മഡ്രിഡ്: ഇറ്റലിക്ക് പിന്നാലെ കൊവിഡ് 19 മരണം 10000 കടന്ന് സ്‌പെയിന്‍. അമേരിക്കയിലും മരണം 5000 കടന്നു. സ്‌പെയിനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 616 പേരാണ് മരിച്ചത്. പുതുതായി 6120 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറ്റലിയിലെ മരണ സംഖ്യ 13,155 ആയി. അമേരിക്കയില്‍ 24 മണിക്കൂറിനിടെ 11 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മരണ സംഖ്യ 5113 ആയി. ഫ്രാന്‍സില്‍ മരണസംഖ്യ 4032 ആയി. ഇറാനിലും മരണ സംഖ്യ ഉയരുകയാണ്. ഒടുവിലത്തെ റിപ്പോര്‍ട്ട് പ്രകാരം 3160 പേരാണ് ഇറാനില്‍ മരിച്ചത്. ബ്രിട്ടനില്‍ 2352 പേരും മരിച്ചു. ബെല്‍ജിയം, നെതര്‍ലന്‍ഡ് എന്നിവിടങ്ങളിലും മരണസംഖ്യ 1000 കടന്നു. 

അമേരിക്കയില്‍ ബുധനാഴ്ച മാത്രം 884 പേര്‍ മരിച്ചു. മൊത്തം രോഗബാധിതര്‍ 2.13 ലക്ഷമായി. ബ്രിട്ടനില്‍ ചൊവ്വാഴ്ച മരിച്ചത് 563 പേരാണ്. ലോകത്താകമാനം കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 48,313 ആയി. മൊത്തം രോഗബാധിതരുടെ എണ്ണം 9.5 ലക്ഷമായി. 1.94 ലക്ഷം പേര്‍ രോഗത്തില്‍ നിന്ന് മുക്തരായി.