Asianet News MalayalamAsianet News Malayalam

യുഎസ്- താലിബാൻ സമാധാന ഉടമ്പടി; ഇന്ത്യ പങ്കെടുക്കുന്നത് നിരീക്ഷക രാജ്യമായി

ഖത്തറിന്‍റെ ആസ്ഥാനമായ ദോഹയിൽ ഇന്ന് നടക്കുന്ന ചടങ്ങിന് മുപ്പതോളം രാജ്യങ്ങളിലെ പ്രതിനിധികൾ സാക്ഷ്യം വഹിക്കും. കരാർ ഒപ്പിടുന്നതിന് മുന്നോടിയായി കഴിഞ്ഞ ദിവസം ഇന്ത്യൻ വിദേശ കാര്യ സെക്രട്ടറി ഹർഷ് വർധൻ ശ്രിംഗ്‍ല അഫ്ഗാനിസ്ഥാൻ സന്ദർശിച്ചിരുന്നു.

India To Attend US-Taliban Peace Deal Event at Qatar
Author
Doha, First Published Feb 29, 2020, 12:21 PM IST

ഖത്തർ: യുഎസ്  താലിബാൻ ഉടമ്പടി ഒപ്പ് വയ്ക്കുമ്പോൾ ഇന്ത്യ നിരീക്ഷക രാജ്യമായാണ് പങ്കെടുക്കുന്നതെന്ന് വിശദീകരിച്ച് വിദേശകാര്യ മന്ത്രാലയം. ഖത്തറിലെ ഇന്ത്യൻ അംബാസിഡർ പി കുമരനാണ് ഇന്ത്യൻ പ്രതിനിധിയായി യോഗത്തിൽ പങ്കെടുക്കുക. ഇതാദ്യമായാണ് താലിബാനുമായി ഇന്ത്യ ഒരു ഔദ്യോഗികവേദി പങ്കിടുന്നത്. 

ഖത്തറിന്‍റെ ആസ്ഥാനമായ ദോഹയിൽ ഇന്ന് നടക്കുന്ന ചടങ്ങിന് മുപ്പതോളം രാജ്യങ്ങളിലെ പ്രതിനിധികൾ സാക്ഷ്യം വഹിക്കും. കരാർ ഒപ്പിടുന്നതിന് മുന്നോടിയായി കഴിഞ്ഞ ദിവസം ഇന്ത്യൻ വിദേശ കാര്യ സെക്രട്ടറി ഹർഷ് വർധൻ ശ്രിംഗ്‍ല അഫ്ഗാനിസ്ഥാൻ സന്ദർശിച്ചിരുന്നു. പ്രസിഡന്റ് അഷ്റഫ് ഗനിയുമായി കൂടിക്കാഴ്ച്ച നടത്തിയ അദ്ദേഹം രാജ്യത്ത് സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾക്ക് ഇന്ത്യയുടെ പൂർണ്ണ പിന്തുണ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കത്ത് അഷ്റഫ് ഗനിക്ക് കൈമാറുകയും ചെയ്തു. 

രാജ്യത്തിന്റെ ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനുള്ള ശ്രമങ്ങൾക്ക് ഇന്ത്യ നൽകുന്ന പിന്തുണയിൽ നന്ദി അറിയിക്കുന്നതായി അഷ്റഫ് ഗനി പറഞ്ഞു. അഫ്ഗാനിസ്ഥാൻ വൈസ് പ്രസിഡന്റ്  അംറുള്ള സലേഹ്, വിദേശകാര്യ മന്ത്രി ഹാറൂൺ ചകൻസുരി തുടങ്ങിയവരുമായും ഹർഷ് വർധൻ ശ്രിംഗ്‍ല കൂടിക്കാഴ്ച്ച നടത്തി. 

അഫ്ഗാനിലെ സായുധ പോരാട്ടം അവസാനിപ്പിക്കാൻ യുഎസും താലിബാനും തമ്മിൽ ഒരുവർഷമായി നടന്നുവരുന്ന സമാധാന ചർച്ചകൾക്കാണ് കരാർ ഒപ്പ് വയ്ക്കലിലൂടെ ഫലം കാണുക. കരാർ യാഥാർഥ്യമായാൽ അഫ്ഗാനിലെ യുഎസ് സേനയെ ഘട്ടംഘട്ടമായി പിൻവലിക്കും. എന്നാൽ ചടങ്ങിലേക്ക് അഫ്ഗാനിസ്ഥാൻ പ്രതിനിധിയെ അയച്ചിട്ടില്ല.

Follow Us:
Download App:
  • android
  • ios