തിരുവനന്തപുരം: ഭൂമിയുടെ വിപണി വിലയും സര്‍ക്കാര്‍ നിശ്ചയിച്ച വിലയും തമ്മിലുള്ള അന്തരം കുറക്കാൻ നിലവിലുള്ള ന്യായവിലയിൽ പത്ത് ശതമാനം കൂട്ടാൻ തീരുമാനിച്ചു. 200 കോടി രൂപയുടെ അധിക വരുമാനമാണ് ഇത് വഴി പ്രതീക്ഷിക്കുന്നതെന്ന് ധനമന്ത്രി ബജറ്റിൽ പറഞ്ഞു, വൻകിട പ്രൊജക്ടുകൾക്ക് സമീപത്തെ ഭൂമിക്ക് ഗണ്യമായ വിലര്‍ദ്ധനുണ്ടാകും. അതുകൊണ്ട് ന്യായവില  30 ശതമാനം കൂട്ടി പുനര്‍ നിര്‍ണ്ണയിക്കും.

കെട്ടിട നികുതിയിലും പോക്ക് വരവ് ഫീസിനത്തിനും വര്‍ദ്ധനവ് വരുത്താനാണ് തീരുമാനം. ഫ്ലാറ്റുകൾ ഒഴികെയുള്ള കെട്ടിടങ്ങളുടെ സ്റ്റാമ്പ് ഡ്യൂട്ടി കേന്ദ്ര പൊതുമരാമത്ത് നിരക്ക് പ്രകാരം നിര്‍ണ്ണയിക്കാൻ കേരള സ്റ്റാമ്പ് ആക്ടിൽ ഭേദഗതി വരുത്തും. ഒറ്റത്തവണ കെട്ടിട നികുതിയിൽ 30 ശതമാനത്തിൽ കൂടാത്ത വിധം വര്‍ദ്ധനവ് ഉണ്ടാകും.  

കെട്ടിട നമ്പര്‍ അനുവദിക്കുന്നതിന് മുന്നോടിയായി ഒറ്റത്തവണ കെട്ടിട നികുതി അടച്ചിട്ടുണ്ടെന്ന് വ്യവസ്ഥ തദ്ദേശ ഭരണ സ്ഥാപനങ്ങൾക്കുള്ള നിയമങ്ങളിൽ ചേര്‍ക്കും. വില്ലേജ് ഓഫീസുകളിൽ നിന്ന് നൽകുന്ന ലൊക്കേഷൻ മാപ്പുകൾക്ക് 200 രൂപ ഫീസ് ഈടാക്കും. തണ്ടപ്പേര്‍ പകര്‍പ്പിന് 100 രൂപ നൽകണം.

പാട്ടത്തിന് നൽകിയ സര്‍ക്കാര്‍ ഭൂമിയിൽ നിന്ന് പിരിഞ്ഞ് കിട്ടാനുള്ളത് 1173.6 കോടി രൂപയാണ്. വിജ്ഞാപനം  ചെയ്യെപ്പടാത്ത  ഭൂമി സ്വഭാവവ്യതിയാനം  വരുത്തുന്നതിന്  അനുമതി  നൽകുന്നതിന് 2008-െല  കേരള  നെൽവയൽ  തണ്ണീർത്തട  സംരക്ഷണ  ചട്ടങ്ങൾക്ക് അനുബന്ധമായുള്ള  പട്ടിക  പ്രകാരമുള്ള  ഫീസ് പുതുക്കി  നിശ്ചയിക്കും.  തൊട്ടടുത്ത പുരയിടത്തിന്‍റെ ന്യായവില 
കണക്കാക്കിയാണ്  ഫീസ്  ഈടാക്കുക. 

നിലവിൽ തകര്‍ച്ചയിലുള്ള റിയൽ എസ്റ്റേറ്റ് മേഖലയുടെ സമ്പൂര്‍ണ്ണ തകര്‍ച്ച ഉറപ്പാക്കുന്നതാണ് ബജറ്റ് നിര്‍ദ്ദേശങ്ങളെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.

തുടര്‍ന്ന് വായിക്കാം: 'മാന്ദ്യത്തിൽ നിന്ന് കരകയറാൻ ബജറ്റിലൊന്നുമില്ല'; ഐസക്കിന്‍റേത് ഫാന്‍റസി ബജറ്റെന്ന് പ്രതിപക്ഷ നേതാവ്...