കൊച്ചി: എറണാകുളത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ഭൂരിപക്ഷം കുറഞ്ഞതിന്‍റെ പേരില്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. കോര്‍പ്പറേഷൻ ഭരണം പരാജയപ്പെട്ടതാണ് ഭൂരിപക്ഷം കുറഞ്ഞതിന് കാരണമെന്നും മേയറെ മാറ്റണമെന്നും ഹൈബി ഈഡൻ എം പി തുറന്നടിച്ചു. പാര്‍ട്ടി പറഞ്ഞാല്‍ രാജിവെയ്ക്കുമെന്ന് മേയര്‍ സൗമിനി ജെയിന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

മണ്ഡലത്തിലെ ഭൂരിപക്ഷം കുറഞ്ഞതിന്‍റെ പേരില്‍ എ ഗ്രൂപ്പുകാരിയായ മേയര്‍ സൗമിനി ജെയിനിനെ പുറത്താക്കാനുള്ള ചരടുവലി കോണ്‍ഗ്രസില്‍ തുടങ്ങി കഴിഞ്ഞു. ഹൈബി ഈഡന്‍റെ നേതൃത്വത്തില്‍ ഐ ഗ്രൂപ്പും ഒപ്പം എ ഗ്രൂപ്പിലെ ഒരു വിഭാഗവുമാണ് നീക്കത്തിന് പിന്നില്‍. യുഡിഎഫ് കോട്ടയെന്ന് കരുതിയിരുന്ന എറണാകുളത്ത് 10000ത്തിന് മുകളില്‍ ഭൂരിപക്ഷമായിരുന്നു യുഡിഎഫ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, കോര്‍പ്പറേഷൻ പരിധിയിലെ റോ‍ഡുകളുടെ ശോചനീയാവസ്ഥ, രൂക്ഷമായ ഗതാഗതക്കുരുക്ക്, വോട്ടെടുപ്പ് ദിവസം പെയ്ത കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ടെല്ലാം യുഡിഎഫിന് തിരിച്ചടിയായി. 

മേയര്‍ സൗമിനി ജെയിനിന്‍റെ കഴിവ് കേടാണ് ഇതിന് പിന്നിലെന്നാണ് പ്രധാന ആക്ഷേപം. ഭൂരിപക്ഷം 3750 ലേക്ക് താണതും ഇതുകൊണ്ട് ആണെന്നാണ് വിമര്‍ശനം. എറണാകുളത്ത് മികച്ച ഭൂരിപക്ഷമല്ല ലഭിച്ചതെന്ന് ഹൈബി ഈഡൻ പ്രതികരിച്ചു. യുഡിഎഫിന് ലഭിക്കേണ്ട വോട്ടുകൾ പൂർണ്ണമായും ലഭിച്ചില്ല. പോളിംഗ് ദിനത്തിലെ കനത്ത മഴയും വെള്ളക്കെട്ടും തിരിച്ചടിയായി. കൊച്ചി കോര്‍പ്പറേഷനെതിരെയുള്ള ജനവികാരം മൂലം നിക്ഷ്പക്ഷ വോട്ട് യുഡിഎഫിന് എതിരായി വന്നുവെന്നും ഹൈബി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഭൂരിപക്ഷം കുറഞ്ഞത് പാർട്ടി പരിശോധിക്കണമെന്നും എറണാകുളത്തെ ജനങ്ങൾ നൽകിയ പ്രതികരണം പാർട്ടി പാഠമായി ഉൾക്കൊള്ളണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോർപ്പറേഷനെതിരെ ഹൈക്കോടതി പോലും വിമർശിച്ച സാഹചര്യത്തിൽ കോർപ്പറേഷൻ കൂടുതൽ ജാഗ്രത പാലിക്കണം. പൊതുജനത്തിന്റെ വികാരം മനസ്സിലാക്കാൻ കൊച്ചി കോർപ്പറേഷൻ പരാജയപ്പെട്ടുവെന്നും ഹൈബി ഈഡൻ പറഞ്ഞു. മേയര്‍ സൗമിനി ജെയിന്‍ ഇനി തുടരണോയെന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാ കാലത്തും മേയർക്ക് പാർട്ടി പൂർണ്ണ പിന്തുണ നൽകിയിട്ടുണ്ട്. കൊച്ചിയിലെ പല പദ്ധതികളും നടപ്പിലാക്കുന്നതിൽ കോർപ്പറേഷന് വേണ്ടത്ര വേഗതയും ജാഗ്രതയുമില്ലെന്നും ഹൈബി പറഞ്ഞു. 

അതേസമയം, ടി ജെ വിനോദ് എംഎല്‍എ ആയതോടെ ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് പുതിയ ആളെ കണ്ടെത്തണം. ഒപ്പം മേയര്‍ സ്ഥാനത്ത് ഉള്‍പ്പെടെ സമ്പൂര്‍ണ്ണ അഴിച്ചുപണി വേണമെന്നാണ് പാര്‍ട്ടിയില്‍ ഉയരുന്ന ആവശ്യം. സൗമിനി ജെയ്നിനെ മാറ്റിയില്ലെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ കോര്‍പ്പറേഷൻ ഭരണം കിട്ടില്ലെന്നാണ് ജില്ലാ നേതാക്കളുടെ വിലയിരുത്തല്‍.