നിലമ്പൂർ: സമ്മാനം അടിക്കാത്ത ലോട്ടറി ടിക്കറ്റിന്റെ നമ്പർ മാറ്റി ഒട്ടിച്ച് ചെറുകിട കച്ചവടക്കാരിൽ നിന്നും പണം തട്ടുന്ന സംഘത്തിലെ രണ്ട് പേരെ നിലമ്പൂർ പൊലീസ് തിരിച്ചറിഞ്ഞ് നടപടി ആരംഭിച്ചു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യും. അയ്യായിരത്തിൽ താഴെ സമ്മാനാർഹമായ ടിക്കറ്റുകളുടെ നമ്പറിന് സമാനമായ നമ്പറുകൾ മറ്റ് ടിക്കറ്റിൽ നിന്ന് വെട്ടിയൊട്ടിച്ച് സ്ത്രീകളും പ്രായമായവരുമായ ലോട്ടറി വിൽപനക്കാരെ സമീപിച്ച് മാറ്റി എടുക്കുകയാണ് സംഘം ചെയ്യുന്നത്. 

നിലമ്പൂർ സിപി ലോട്ടറീസ് ഉടമ കല്ലേമ്പാടം ചെറുകാട് സജിയുടെ കടയിൽ ഈ മാസം മൂന്നിന് രണ്ട് യുവാക്കൾ ഇത്തരത്തിൽ കൃത്രിമം കാണിച്ച നിർമൽ ലോട്ടറിയുടെ ഒരു ടിക്കറ്റ് നൽകി. 40 രൂപയുടെ ആറ് ടിക്കറ്റുകളും ബാക്കി 760 രൂപയും വാങ്ങിയിരുന്നു. സുക്ഷ്മ പരിശോധനയിൽ ഒരുനമ്പർ മാറ്റി ഒട്ടിച്ചതാണെന്ന് കണ്ടെത്തി. അപ്പോഴേക്കും പ്രതികൾ സ്ഥലം വിട്ടിരുന്നു. നിരവധി പേർ ഇത്തരത്തിൽ ദിവസേന ഇരയാകുന്നതറിഞ്ഞതോടെ സജി  നിലമ്പൂർ പൊലീസിനെ സമീപിക്കുകയായിരുന്നു. ചെറിയ സംഖ്യയായതിനാൽ സാധാരണക്കാർ പൊലീസിൽ പരാതിയുമായി പോവാത്തതാണ് സംഘത്തിന് തുണയാവുന്നത്.