തിരുവനന്തപുരം: അഞ്ചുപേർക്ക് ഒരു കോടി രൂപ വീതം സമ്മാനം നൽകുന്ന കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പുതിയ ലോട്ടറി ‘ഭാഗ്യമിത്ര’യുടെ ആദ്യ ടിക്കറ്റ് പ്രകാശനം ചെയ്തു. ടിക്കറ്റ് പ്രകാശനവും പുതിയ സോഫ്റ്റ്‌വെയർ , വെബ് സൈറ്റ്, മൊബൈൽ ആപ്പ് എന്നിവയുടെ ഉദ്ഘാടനവും ധനകാര്യമന്ത്രി ഡോ ടി എം തോമസ് ഐസക് നിർവ്വഹിച്ചു.

ഒന്നാം സമ്മാനം അഞ്ചു കോടിയാണ് (അഞ്ചുപേർക്ക് ഒരു കോടി രൂപ വീതം). രണ്ടാം സമ്മാനം 10 ലക്ഷം, മൂന്നാം സമ്മാനം രണ്ട് ലക്ഷം രൂപ വീതം എട്ടുപേർക്ക്. കൂടാതെ 5000, 2000, 1000, 500, 300 തുടങ്ങി നിരവധി സമ്മാനങ്ങളുമുണ്ട്. ഭാ​ഗ്യമിത്രയുടെ ആദ്യ നറുക്കെടുപ്പ് 2020 ഡിസംബര്‍ ആറിന് നടക്കും. 

Read Also: ഇനി എല്ലാ മാസവും കോടിപതികൾ; ഒരുകോടിയുടെ ‘ഭാ​ഗ്യമിത്ര‘യുമായി ലോട്ടറി വകുപ്പ്

ഒന്നിലധികം പേര്‍ക്ക് ഒന്നാം സമ്മാനം നല്‍കുന്ന ഏക ലോട്ടറി കൂടിയാണ് ഭാഗ്യമിത്ര. 100 രൂപയാണ് ടിക്കറ്റ് വില. 78.13 രൂപയാണ് ടിക്കറ്റുവിലയെങ്കിലും 28 ശതമാനം ജി.എസ്.ടി. കൂടി ഉള്‍പ്പെടുത്തിയാണ് 100 രൂപ നിശ്ചയിച്ചത്. എല്ലാ മാസവും ആദ്യ ഞായറാഴ്ച ഭാഗ്യമിത്ര ലോട്ടറികളുടെ നറുക്കെടുപ്പ് നടക്കും. 

ആദ്യഘട്ടത്തിൽ 24 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചിരിക്കുന്നത്. പരമാവധി 72 ലക്ഷം ടിക്കറ്റുകളാണ് ലോട്ടറി വകുപ്പിന് അച്ചടിക്കാന്‍ കഴിയുക. ഞായറാഴ്ചകളിലെ പൗര്‍ണമി ടിക്കറ്റുകള്‍ റദ്ദാക്കിയതോടെയുള്ള പ്രതിസന്ധി മറികടക്കാനാണ് ഭാഗ്യമിത്ര പുറത്തിറക്കുന്നതെന്ന് ലോട്ടറിവകുപ്പ് അറിയിച്ചിരുന്നു.