗ്രത നിര്‍ദ്ദേശം നല്‍കി. തായ്ലാന്‍ഡ് സ്വദേശി കൊല്‍ക്കത്തയില്‍ മരിച്ചത് കൊറോണ വൈറസ് ബാധമൂലമാണോയെന്ന സംശയത്തെ തുടര്‍ന്നാണിത്. കൊറോണ വൈറസ് ബാധയെന്ന സംശയത്തെ തുടര്‍ന്ന് ദില്ലിയില്‍ മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Also Read: കൊറോണ: കേരളത്തില്‍ 633 പേര്‍ നിരീക്ഷണത്തില്‍, ആര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി

Follow Us:
Download App:
  • android
  • ios