തിരുവനന്തപുരം: ഓണം ബമ്പർ ഭാ​ഗ്യക്കുറിയുടെ നറുക്കെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഇതുവരെ വിറ്റത് 
32.5 ലക്ഷം ടിക്കറ്റുകൾ. നിലവിൽ അച്ചടിച്ചിരിക്കുന്ന 36 ലക്ഷം ടിക്കറ്റുകളിൽ നിന്നാണ് ഇത്രയും വിറ്റുപോയത്. വിൽപ്പന അനുസരിച്ച് അധികമായി 4 ലക്ഷം ടിക്കറ്റുകൾ കൂടി അച്ചടിക്കാൻ ഓർഡർ നൽകിയതായി ലോട്ടറി വകുപ്പ് അറിയിച്ചു. 

സെപ്റ്റംബർ 20നാണ് ഈ വർഷത്തെ ഓണം ബമ്പർ നറുക്കെടുപ്പ്. 300 രൂപയാണ് ടിക്കറ്റ് വില. സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയാണ് കഴിഞ്ഞ വർഷം മുതൽ നൽകി കൊണ്ടിരിക്കുന്നത്. 12 കോടി രൂപയാണ്‌ ഒന്നാം സമ്മാനം. 

രണ്ടാം സമ്മാനമായി ഒരു കോടിരൂപ വീതം 6 പേര്‍ക്ക് ലഭിക്കും. മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം 12 പേര്‍ക്കും നാലാം സമ്മാനമായി 5 ലക്ഷം രൂപ വീതം 12 പേര്‍ക്കും ലഭിക്കും. ഇതിന് പുറമേ ഒരു ലക്ഷം, 5000, 3000, 2000, 1000 രൂപയുടെ അനവധി സമ്മാനങ്ങളുമുണ്ട്.

ടിക്കറ്റ് വില്പനയ്ക്ക് വിധേയമായി മൊത്തം 54 കോടി രൂപ സമ്മാനമായി നല്‍കുന്ന വിധത്തിലാണ് സമ്മാന ഘടന വിഭാവനം ചെയ്തിട്ടുള്ളത്. ഭാഗ്യക്കുറിയില്‍ നിന്നുള്ള ലാഭം പൂര്‍ണ്ണമായും ആരോഗ്യ സുരക്ഷാപദ്ധതിക്കാണ് വിനിയോഗിക്കുന്നതെന്ന് ടിക്കറ്റ് പ്രകാശനം ചെയ്തുകൊണ്ട് മന്ത്രി ഡോ ടിഎം തോമസ് ഐസക് പറഞ്ഞിരുന്നു. 

കഴിഞ്ഞ വർഷം ഓണം ബമ്പർ വിജയികളായത് ആറുപേരാണ്. കായംകുളത്തെ ചുങ്കത്ത് ജ്വല്ലറി ജീവനക്കാരായ റോണി, രംജിം, രാജീവൻ, സുബിൻ തോമസ്, വിവേക്, രതീഷ് എന്നിവർ ചേർന്നു വാങ്ങിയ ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം.