ആലപ്പുഴ: ചേർത്തല തെക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ പി അശോകന് ഇപ്പോള്‍ തെരഞ്ഞെടുപ്പും രാഷ്ട്രീയ തിരക്കുകളുമില്ല. സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരുന്ന അശോകന് ഇപ്പോൾ രാഷ്ട്രീയവുമില്ല. 1997 മുതൽ 2000വരെ അശോകൻ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. അന്ന് അശോകനൊപ്പം വൈസ് പ്രസിഡന്റായിരുന്നത്  സംസ്ഥാന ഭക്ഷ്യവകുപ്പ് മന്ത്രിയായ പി തിലോത്തമൻ ആണ്. 

ചേർത്തല തെക്ക് പഞ്ചായത്ത് 14–ാം വാർഡ് തെക്കേവെളി വീട്ടിൽ അശോകൻ 1975ൽ സിപിഎമ്മിൽ പ്രവർത്തിച്ചു തുടങ്ങിയതാണ്. 1987 മുതൽ 95 വരെ അരീപ്പറമ്പ് ലോക്കൽ സെക്രട്ടറിയായിരുന്നു. 1995 മുതൽ 97 വരെയും 2000 മുതൽ 2005 വരെയും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്നു. 2004ൽ പാർട്ടി വിട്ടു. ഗ്രൂപ്പുകളിയില്‍ പൊറുതിമുട്ടിയാണ് അശോകന്‍ പാര്‍ട്ടി വിട്ടത്. 

അതിന് ശേഷം ഹൃദ്രോഗിയായ അശോകൻ ഉപജീവനത്തിനായാണ് ഭാഗ്യക്കുറി വിൽപന തുടങ്ങിയത്. ഭാര്യ ഗീതമ്മ. മക്കൾ അശ്വതിയും അരുണിമയും വിവാഹിതരായി. ഭിന്നശേഷിക്കാരിയും അവിവാഹിതയുമായ സഹോദരി ഉഷയും അശോകന്റെ വീട്ടിലുണ്ട്. ദിവസവും അരീപ്പറമ്പ് മുതൽ അർത്തുങ്കൽ വരെയും തിരികെയും സൈക്കിളിൽ സഞ്ചരിച്ചാണ് അശോകന്റെ ഭാഗ്യക്കുറി വിൽപന.