ലണ്ടന്‍: 'കൊമ്പന്‍' എന്നുകേട്ടാല്‍ ചിഹ്നം വിളിച്ച് നില്‍ക്കുന്ന ആനയുടെ ചിത്രമാകും മലയാളികള്‍ക്ക് ആദ്യം ഓര്‍മ്മവരിക. പക്ഷേ ബ്രിട്ടിഷുകാരുടെ പുതിയ അനുഭവം അങ്ങനെയല്ല. അവരെ മയക്കിവീഴ്ത്തുന്ന പ്രിയപ്പെട്ട ബിയറെന്നാരകും കൊമ്പനെന്നതിന്‍റെ ഒറ്റവാക്കിലെ ഉത്തരം. വര്‍ത്തമാനകാല ബ്രിട്ടിഷ് ജനതയുടെ അനുഭവം അതാണ്.

മലയാളികളുടെ സ്വന്തം മട്ട അരിയില്‍ നിന്നുണ്ടാക്കുന്ന ബിയര്‍, ലണ്ടന്‍ ജനതയ്ക്ക് ഏറ്റവും പ്രിയപ്പെട്ടതായി മാറിയിരിക്കുകയാണ്. പാലക്കാടന്‍ മട്ട അരിയില്‍ നിന്നുണ്ടാക്കുന്ന ബിയറിന്‍റെ പേരാണ് കൊമ്പന്‍. കൊച്ചിക്കാരനായ വിവേക് പിള്ളയെന്ന ബിസിനസുകാരന്‍റെ ബുദ്ധിയില്‍ വിരിഞ്ഞതാണ് മട്ട അരിയിലെ കൊമ്പന്‍ എന്നുകൂടി അരിയാഹാരം കഴിക്കുന്നവര്‍ അറിയണം. കേവലം മൂന്ന് വര്‍ഷംകൊണ്ടാണ് വിവേകിന്‍റെ കൊമ്പന്‍ ലണ്ടന്‍ ജനതയുടെ പ്രിയപ്പെട്ട ബിയറായി മാറിയത്.

ലണ്ടനില്‍ കേരള വിഭവങ്ങള്‍ കൂടുതലായുള്ള റസ്‌റ്റോറന്‍റ് ഉടമയായിരുന്ന വിവേക് ബ്രിട്ടിഷുകാരുടെ ബിയര്‍ പ്രേമം തിരിച്ചറിഞ്ഞായിരുന്നു പുതിയ ചുവടുവച്ചത്. മട്ട അരിയില്‍ നിന്നുള്ള ബിയറുമായെത്തിയ വിവേകിന്‍റെ നീക്കം പിഴച്ചില്ല. 2016 ല്‍ തുടങ്ങിയ കൊമ്പന്‍ അതിവേഗമാണ് ഏവരുടെയും പ്രിയപ്പെട്ടതായി മാറിയത്.

ഭക്ഷണത്തോടൊപ്പം ബിയറടക്കമുള്ള ലഹരി പാനീയങ്ങള്‍ ശീലമാക്കിയിട്ടുള്ള ഇംഗ്ലിഷുകാര്‍ക്കിടയില്‍ കൊമ്പന്‍ സ്വീകാര്യത നേടാനുള്ള കാര്യകാരണങ്ങള്‍ വിശദീകരിച്ച് വിവേക് പിള്ള തന്നെ രംഗത്തെത്തി. 'കേരളീയ വിഭവങ്ങള്‍ ബ്രിട്ടിഷുകാര്‍ക്ക് എന്നും വളരെ പ്രിയപ്പെട്ടതായിരുന്നു, റസ്റ്റോറന്‍റിലെത്തുമ്പോഴെല്ലാം അവര്‍ കേരളത്തില്‍ നിന്നുള്ള ലഹരിപാനീയങ്ങള്‍ കിട്ടുമോയെന്ന് ചോദിക്കാറുണ്ടായുന്നു, ഈ ചോദ്യത്തിന്‍റെ പ്രസക്തി തിരിച്ചറിഞ്ഞാണ് കേരളത്തിന്‍റെ രുചിക്കൂട്ടിലെ ബിയറെന്ന ആശയം ജനിച്ചത്' വിവേകിന്‍റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.

ബ്രിട്ടിഷ് വിപണിയിലെ ഈ പ്രസക്തി തിരിച്ചറിഞ്ഞാണ് ഇന്ത്യന്‍ നിര്‍മ്മിത ബിയര്‍  ലണ്ടനില്‍ ആരംഭിച്ചത്. കൊമ്പന്‍റെ വിജയത്തിന് പിന്നില്‍ ഭാര്യക്കും വലിയ പങ്കുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. പേരുതന്നെ ഭാര്യയാണ് നിര്‍ദ്ദേശിച്ചത്. കേരളത്തിന്‍റെ പെരുമകളിലൊന്നായ കൊമ്പനാനയുടെ പേരിലാകണം ബിയര്‍ എന്ന് ഭാര്യക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ശക്തിയുടെ പ്രതീകമായ കൊമ്പന്‍ പേരിനോട് നീതി പുലര്‍ത്തണമെന്ന് തീരുമാനിച്ചിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. അതുതന്നെയാണ് വിജയകാരണമെന്നും വിവേക് കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ നിര്‍മ്മിതമായ രണ്ട് ബിയറുകള്‍ നേരത്തെ തന്നെ വിവേക് ബ്രിട്ടിഷ് വിപണിയിലെത്തിച്ചിരുന്നു. 'ദി ബ്‌ളോണ്ട്', 'പ്രീമിയം ബ്ലാക്ക്' എന്നീ പേരുകളില്‍ ബെല്‍ജിയന്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് അവ വിപണിയിലെത്തിയത്. ഉപഭോക്താക്കള്‍ക്കിടയില്‍ നല്ല സ്വീകാര്യത ലഭിച്ചതോടെയാണ് 'കേരള പരീക്ഷണ'ത്തിലേക്ക് വിവേക് കടന്നത്. കേരളത്തിന് അഭിമാനമാകുന്ന നിലയില്‍ ഒരു പരീക്ഷണമായിരുന്നു കൊമ്പനിലൂടെ വിവേക് മുന്നോട്ടുവച്ചത്. അന്വേഷണം പാലക്കാടന്‍ മട്ട അരിയിലെത്തിയതോടെ കാര്യങ്ങള്‍ ശുഭകരമായി. വിവേകിന്‍റെ സഹോദരന്‍ വെങ്കടേഷ് പിള്ളയാണ് കൊമ്പന്‍റെ ലോഗോയും ലേബലുമെല്ലാം ഡിസൈന്‍ ചെയ്തത്. എന്തായാലും കൊമ്പന്‍റെ സ്വീകാര്യത നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. ലോകത്തിന്‍റെ വിവിധ കോണുകളില്‍ നിന്നും കൊമ്പനെക്കുറിച്ചുള്ള അന്വേഷണങ്ങളെത്തുന്നതിന്‍റെ സന്തോഷത്തിലാണ് വിവേക് പിള്ള.