വാഷിങ്ടണ്‍: അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎയുടെ 17 ചാരന്മാരെ ഇറാന്‍ പിടികൂടിയെന്ന റിപ്പോര്‍ട്ട് തള്ളി യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. ട്വിറ്ററിലൂടെയാണ് ട്രംപ് വാര്‍ത്ത നിഷേധിച്ചത്. അമേരിക്കന്‍ ചാരന്മാരെ ഇറാന്‍ പിടികൂടിയെന്ന റിപ്പോര്‍ട്ട് പൂര്‍ണമായും തെറ്റാണ്. ഇത്തരത്തില്‍  പ്രചരിപ്പിക്കുന്ന ഓരോ കള്ളങ്ങളും പരാജയപ്പെടുകയാണെന്നും ട്രംപ് പറഞ്ഞു. 

ഇറാന്‍റെ സമ്പദ് വ്യവസ്ഥ പൂര്‍ണമായും തകര്‍ന്നെന്നും ഇനിയും കൂടുതല്‍ തകര്‍ച്ചയിലേക്കാണ് ഇറാന്‍ പോകുന്നതെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു. 

സിഐഎയുടെ 17 ചാരന്മാരെ ഇറാന്‍ പിടികൂടിയതായും അതില്‍ ചിലരെ വധശിക്ഷയ്ക്ക് വിധിച്ചതായും  ഇറാന്‍ സര്‍ക്കാറിന്‍റെ നിയന്ത്രണത്തിലുള്ള മാധ്യമമാണ്  റിപ്പോര്‍ട്ട് ചെയ്തത്. ഇറാനിയന്‍ കലണ്ടര്‍ പ്രകാരം മാര്‍ച്ച് 31ന് അവസാനിച്ച വര്‍ഷത്തെ കണക്കുകളാണ് പുറത്തുവിട്ടിരിക്കുന്നത്. ചാരവൃത്തിക്ക് പിടിക്കപ്പെട്ടവരില്‍ പ്രധാനപ്പെട്ട മേഖലകളില്‍ ജോലി ചെയ്തിരുന്നവരാണ്. സാമ്പത്തികം, ആണവം, അടിസ്ഥാന വികസനം, സൈനികം, സൈബര്‍ എന്നീ സ്വകാര്യ മേഖലകളില്‍ ജോലി ചെയ്താണ് ചാരവൃത്തി നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ സുപ്രധാന വിവരങ്ങള്‍ ചോര്‍ത്തിയതായി കണ്ടെത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.