Asianet News MalayalamAsianet News Malayalam

ഒമ്പതാം ഐപിഎല്ലില്‍ തകര്‍ന്ന 9 റെക്കോര്‍ഡുകള്‍

9 records that were broken in IPL 2016
Author
Hyderabad, First Published May 30, 2016, 1:05 PM IST

ഹൈദരാബാദ്:  ഒമ്പതാം ഐപിഎല്‍ സീസണ് സണ്‍റൈസേഴ്സിന്റെ കിരീടധാരണത്തോടെ തിരശീല വീണപ്പോള്‍ ഒരുപിടി റെക്കോര്‍ഡുകള്‍. അവയില്‍ ചിലത് ഇതാ.

1-ഒരു ഐപിഎല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സെന്ന റെക്കോര്‍ഡ് ബംഗലൂരു നായകന്‍ വിരാട് കൊഹ്‌ലി സ്വന്തമാക്കി. 16 കളികളില്‍ 81.08 ശരാശരിയില്‍ 973 റണ്‍സ് നേടിയ കൊഹ്‌ലിക്ക് 1000 റണ്‍സെന്ന ചരിത്രനേട്ടം കൈയകലത്തില്‍ നഷ്ടമായി. നാലു സെഞ്ചുറികളും ഏഴ് അര്‍ധസെഞ്ചുറികളും കൊഹ്‌ലി നേടി. 2012, 2013 സീസണുകളില്‍ 733 റണ്‍സ് വീതം നേടിയിട്ടുള്ള ക്രിസ് ഗെയ്‌ലിന്റെയും മൈക് ഹസിയുടെയും റെക്കോര്‍ഡുകളാണ് കൊഹ്‌ലി മാറ്റിയെഴുതിയത്.

2-ഒരു ഐപിഎല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികളെന്ന റെക്കോര്‍ഡും കൊഹ്‌ലി സ്വന്തമാക്കി. ഐപിഎല്ലിന് മുമ്പ് ട്വന്റി-20യില്‍ ഒറ്റ സെഞ്ചുറി പോലും കൊഹ്‌ലിയുടെ പേരിലുണ്ടായിരുന്നില്ല. 2011ല്‍ രണ്‍് സെഞ്ചുറി നേടിയ ഗെയിലിന്റെ റെക്കോര്‍ഡ‍ാണ് കൊഹ്‌ലി തിരുത്തിയെഴുതിയത്.

3-ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന റെക്കോര്‍ഡും കൊഹ്‌ലി ഇത്തവണ സ്വന്തമാക്കി. 139 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് 38.05 ശരാശരിയില്‍ 4110 റണ്‍സ് നേടിയ കൊഹ്‌ലി 132 കളികളില്‍ 3699 രണ്‍സ് നേടിയ സുരേഷ് റെയ്നയുടെ റെക്കോര്‍ഡാണ് പഴങ്കഥയാക്കിയത്. ഐപിഎല്ലില്‍ 4000 റണ്‍സ് പിന്നിടുന്ന ആദ്യ താരമെന്ന ബഹുമതിയും കൊഹ്‌ലിക്കാണ്.

4-ഐപിഎല്ലില്‍ ഇത്തവണ ബംഗലൂരു ബാറ്റിംഗിനെ നയിച്ചത് കൊഹ്‌ലിയും ഡിവില്ലിയേഴ്സും ചേര്‍ന്നായിരുന്നു. ഗുജറാത്ത് ലയണ്‍സിനെതിരെ രണ്ടാം വിക്കറ്റില്‍ 229 റണ്‍സ് അടിച്ചുകൂട്ടിയ ഇരുവരും ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന കൂട്ടുക്കെട്ടെന്ന റെക്കോര്‍ഡും സ്വന്തമാക്കി. കൊഹ്‌ലിയും ഡിവില്ലിയേഴ്സും സെഞ്ചുറികള്‍ നേടിയ മത്സരത്തില്‍ 20 ഓവറില്‍ ബംഗലൂരു നേടിയത് 248 റണ്‍സായിരുന്നു. കഴിഞ്ഞവര്‍ഷം മുംബൈ ഇന്ത്യന്‍സിനെതിരെ ഇരുവരും ചേര്‍ന്ന് നേടിയ 215 റണ്‍സിന്റെ റെക്കോര്‍ഡാണ് ഇത്തവണ തിരുത്തിയത്.

5-അഞ്ചാം വിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന കൂട്ടുക്കെട്ടിന്റെ റെക്കേര്‍ഡും ഇത്തവണ തിരുത്തിയെഴുതപ്പെട്ടു. ഗുജറാത്ത് ലയണ്‍സിനെതിരെ അഞ്ചാം വിക്കറ്റില്‍ 134 റണ്‍സ് നേടിയ കൊല്‍ക്കത്തയുടെ യൂസഫ് പത്താന്‍-ഷക്കീബ് അല്‍ ഹസന്‍ കൂട്ടുക്കെട്ടാണ് പുതിയ റെക്കോര്‍ഡിന് അവകാശികള്‍.

6-ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ അര്‍ധസെഞ്ചുറികള്‍ നേടിയ താരമെന്ന റെക്കോര്‍ഡ് ഹൈദരാബാദിന്റെ ഡേവിഡ് വാര്‍ണര്‍ സ്വന്തമാക്കി. ഈ സീസണില്‍ 17 കളികളില്‍ 848 റണ്‍സ് അടിച്ചുകൂട്ടിയ വാര്‍ണര്‍ ഇത്തവണ നേടിയത് ഒമ്പത് അര്‍ധ സെഞ്ചുറികളാണ്. ഇതോടെ ഐപിഎല്ലില്‍ 26 അര്‍ധ സെഞ്ചുറികള്‍ നേടിയിരുന്ന ഗൗതം ഗംഭീറിന്റെ റെക്കോര്‍ഡ് പഴങ്കഥയാക്കിയ വാര്‍ണര്‍ 31 അര്‍ധസെഞ്ചുറികളുമായി പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി.

7-വിജയമാര്‍ജിനിലും ഇഥ്തവണ പുതിയ റെക്കോര്‍ഡ് പിറന്നു. ഗുജറാത്ത് ലയണ്‍സിനെതിരെ 144 റണ്‍സ് വിജയമാഘോഷിച്ച ബംഗലൂരു റോയല്‍ ചലഞ്ചേഴ്സാണ് പുതിയ റെക്കോര്‍ഡിന് അവകാശികള്‍. ബംഗലൂരുവിനെ 140 റണ്‍സിന് തോല്‍പ്പിച്ച കൊല്‍ക്കത്തയുടെ പേരിലുള്ള റെക്കോര്‍ഡാണ് കൊഹ്‌ലിയും സംഘവും ഇത്തവണ സ്വന്തം പേരിലാക്കിയത്.

8-ഒരു ഐപിഎല്‍ മത്സരത്തില്‍ രണ്ടു പേര്‍ സെഞ്ചുറി നേടിയെന്ന പുതിയ ചരിത്രവും ഇത്തവണ പിറന്നു. ഗുജറാത്ത് ലയണ്‍സിനെതിരെ സെഞ്ചുറികള്‍ നേടിയ വിരാട് കൊ‌ഹ്‌ലിയും എ.ബി.ഡിവില്ലിയേഴ്സുമാണ് പുതിയ ചരിത്രം എഴുതിയത്. കൊഹ്‌ലി 55 പന്തില്‍ 109 റണ്‍സടിച്ചപ്പോള്‍ 52 പന്തില്‍ അടിച്ചുകൂട്ടിയത് 129 റണ്‍സ്.

9-ഐപിഎല്ലില്‍ ഒരു മത്സരം പോലും നഷ്ടമാകാത്ത താരമെന്ന റെക്കോര്‍ഡ് ഇത്തവണ സുരേഷ് റെയ്നയ്ക്ക് കൈമോശം വന്നു. ഭാര്യയുടെ പ്രസവത്തിനായി നെതര്‍ലന്‍ഡ്സിലേക്ക് പോയ റെയ്നയ്ക്ക് തുടര്‍ച്ചയായി 142 മത്സരങ്ങള്‍ കളിച്ചശേഷമാണ് ഐപിഎല്ലില്‍ റെയ്നയ്ക്ക് ഒരു മത്സരം നഷ്ടമായത്.

Follow Us:
Download App:
  • android
  • ios