കോഴിക്കോട്: അന്ധനായ ലോട്ടറി വിൽപനക്കാരന്റെ പണം മോഷ്ടിച്ച് രക്ഷപ്പെടുന്നതിനിടയിൽ ജാമ്യത്തിലിറങ്ങിയ മോഷണക്കേസ് പ്രതി പിടിയിൽ. കോഴിക്കോട് തിരുവള്ളൂർ ചാനിയംകടവ് കണ്ണംകുറുങ്ങോട്ട് കെ കെ. അഫ്‌സത്ത് എന്ന അർഫിയെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്.

അന്ധനായ ലോട്ടറി വിൽപനക്കാരൻ കിഡ്സൺ കോർണറിൽ എസ്കെ പ്രതിമയ്ക്കു മുന്നിലിരുന്ന് ലോട്ടറി വിറ്റുകിട്ടയ പണം എണ്ണുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട അർഫി ആരും ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പാക്കിയ ശേഷം പണം തട്ടിപ്പറിച്ച്  ബസിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചു. ഇതുകണ്ട നാട്ടുകാർ പിന്നാലെ ഓടി ബസിൽ നിന്ന് അർഫിയെ ഇറക്കി പിങ്ക് പൊലീസിനെ ഏൽപ്പിച്ചു. ഇവർ പിന്നീട് പ്രതിയെ ടൗൺ പൊലീസിന് കൈമാറുകയായിരുന്നു.

കുറച്ച് മാസങ്ങൾക്ക് മുമ്പ് മിഠായിത്തെരുവിൽ വച്ച് ഒരു യുവാവിന്റെ മൊബൈൽ അർഫി തട്ടിപ്പറിച്ച് ഓടിയിരുന്നു. പിന്നാലെ ഇയാൾ പൊലീസ് വലയിൽ കുടുങ്ങുകയും ചെയ്തു. റിമാൻഡിലായിരുന്ന പ്രതി ജാമ്യത്തിലിറങ്ങിയാണ് ഇപ്പോൾ വീണ്ടും മോഷണത്തിന് ശ്രമിച്ചത്.