തിരുവനന്തപുരം: ഈ മാസം മുതൽ സംസ്ഥാന ഭാഗ്യക്കുറി ആഴ്ചയിൽ 4 ലോട്ടറി ടിക്കറ്റുകൾ നറുക്കെടുക്കും. കൊവിഡ് ലോക്ക്ഡൗൺ കാരണം കഴിഞ്ഞ മാസം 3 ടിക്കറ്റുകളാണ് നറുക്കെടുത്തിരുന്നത്. ഇനി മുതൽ തിങ്കളാഴ്ച- വിൻ വിൻ, ബുധനാഴ്ച -അക്ഷയ, വെള്ളിയാഴ്ച- നിർമൽ, ശനിയാഴ്ച- കാരുണ്യ എന്നിങ്ങനെയാകും നറുക്കെടുപ്പുകൾ നടക്കുക. ചൊവ്വാഴ്ചത്തെ സ്ത്രീശക്തിയും വ്യാഴാഴ്ചത്തെ കാരുണ്യ പ്ലസും റദ്ദാക്കി.

അതേസമയം, അഞ്ചുപേർക്ക് ഒരു കോടി രൂപ വീതം സമ്മാനം ലഭിക്കുന്ന പുതിയ ടിക്കറ്റ് പുറത്തിറക്കാൻ ഒരുങ്ങുകയാണ് ലോട്ടറി വകുപ്പ്. ‘ഭാഗ്യമിത്ര‘(BM) എന്ന പേരിലാണ് സംസ്ഥാനത്തെ ആദ്യ പ്രതിമാസ ലോട്ടറി അവതരിപ്പിക്കുന്നത്. ഞായറാഴ്ചകളിലെ പൗർണമി ടിക്കറ്റുകൾ റദ്ദാക്കിയതോടെയുള്ള പ്രതിസന്ധി മറികടക്കാനാണ് ഭാഗ്യമിത്ര പുറത്തിറക്കുന്നതെന്ന് ലോട്ടറി വകുപ്പ് അറിയിച്ചു.100 രൂപയാണ് ടിക്കറ്റ് വില. എല്ലാ മാസവും ആദ്യ ഞായറാഴ്ച ഭാഗ്യമിത്ര ലോട്ടറികളുടെ നറുക്കെടുപ്പ് നടക്കും.