ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റില്‍ ധോണിയുടെ പിന്‍ഗാമിയാവാന്‍ കടുത്ത മത്സരമാണിപ്പോള്‍. മലയാളി താരം സഞ്ജു സാംസണ്‍ ഡല്‍ഹിയുടെ വെടിക്കെട്ട് വീരന്‍ റിഷഭ് പന്ത്, ഇഷാന്‍ കിഷന്‍ തുടങ്ങി നിരവധി യുവപ്രതിഭകളാണ് ധോണിയുടെ പിന്‍ഗാമിയാവാന്‍ മത്സരിക്കുന്നത്. രഞ്ജി ട്രോഫിയിലെ മോശം പ്രകടനം ഈ മത്സരത്തില്‍ സഞ്ജുവിനെ പിന്തള്ളി റിഷഭിന് മുന്‍നിരയിലെത്താന്‍ അവസരമൊരുക്കിയെങ്കിലും ഐപിഎല്ലിലെ സെഞ്ചുറിയിലൂടെ സഞ്ജു വീണ്ടും മുന്‍പന്തിയിലെത്തി.

എന്നാല്‍ ഐപിഎല്ലില്‍ സഞ്ജുവിനൊപ്പം ഡല്‍ഹിയുടെ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുന്ന സാം ബില്ലിംഗ്സ് പറയുന്നത് ധോണിയുടെ പിന്‍ഗാമിയാവുക സഞ്ജുവല്ലെന്നാണ്. അത് മറ്റൊരു ദില്ലി താരമാണ്. മറ്റാരുമല്ല 19കാരന്‍ റിഷഭ് പന്ത്. താന്‍ കണ്ടിട്ടുള്ളതില്‍വെച്ച് ഏറ്റവും മികച്ച യുവതാരമാണ് റിഷഭ് പന്തെന്ന് ബില്ലിംഗ്സ് പറയുന്നു. ബാറ്റ്സ്മാനെന്ന നിലയിലും വിക്കറ്റ് കീപ്പറെന്ന നിലയിലും പന്ത് അസാമാന്യ പ്രകടനമാണ് പുറത്തെടുക്കുന്നതെന്നും ബില്ലിംഗ്സ് പറയുന്നു. അതുകൊണ്ടുതന്നെ ധോണി ഗ്ലൗസഴിക്കുമ്പോള്‍ ആ റോള്‍ ഏറ്റെടുക്കാന്‍ ഏറ്റവും അനുയോജ്യന്‍ പന്ത് തന്നെയാണെന്ന കാര്യത്തില്‍ തനിക്ക് സംശയമൊന്നുമില്ലെന്നും ബില്ലിംഗ്സ് വ്യക്തമാക്കി.

കഴിഞ്ഞവര്‍ഷം പരിശീലനത്തിനിടെയാണ് പന്തിനെ ആദ്യം കണ്ടത്. അന്ന് നഥാന്‍ കോള്‍ട്ടര്‍നൈലിനെയും ക്രിസ് മോറിസിനെയും ഫിറോസ്ഷാ കോട്‌ലയുടെ ഗ്യാലറികളിലേക്ക് തുടര്‍ച്ചയായി സിക്സര്‍ പറത്തുന്നത് കണ്ട ഞാന്‍ അമ്പരന്നു. ദൈവമേ ഈ പയ്യന് 19 വയസേ ആയുള്ളല്ലോ എന്നും ഓര്‍ത്തു. മെന്റര്‍ എന്ന നിലയില്‍ ദ്രാവിഡ് ടീമിന് വലിയ സംഭാവനയാണ് നല്‍കുന്നതെന്നും ബില്ലിംഗ്സ് പറഞ്ഞു.