ന്യൂയോർക്ക്: കൊവിഡ് 19 മഹാമാരിയെ ചെറുക്കാനുള്ള ദൌത്യത്തിന്‍റെ ഭാഗമായി സ്ത്രീകളുടെ സംരക്ഷണം എല്ലാ സർക്കാരുകളും ഉറപ്പുവരുത്തണമെന്ന നിർദേശവുമായി ഐക്യരാഷ്ട്ര സഭ. ഏറ്റവും സുരക്ഷിതം എന്ന് കരുതുന്ന വീടുകളാണ് ഏറെ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും വലിയ ഭീഷണി എന്ന് സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടെറസ് വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. 

'യുദ്ധത്തിന്‍റെ അഭാവത്തില്‍ മാത്രമല്ല സമാധാനം ഉണ്ടാകുന്നത്. ലോക്ക് ഡൌണില്‍ വളരെയേറെ സ്ത്രീകള്‍ പീഡനങ്ങള്‍ നേരിടുന്നുണ്ട്.  ഗാർഹിക പീഡനങ്ങള്‍ പേടിപ്പെടുത്തുന്ന രീതിയില്‍ വർധിക്കുന്നു. ലോകത്തെ എല്ലാ വീടുകളിലും സമാധാനമുണ്ടാകാന്‍ ആഹ്വാനം ചെയ്യുകയാണ്. കൊവിഡ് 19 പ്രതിരോധത്തിന്‍റെ ഭാഗമായി സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാനും പരിഹരിക്കാനുമാണ് എല്ലാ  സർക്കാരുകളും പ്രഥമ പരിഗണന നല്‍കേണ്ടത് എന്ന് അഭ്യർത്ഥിക്കുന്നു' എന്നും അദേഹം വ്യക്തമാക്കി. 

Read more: ലോക്ക്ഡൗണ്‍ കാലം സ്ത്രീകള്‍ക്ക് തിരിച്ചടിയാകുമോ? റിപ്പോര്‍ട്ടുകള്‍ പറയുന്നു...

ലോക്ക് ഡൗൺ കാലത്ത് രാജ്യത്തെ വീടുകൾക്കകത്ത് ഗാർഹിക പീഡനം വൻതോതിൽ കൂടിയെന്ന് ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷ രേഖാ ശർമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കിയിരുന്നു. മാർച്ച്‌ 23 മുതൽ ഏപ്രിൽ ഒന്ന് വരെ മാത്രം 257 പരാതികൾ ഓൺലൈനായി ലഭിച്ചു. ബലാത്സംഗ ശ്രമവുമായി ബന്ധപ്പെട്ട 13 പരാതികൾ ലഭിച്ചതായും അവർ പറഞ്ഞു.

Read more: ലോക്ക് ഡൗൺ: തല്ല് കൊണ്ട് സ്ത്രീകൾ; ഗാർഹിക പീഡനം കൂടിയെന്ന് ദേശീയ വനിതാ കമ്മിഷൻ

കിട്ടിയ പരാതികളിൽ 69 എണ്ണം ഗാർഹിക പീഡനവുമായി ബന്ധപ്പെട്ടവയാണ്. ഏറ്റവും കൂടുതൽ പരാതികൾ ലഭിച്ചത് ഉത്തർപ്രദേശിൽ നിന്നാണ്. ഇവിടെ നിന്ന് മാത്രം 90 പരാതികൾ ലഭിച്ചു. ദിലിയിൽ നിന്ന് 37 പരാതികൾ കിട്ടി. ബിഹാറിൽ നിന്നും ഒഡിഷയിൽ നിന്നും 18 പരാതികൾ വീതം ലഭിച്ചു. മാർച്ച് രണ്ട് മുതൽ എട്ട് വരെ മാത്രം 116 പരാതികൾ ലഭിച്ചതായും അവർ വ്യക്തമാക്കിയിരുന്നു. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക