കൊച്ചി: ഉപതെരഞ്ഞെടുപ്പ് നടന്ന എറണാകുളം നിയമസഭാ മണ്ഡലത്തിൽ വോട്ടെണ്ണല്‍ അഞ്ചാം റൗണ്ട് പൂർത്തിയായി. 56 ബൂത്തുകൾ എണ്ണിക്കഴിഞ്ഞപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി ജെ വിനോദാണ് മുന്നില്‍ നില്‍ക്കുന്നത്. 3258 വോട്ടുകള്‍ക്കാണ് ടി ജെ വിനോദ് ലീഡ് ചെയ്യുന്നത്. 

മുന്നിലാണെങ്കിലും പ്രതീക്ഷിച്ച ലീഡ് യുഡിഎഫിന് ഉണ്ടായില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ കണ്ണക്കുകള്‍ വെച്ച് നോക്കുമ്പോള്‍  വോട്ട് നിലയില്‍ യുഡിഎഫിന് വൻ ഇടിവാണ് ഉണ്ടായിരിക്കുന്നത്. അഞ്ചാം റൗണ്ടിലെ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി ജെ വിനോദിന് 23411 വോട്ടുകളാണ് ലഭിച്ചത്. 20153 വോട്ടുകള്‍ നേടി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനു റോയ് ആണ് രണ്ടാം സ്ഥാനത്ത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി ജി രാജഗോപാലിന് 7205 വോട്ടുകളാണ് ലഭിച്ചിരിക്കുന്നത്. 

മഹാരാജാസ് കോളേജ് ഓഡിറ്റോറിയത്തിലാണ് മണ്ഡലത്തിലെ വോട്ടെണ്ണൽ നടക്കുന്നത്. 135 ബൂത്തുകളിലെ വോട്ടുകൾ 10 റൗണ്ടിൽ എണ്ണിത്തീർക്കും. ഒരു റൗണ്ടിൽ 14 ബൂത്തുകളിലെ വോട്ടെണ്ണും. ഒമ്പത് പൂർണ റൗണ്ടുകളിലായി 126 ബൂത്തുകളിലെയും അവസാന റൗണ്ടിൽ ഒമ്പത് ബൂത്തുകളിലെയും വോട്ടെണ്ണും വിധമാണ് ക്രമീകരണം. പാലാ ഉപതെരഞ്ഞെടുപ്പിൽ സാങ്കേതിക പ്രശ്നങ്ങൾ മൂലം ആദ്യ റൗണ്ട് വോട്ടെണ്ണൽ തുടങ്ങാൻ വൈകിയിരുന്നു. ഇത് മുൻനിർത്തി വീഴ്ചകളില്ലാത്ത ക്രമീകരണത്തിന് നിർദേശം നൽകിയിട്ടുണ്ട്.