Asianet News MalayalamAsianet News Malayalam

ടീം ബസ് നിര്‍ത്തിച്ച് ടോയ്‌ലറ്റിലേക്ക് സൗത്തിയുടെ ഓട്ടം; ലൈവ് കമന്ററിയുമായി ഹര്‍ഭജന്‍

Tim Southee keeps Mumbai Indians bus waiting for toilet break
Author
Mumbai, First Published Apr 21, 2017, 5:10 PM IST

മുംബൈ: കളിക്കിടെ ടോയ്‌ലെറ്റിലേക്ക് ഓടി വാര്‍ത്ത സൃഷ്‌ടിച്ച ഓസ്‍ട്രേലിയന്‍ ഓപ്പണര്‍ മാറ്റ് റെന്‍ഷായ്‌ക്ക് മുംബൈ ഇന്ത്യന്‍സ് ക്യാംപില്‍ നിന്ന് ഒരു കൂട്ട്. ഇത്തവണ കളിക്കിടെയല്ല ടീം ബസിലെ യാത്രയ്‌ക്കിടെ ആണെന്നൊരു വ്യത്യാസമുണ്ടെന്ന് മാത്രം. ന്യൂസിലന്‍ഡ് പേസ് ബൗളറും മുംബൈ താരവുമായ ടിം സൗത്തിയാണ് കഥയിലെ നായകന്‍. സൗത്തിയുടെ ഓട്ടവും ടീമിലെ തമാശക്കാരനായ ഹര്‍ഭജന്റെ ലൈവ് കമന്ററിയും കൂടിയായപ്പോള്‍ സംഗതി കലക്കി. ഹര്‍ഭജന്‍ തന്നെയാണ് ട്വിറ്ററീലൂടെ ഈ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

താങ്കള്‍ വേഗം ഓടു ടിമ്മി(സൗത്തിയുടെ വിളിപേര്), ഇല്ലെങ്കില്‍ താങ്കള്‍ പ്രശ്നത്തില്‍ അകപ്പെടും എന്ന് പറഞ്ഞാണ് ഭാജി, സൗത്തിയെ ബസില്‍ നിന്ന് യാത്രയാക്കുന്നത്. ബസില്‍ നിന്നും ഹോട്ടലിലെ ടോയ്‌ലെറ്റിലേക്ക് സൗത്തി ധൃതിയില്‍ ഇറങ്ങിപ്പോയതിനുശേഷവും കമന്ററി തുടര്‍ന്ന ഭാജി, ടിമ്മി എവിടെ പോയതാണെന്ന് ആര്‍ക്കെങ്കിലും അറിയാമോ? എന്ന് ടീം അംഗങ്ങളോട് ചോദിക്കുന്നുണ്ട്. ഇതിന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ അടക്കമുള്ള താരങ്ങളുടെ മറുപടിയും രസകരമാണ്.

ടോയ്‌ലെറ്റിനകത്ത് സംഭവിക്കുന്ന കാര്യങ്ങള്‍ തമാശരൂപത്തില്‍ എഴുതിക്കാണിക്കുന്നുമുണ്ട്. തിരികെ ടീം ബസിലെത്തിയ സൗത്തിയെ ആരവത്തോടെയാണ് ടീം അംഗങ്ങള്‍ വരവേറ്റത്. തൊട്ടുപിന്നാലെ ഭാജിയുടെ ചോദ്യം- 'എങ്ങനെയുണ്ടായിരുന്നു ടിമ്മി? നല്ലതായിരുന്നോ?'. മോശം ടോയ്‌ലെറ്റൊന്നും അവിടെയില്ലെന്നായിരുന്നു വിജയമുദ്രയോടെ സൗത്തിയുടെ മറുപടി.

Follow Us:
Download App:
  • android
  • ios