Asianet News MalayalamAsianet News Malayalam

തീപിടിച്ച വീട്ടില്‍ നിന്ന് രക്ഷിച്ചത് ഏഴ് പേരെ; ഒറ്റ രാത്രികൊണ്ട് സൂപ്പർ ഹീറോയായി അഞ്ച് വയസുകാരന്‍

പിന്നീട് പുറത്തിറങ്ങിയ നോഹ അടുത്തുള്ള ബന്ധുവിന്റെ വീട്ടില്‍ എത്തി സഹായം തേടുകയായിരുന്നു. ഇവർ വിവരം അറിയിച്ചതിനെ തുടർന്ന് അഗ്നിശമന സേന എത്തുകയും തീ കെടുത്തുകയും ചെയ്തു. 

five year old boy hailed hero for saving seven family members
Author
Washington, First Published Feb 16, 2020, 7:14 PM IST

വാഷിം​ഗ്ടൺ: ഒറ്റ രാത്രികൊണ്ട് അമേരിക്കയുടെ സൂപ്പര്‍ ഹീറോ ആയിരിക്കുകയാണ് നോഹ വുഡ്സ് എന്ന അഞ്ച് വയസുകാരൻ. ഒരു കുടുംബത്തിലെ ഏഴ് പേരെ വലിയ ദുരന്തത്തില്‍ നിന്നും രക്ഷിച്ചാണ് ഈ മിടുക്കൻ എല്ലാവരുടെയും ശ്ര‍ദ്ധപിടിച്ച് പറ്റിയിരിക്കുന്നത്.

അമേരിക്കയിലെ ജോർജിയയിലാണ് സംഭവം. അന്നേദിവസം രാത്രി നോഹയും രണ്ട് വയസുള്ള സഹോദരിയും ഒന്നിച്ചായിരുന്നു മുറിയിൽ ഉറങ്ങിയിരുന്നത്. ഉറങ്ങുന്നതിനിടെ പെട്ടെന്ന് മുറിയില്‍ നിന്നും പുകയും തീയും ഉയരുന്നത് കണ്ട് നോഹ എഴുന്നേറ്റു. അപകടം മനസിലാക്കിയ നോഹ ആദ്യം തന്റെ സഹോദരിയെ ജനലിലൂടെ പുറത്തേക്ക് ഇട്ടു. പിന്നാലെ പ്രിയപ്പെട്ട നായയേയും കെട്ടഴിച്ച് പുറത്തേക്ക് അയച്ചു. 

ഈ സമയത്ത് ഇവര്‍ രണ്ടു പേരെയും കൂടാതെ മറ്റ് അഞ്ചു പേരും വീട്ടിലുണ്ടായിരുന്നു. തൊട്ടടുത്ത മുറിയിൽ ഉണ്ടായിരുന്ന അങ്കിളിനെ വിളിച്ചുണർത്തി മറ്റുള്ളവരെ എഴുന്നേൽപ്പിക്കാൻ പറഞ്ഞു. പിന്നീട് പുറത്തിറങ്ങിയ നോഹ അടുത്തുള്ള ബന്ധുവിന്റെ വീട്ടില്‍ എത്തി സഹായം തേടുകയായിരുന്നു. ഇവർ വിവരം അറിയിച്ചതിനെ തുടർന്ന് അഗ്നിശമന സേന എത്തുകയും തീ കെടുത്തുകയും ചെയ്തു. 

കുട്ടികളുടെ മുറിയില്‍ നിന്നും വൈദ്യുതി അധികമായി പ്രവഹിച്ചതാണ് തീപിടുത്തത്തിന് കാരണമെന്ന് അധികൃതര്‍ അറിയിച്ചു. 'ഇയാളാണ് നമ്മുടെ ഹീറോയായ അഞ്ച് വയസുകാരന്‍ നോഹ' എന്ന് പറഞ്ഞുകൊണ്ട് ബാർട്ടോ കൗണ്ടി അഗ്നിശമന വകുപ്പ് ഫേസ്ബുക്കിൽ കുറിപ്പും പുറത്തിറക്കിയിരുന്നു. 

നോഹയുടെ സമയോചിതമായ ഇടപെടലാണ് തങ്ങളുടെ ജീവന്‍ രക്ഷിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു. പുക ശ്വസിക്കുകയും ചെറിയ പൊള്ളലുകൾ ഏൽക്കുകയും ചെയ്തതിനാൽ നോഹയ്ക്ക് ചെറിയ ആരോഗ്യ പ്രശ്നങ്ങളുണ്ട്.  കുട്ടി ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. 
 

Follow Us:
Download App:
  • android
  • ios