Asianet News MalayalamAsianet News Malayalam

ആരോഗ്യ പ്രവര്‍ത്തകര്‍ പ്ലാസ്റ്റിക് കവര്‍ സുരക്ഷാ കവചമായി ധരിച്ച സംഭവം: വിശദീകരണവുമായി ആശുപത്രി അധികൃതര്‍

മാലിന്യം കളയാനുപയോഗിക്കുന്ന കവറുകള്‍ സ്യൂട്ടാക്കുകയും സുരക്ഷാ മാസ്കുകള്‍ പുനരുപയോഗിക്കുയും ചെയ്യേണ്ട അവസ്ഥയിലാണ്  ആരോഗ്യപ്രവര്‍ത്തകരുള്ളതെന്നായിരുന്നു നഴ്സുമാര്‍ പുറത്ത് വിട്ട ദൃശ്യങ്ങളില്‍ കുറിച്ചിരുന്നത്

NewYork City hospital responds to photos of nurses wearing trash bags as gowns during coronavirus outbreak
Author
Manhattan, First Published Mar 30, 2020, 10:50 AM IST

മാന്‍ഹാട്ടന്‍: കൊവിഡ് 19ന്‍റെ സമൂഹ വ്യാപനം തടയുന്നതിനായി അമേരിക്കയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഏപ്രില്‍ മുപ്പത് വരെ നീട്ടിയതിന് പിന്നാലെ ആരോഗ്യപ്രവര്‍ത്തകര്‍ പ്ലാസ്റ്റിക് കവര്‍ സുരക്ഷാ സ്യൂട്ടാക്കിയ സംഭവത്തില്‍ വിശദീകരണവുമായി ആശുപത്രി അധികൃതര്‍. ന്യൂയോര്‍ക്കിലെ മാന്‍ഹാട്ടനില്‍ പ്രവര്‍ത്തിക്കുന്ന മൌണ്ട് സിനായ് ഹോസ്പിറ്റലിലെ ജീവനക്കാരാണ് സുരക്ഷാ സ്യൂട്ടുകളുടെ ലഭ്യത കുറവ് മൂലം പ്ലാസ്റ്റിക് കവര്‍ സ്യൂട്ടാക്കിയത്. ഇതിന്‍റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

സുരക്ഷാ സ്യൂട്ടുകളും മാസ്കുകളും കിട്ടാനില്ലെന്നായിരുന്നു സമൂഹമാധ്യമങ്ങളില്‍ നിരവധി ആളുകള്‍ ചിത്രത്തിന് നല്‍കിയ കുറിപ്പില്‍ പറഞ്ഞിരുന്നത്. മാലിന്യം കളയാനുപയോഗിക്കുന്ന കവറുകള്‍ സ്യൂട്ടാക്കുകയും സുരക്ഷാ മാസ്കുകള്‍ പുനരുപയോഗിക്കുയും ചെയ്യുകയാണ് ആരോഗ്യപ്രവര്‍ത്തകര്‍ എന്നായിരുന്നു ചിത്രത്തിലെ കുറിപ്പ് വിശദമാക്കിയത്. വികസിത രാജ്യങ്ങളില്‍ ഇത്തരം മാരക വൈറസുകളുമായി എത്തുന്ന രോഗികളുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ വരുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന പരാതിയും വ്യാപകമായിരുന്നു. 

എന്നാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ പ്ലാസ്റ്റിക് കവര്‍ ധരിച്ചിരിക്കുന്നത് സുരക്ഷാ സ്യൂട്ടിന് മുകളിലൂടെയാണ് എന്നാണ് ആശുപത്രി അധികൃതരുടെ വാദം. കൃത്യമായ സുരക്ഷാ സ്യൂട്ടില്ലാത്തവരെ രോഗികളുമായി സമ്പര്‍ക്കമുണ്ടാവുന്ന വാര്‍ഡുകളിലി‍ അയക്കില്ലെന്നും ആശുപത്രി അധികൃതര്‍ പറയുന്നു. ജീവനക്കാരുടെ സുരക്ഷയും സംരക്ഷണവും ഉറപ്പുവരുത്തുമെന്നും മൌണ്ട് സീനായ് ഹെല്‍ത്ത് സിസ്റ്റം സീനിയര്‍ ഡയറക്ടര്‍ ലൂസിയ ലീ പറഞ്ഞു. 

സുരക്ഷാ ഉപകരണങ്ങളുടെ ലഭ്യതക്കുറവ് ആശുപത്രിയിലുണ്ട്. എന്നാല്‍ ജീവനക്കാര്‍ക്ക് ഇത് ഉറപ്പുവരുത്തും. പേര്‍സണല്‍ പ്രൊട്ടക്ടീവ് എക്വിപ്മെന്‍റ്സ് (പിപിഇ) ഇല്ലാത്തവരെ രോഗികളുമായി അടുത്ത് ഇടപഴകുന്ന സാഹചര്യം സൃഷ്ടിക്കില്ലെന്നും അവര്‍ വിശദമാക്കി. ജീവനക്കാര്‍ക്ക് പിപിഇ ലഭ്യമാക്കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കുന്നുണ്ടെന്നും ലൂസിയ ലീ പറയുന്നു. സമൂഹമാധ്യമങ്ങളില്‍ വന്ന ചിത്രങ്ങളിലുള്ളവര്‍ പിപിഇയ്ക്ക് മുകളിലൂടെയാണ് പ്ലാസ്റ്റിക് കവര്‍ ധരിച്ചിരിക്കുന്നതെന്നും സൂക്ഷിച്ച് നോക്കിയാല്‍ മനസിലാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ നിരവധി ആരോഗ്യ പ്രവര്‍ത്തകരാണ് സുരക്ഷാ ഉപകരണങ്ങളുടെ ലഭ്യതക്കുറവിനേക്കുറിച്ച് പരാതിപ്പെട്ട് മുന്നോട്ട് വന്നിട്ടുള്ളത്. 

നേരത്തെ സോഷ്യൽ ഡിസ്റ്റൻസിങ് നിർദേശങ്ങൾ ഏപ്രിൽ മുപ്പത് വരെ തുടരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് അറിയിച്ചിരുന്നു. അമേരിക്കയിലാണ് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ളത്. 141,774 പേർക്കാണ് അമേരിക്കയിൽ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. കൊവിഡ് വൈറസ് രോഗം ബാധിച്ച് അമേരിക്കയിൽ മരിച്ചവരുടെ എണ്ണം 2,471 ആയി. അമേരിക്കയിലെ ഇല്ലിനോയിസിൽ കൊറോണ വൈറസ് ബാധിച്ച് ഇന്നലെ ഒരു നവജാത ശിശു മരിച്ചു. അതേസമയം, ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായിരത്തിലേക്ക് കടക്കുകയാണ്. മൊത്തം കേസുകളുടെ എണ്ണം ഏഴ് ലക്ഷത്തി ഇരുപത്തി ഒന്നായിരം കവിഞ്ഞു. 

Follow Us:
Download App:
  • android
  • ios