വാഷിംഗ്ടണ്‍: ലോകത്ത് കൊവിഡ് മരണം മുപ്പത്തിനാലായിരത്തോടടുക്കുന്നു. രോഗബാധിതരുടെ എണ്ണം ഏഴ് ലക്ഷം കവിഞ്ഞു. 721,330 പേർക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. സ്പെയിനിൽ 24 മണിക്കൂറിനിടെ, 838 പേരും ഇറ്റലിയിൽ 756 പേരും മരിച്ചു.

സാമൂഹ്യവ്യാപനം ശക്തമായി തുടരുന്ന ഇറ്റലിയിൽ കൊവിഡ് വൈറസ് 10,779 പേരെയാണ് ഇതുവരെ കവർന്നത്. സ്പെയിനിൽ 6528 പേർ മരിച്ചു. ഇറ്റലിയിൽ 97689 പേർക്കും സ്പെയിനിൽ 78,799 പേർക്കും രോഗം സ്ഥിരീകരിച്ചു. അമേരിക്കയിൽ മരണം 2300 പിന്നിട്ടു. കൊവി‍ഡ് പടരുന്ന സാഹചര്യത്തിൽ പ്രഖ്യാപിച്ച പ്രാഥമിക സാമൂഹിക അകലം ഇന്ന് അവസാനിക്കാനിരിക്കെയാണ് ഏപ്രിൽ 30 വരെ നീട്ടിയത്. ജൂണോടെ അമേരിക്കയിൽ വൈറസിനെ നിയന്ത്രിക്കാനാകുമെന്നും ട്രംപ് പറ‌ഞ്ഞു.

യുകെയിൽ 1228പേർ വൈറസ് ബാധിച്ച് മരിച്ചു. ഇംഗ്ലണ്ടിന് സാധാരണ സ്ഥിതിയിലേക്ക് മടങ്ങിയെത്താൻ 6 മാസമെങ്കിലും എടുക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ആരോഗ്യ പ്രവർത്തകരുടെ ദൗർലഭ്യം കണക്കിലെടുത്ത് യുകെയിൽ, വിരമിച്ച 20000 ഡോക്ടർമാരും, നഴ്സുമാരും സർവ്വീസിൽ തിരികെ പ്രവേശിക്കും. മോസ്കോയിൽ ഇന്ന് മുതൽ അനിശ്ചതകാലത്തേക്ക് യാത്രനിയന്ത്രണങ്ങൾ ഏർപ്പെടുത്തി. സൗത്ത് ആഫ്രിക്കയിൽ പ്രഖ്യാപിച്ച് 21 ദിവസത്തെ ലോക്ഡൗണ്‍ തുടരുകയാണ്.