ലണ്ടൻ: കൊവിഡ് രോഗലക്ഷണങ്ങൾ മാറാതിരുന്നതിനെത്തുടർന്ന് യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസണെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹം രോഗം കണ്ടെത്തിയതിനെത്തുടർന്ന് സെൽഫ് ഐസൊലേഷനിൽ പോയിരുന്നു. മാർച്ച് 27- മുതൽ ഡൗണിംഗ് സ്ട്രീറ്റിലെ വീട്ടിൽ സെൽഫ് ഐസൊലേഷനിൽ വിശ്രമത്തിലായിരുന്നു അമ്പത്തിയഞ്ചുകാരനായ ജോൺസൺ.

വെള്ളിയാഴ്ച അദ്ദേഹം ജോലിയിൽ തിരികെ പ്രവേശിക്കുമെന്നാണ് പ്രതീക്ഷയെന്നും, വീട്ടിലിരുന്ന് കാര്യങ്ങൾ വിലയിരുത്തുകയും നിയന്ത്രിക്കുകയും ചെയ്യുന്നുണ്ടെന്നുമാണ് നേരത്തേ അദ്ദേഹത്തിന്‍റെ ഓഫീസ് വ്യക്തമാക്കിയിരുന്നത്. എന്നാൽ ഇന്നലെയോടെ അദ്ദേഹത്തിന് വീണ്ടും പനി വന്നതിനെത്തുടർന്നാണ് ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനിച്ചത്.

ഡൗണിംഗ് സ്ട്രീറ്റിൽ നിന്നുള്ള ഔദ്യോഗികവാർത്താക്കുറിപ്പ് പറയുന്നതിങ്ങനെ: ''പനി കണ്ടെത്തിയതിനെത്തുടർന്ന് അദ്ദേഹത്തെ ഡോക്ടറെത്തി പരിശോധിച്ചിരുന്നു. അദ്ദേഹത്തിന്‍റെ നിർദേശപ്രകാരമാണ് പ്രധാനമന്ത്രിയെ ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനിച്ചത്. കൂടുതൽ ടെസ്റ്റുകൾ നടത്തേണ്ടതുണ്ട്. എന്താണ് രോഗലക്ഷണങ്ങൾ മാറാത്തതെന്ന് കണ്ടെത്തേണ്ടതുണ്ട്''.

''മുൻകരുതൽ എന്ന നിലയ്ക്കാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുന്നത്. രോഗബാധ കണ്ടെത്തി പത്ത് ദിവസം കഴിഞ്ഞിട്ടും അദ്ദേഹത്തിന് രോഗലക്ഷണങ്ങൾ മാറാതിരിക്കുന്നത് എന്ത് എന്നാണ് പരിശോധിക്കുന്നത്'', എന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.

എന്നാൽ അദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് സൂചന. ജോൺസണിന്‍റെ ജീവിത പങ്കാളി കാരി സൈമണ്ട്സ് ഗർഭിണിയാണ്. അവർക്കും രോഗലക്ഷണങ്ങളുണ്ടായിരുന്നെങ്കിലും അവർ ഇപ്പോൾ വീട്ടിൽ വിശ്രമത്തിലാണ്. രോഗം ഭേദമായി വരുന്നു. 

ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ബോറിസ് ജോൺസൺ ആരോഗ്യപ്രവർത്തകർക്കായി ഒരു വീഡിയോ സന്ദേശം കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ''എനിക്ക് രോഗം ഭേദമായി വരികയാണ്. ഏഴ് ദിവസമായി ഐസൊലേഷനിലാണല്ലോ. പക്ഷേ, എനിക്കിപ്പോഴും പനി തുടരുകയാണ്. ഈ ലക്ഷണം തുടരുന്നതിനാൽ സെൽഫ് ഐസൊലേഷൻ തുടരാൻ തന്നെയാണ് എന്‍റെ തീരുമാനം'', എന്ന് ജോൺസൺ. 

യുകെ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്കിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നെങ്കിലും അദ്ദേഹം രോഗം ഭേദമായി ജോലിയിൽ തിരികെ പ്രവേശിച്ചിരുന്നു. ബോറിസ് ജോൺസന്‍റെ ഉപദേഷ്ടാവ് ഡൊമിനിക് കമ്മിംഗ്സും സെൽഫ് ഐസൊലേഷനിലാണ്. 

അതേസമയം, ബ്രിട്ടിഷ് പ്രധാനമന്ത്രി ഉടനടി രോഗം ഭേദമായി തിരികെ വരുമെന്നാണ് പ്രതീക്ഷയെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. 

''അദ്ദേഹം എന്‍റെ സുഹൃത്താണ്. നല്ല മനുഷ്യൻ, മികച്ച നേതാവ്. അദ്ദേഹത്തെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്‍റെ ആരോഗ്യനില നന്നായി തുടരുമെന്നും, ഉടനടി അദ്ദേഹം രോഗം ഭേദമായി തിരികെ വരുമെന്നും പ്രതീക്ഷിക്കുന്നു. അദ്ദേഹം കരുത്തനായ മനുഷ്യനാണ്'', ട്രംപ് വൈറ്റ് ഹൗസിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

എലിസബത്ത് രാജ്ഞിയും പ്രധാനമന്ത്രിയുടെ ആരോഗ്യനിലയിൽ കരുതൽ രേഖപ്പെടുത്തി. സംയുക്തമായ ശ്രമത്തിലൂടെ മാത്രമേ രോഗബാധ പടരുന്നത് തടയാൻ കഴിയൂ എന്ന് രാജ്ഞി പറഞ്ഞു.