പാലക്കാട്: ലോട്ടറി ടിക്കറ്റിലെ നമ്പർ തിരുത്തി സമ്മാനത്തുക തട്ടിയെടുത്തതായി പരാതി. പാലക്കാട് കൊഴിഞ്ഞാമ്പാറയിലെ ചള്ളപ്പാതയിലാണ് സംഭവം. കാറിൽ ലോട്ടറി വിൽപ്പന നടത്തുന്ന ജനാർദനനെയാണ് കബളിപ്പിച്ച് പണം തട്ടിയത്.

അക്ഷയ ലോട്ടറിയുടെ നാലാം സമ്മാനമായ 5000 രൂപയ്ക്ക് അർഹമായ നമ്പർ തിരുത്തിയാണ് തട്ടിപ്പു നടത്തിയത്. ബുധനാഴ്ചയായിരുന്നു നറുക്കെടുപ്പ്. 6381 എന്ന നമ്പറിനാണ് സമ്മാനം ലഭിച്ചത്. എന്നാൽ എകെ 206331 എന്ന ലോട്ടറി ടിക്കറ്റിലെ അഞ്ചാമത്തെ അക്കമായ 3 തിരുത്തി 8 ആക്കിയായിരുന്നു തട്ടിപ്പ്.

തുക നൽകി കഴിഞ്ഞ് ലോട്ടറിയുമായി ട്രഷറിയിൽ എത്തിയപ്പോഴാണ് ജനാർദനൻ കബളിപ്പിക്കപ്പെട്ട വിവരം അറിയുന്നത്. തുടർന്ന് ഇദ്ദേഹം പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി എസ്ഐ എസ്. അൻഷാദ് വ്യക്തമാക്കി. സ്കാൻ ചെയ്ത് ഉറപ്പാക്കിയ ശേഷം മാത്രമേ വിൽപ്പനക്കാർ സമ്മാനത്തുക കൈമാറാവൂ എന്നും അദ്ദേഹം നിർദ്ദേശം നൽകിയിട്ടുണ്ട്.