തിരുവനന്തപുരം: പൗരത്വ നിയമഭേദഗതിയെച്ചൊല്ലി കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനമുന്നയിച്ചതിന് പിന്നാലെ, കേരളത്തെ എല്ലാ തരത്തിലുള്ള സഹായങ്ങളിൽ നിന്നും തഴഞ്ഞതിൽ കേന്ദ്രത്തിനെതിരെ ബജറ്റ് പ്രസംഗത്തിൽ ആഞ്ഞടിച്ച് ധനമന്ത്രി തോമസ് ഐസക്. കേന്ദ്രസഹായങ്ങൾ കുടിശ്ശിക വയ്ക്കുന്നത് മുതൽ ജിഎസ്‍ടി നഷ്ടപരിഹാരം നൽകാതെ വൈകിപ്പിക്കുകയും വായ്പാവിഹിതം വെട്ടിക്കുറയ്ക്കുകയും ചെയ്ത് സംസ്ഥാനങ്ങളുടെ ഫെഡറൽ അധികാരം കവർന്നെടുക്കുകയാണ് കേന്ദ്രസർക്കാരെന്നും ഐസക് കുറ്റപ്പെടുത്തി. മൊത്തം കേന്ദ്രസഹായം കിട്ടേണ്ടിയിരുന്നതിൽ 8330 കോടി രൂപയുടെ കുറവ് വന്നെന്നും ഐസക്. 

''ഏഴാം ഷെഡ്യൂളിനെ തന്നെ അപ്രസക്തമാക്കുന്ന രീതിയിൽ സംസ്ഥാന വിഷയങ്ങളിലുള്ള കേന്ദ്രത്തിന്‍റെ കൈയേറ്റം സാർവത്രികമായിരിക്കുകയാണ്. ജിഎസ്‍ടിയും നിർദിഷ്ട ധന ഉത്തരവാദിത്വ നിയമവും പതിനഞ്ചാം ധനകാര്യ കമ്മീഷനും സംസ്ഥാനങ്ങളുടെ ധനപരമായ സ്വാതന്ത്ര്യത്തെ പൂർണമായി കവർന്ന മട്ടാണ്'', എന്ന് തോമസ് ഐസക്.

ആഭ്യന്തര വരുമാനത്തിന്‍റെ മൂന്ന് ശതമാനമാണ് വായ്പയായി അനുവദിക്കുക. അങ്ങനെ ബജറ്റിൽ 24915 കോടി രൂപ ലഭിക്കുമെന്നാണ് വകയിരുത്തിയത്. എന്നാൽ വർഷം പകുതിയായപ്പോൾ ഈ തുകയിൽ നിന്ന് 5325 കോടി വെട്ടിക്കുറയ്ക്കുമെന്ന് കേന്ദ്രം അറിയിച്ചു. പുതിയ മാനദണ്ഡപ്രകാരവും 4900 കോടി രൂപ വായ്പയെടുക്കാൻ നമുക്ക് അനുവാദമുണ്ടായിരുന്നതാണ്. ഇതിൽ നിന്ന് 3000 കോടി വീണ്ടും വെട്ടിക്കുറച്ചു. അങ്ങനെ ഇനി 1920 കോടിയേ വായ്പയെടുക്കാൻ കഴിയൂ എന്ന് വന്നു. ഇതിൽ 1480 കോടി 2009-ൽ വായ്പ എടുത്തതിന്‍റെ തുടർച്ചയായി തിരിച്ചടക്കണം. ഫലത്തിൽ അവസാന മൂന്ന് മാസം കേരളസർക്കാരിന് അസ്സൽ വായ്പ ഒന്നുമില്ലാത്ത അവസ്ഥയായി - എന്ന് ഐസക്.

ജിഎസ്‍ടി നഷ്ടപരിഹാരത്തിലെ കുടിശ്ശിക ഫെബ്രുവരിയിൽ 3000 കോടി കടക്കുമെന്നാണ് തോമസ് ഐസക് പറയുന്നത്. ഇതിന് പിന്നാലെ കേന്ദ്ര നികുതി വിഹിതം വെട്ടിക്കുറയ്ക്കുകയും ചെയ്തു.

തൊഴിലുറപ്പ് കുടിശ്ശിക ആറ് മാസം വൈകിയാണ് കിട്ടിയത്. നെല്ല് സംഭരണത്തിന്‍റെ തുകയും കുടിശ്ശികയാണ്. നെല്ലിന്‍റെ വിലയായി കൃഷിക്കാർക്ക് നൽകിയ വായ്പയും കുടിശ്ശികയാണ്. 

2019-ലെ പ്രളയദുരിതാശ്വാസത്തിൽ നിന്ന് കേരളത്തെ ഒഴിവാക്കിയതിൽ എന്താണ് ന്യായീകരണം? ഐസക് ചോദിക്കുന്നു.