ദില്ലി: ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ കാണാനില്ലെന്ന പാകിസ്ഥാന്‍ വാദം തള്ളി ഇന്‍റലി‍ന്‍സ് വൃത്തങ്ങള്‍. പാകിസ്ഥാന്‍ സേനയും ഐഎസ്ഐയും ചേര്‍ന്ന് മസൂദ് അസറിനെ രഹസ്യ താവളത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നാണ് ഇന്‍റലിജന്‍സ് വിശദമാക്കുന്നതെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. മസൂദ് അസറും കുടുംബവും കാണാതായിട്ടില്ലെന്നും സുരക്ഷിതമായി പാര്‍പ്പിച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 

ബഹാവല്‍പൂരിലാണ് ഈ താവളമെന്നാണ് ഇന്‍റലിജന്‍സ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. കനത്ത സുരക്ഷയിലാണ് മസൂദ് അസര്‍ ഉള്ളതെന്നാണ് വിവരം. മര്‍കസ് ഉസ്മാന്‍ ഒ അലി എന്ന് വിളിക്കുന്ന ഇവിടം ജയ്ഷെ മുഹമ്മദിന്‍റെ പുതിയ ആസ്ഥാനമാണെന്നും ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് വിശദമാക്കുന്നു. ബഹാവല്‍പൂരിലും ഖൈബർ പഖ്തുൻഖ്വയിലെ വീട്ടിലും മസൂദ് അസര്‍ സന്ദര്‍ശനം നടത്താറുണ്ട്. 

മസൂദ് അസറിനെ കാണാനില്ലെന്ന് പാക് ധനകാര്യമന്ത്രി ഹമ്മാദ് അസര്‍ തിങ്കളാഴ്ച പ്രതികരിച്ചിരുന്നു. യുഎന്‍ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സിന്‍റെ പാരിസില്‍ നടക്കുന്ന സമ്മേളനത്തിന് മുന്നോടിയായായിരുന്നു ഹമ്മാദ് അസറിന്‍റെ പ്രതികരണം. കാണാനില്ലാത്തതിനാല്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനായില്ലെന്നായിരുന്നു പാക് ധനകാര്യമന്ത്രിയുടെ വാദം. പാകിസ്ഥാന്‍ ലക്ഷ്കര്‍ ഭീകരനെ പതിനൊന്ന് വര്‍ഷം ശിക്ഷ വിധിച്ചത് അടുത്ത കാലത്താണ്. യുഎന്‍ എഫ്എടിഎഫ് യോഗത്തിന് മുന്‍പായി പാക് മന്ത്രി നടത്തിയ പരാമര്‍ശം ഏറെ ചര്‍ച്ചയായിരുന്നു.

ആരാണ് ഈ മസൂദ് അസർ ..?

നേരത്തെ ജെയ്ഷെ തലവൻ മസൂദ് അസറിനെ  ഐക്യരാഷ്ട്ര രക്ഷാ സമിതി ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്നു. പുല്‍വാമാ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ മസൂദ് അസറിനെ ആഗോള തീവ്രവാദിയായി പ്രഖ്യാപിക്കാന്‍ അന്താരാഷ്ട്രതലത്തില്‍, വിശേഷിച്ച് ഐക്യരാഷ്ട്രസഭയില്‍  തുടര്‍ച്ചയായ സമ്മര്‍ദ്ദങ്ങള്‍ ചെലുത്തിയിരുന്നു. നയതന്ത്ര തലത്തിലെ ഇന്ത്യയുടെ വലിയ വിജയമായിരുന്നു ഈ തീരുമാനം. മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തിനെ ചൈന മാത്രമാണ് എതിര്‍ത്തത്.