കാസർകോട്: ഇനി മുതൽ ഭൂപാൽ മറ്റുള്ളവർക്ക് മുന്നിൽ കൈ നീട്ടുന്നത് ഭാഗ്യം കൈമാറുന്നതിന് വേണ്ടിയാകും. ജീവിക്കാൻ വേണ്ടി കാഞ്ഞങ്ങാട് ന​ഗരത്തിലും ട്രെയിനുകളിലും ഭിക്ഷയാചിച്ച് ജീവിതം തള്ളിനീക്കിയ ഭൂപാലിന് താങ്ങായിരിക്കുകയാണ് 'നന്മമരം' കൂട്ടായ്മ. തമിഴ്നാട് സേലം കുറുവം സ്വദേശിയാണ് ഈ 28 കാരൻ. 

ആറ് വർഷം മുമ്പ് നാട്ടിൽ വച്ചുണ്ടായ അപകടത്തിൽ ഭൂപാലിന് വലതുകാൽ നഷ്ടപ്പെട്ടു. അമ്മയും സഹോദരിയും അടങ്ങുന്ന കുടുംബത്തെ പോറ്റാൻ മറ്റ് വഴികളില്ലാതെ വന്നതോടെയാണ് ഉപജീവന മാർ​ഗം തേടി ഭൂപാൽ സുഹ‍ൃത്തിനൊപ്പം കാഞ്ഞങ്ങാട് എത്തിയത്. ജോലി തേടി പലരുടെയും മുന്നിൽ എത്തിയെങ്കിലും ഒരു കാൽ ഇല്ലാത്തതിനാൽ ആരും ഭൂപാലിനെ സഹായിച്ചില്ല. ജീവിതം വഴിമുട്ടി നിന്നപ്പോഴാണ് മറ്റുള്ളവരുടെ മുന്നിൽ ഭിക്ഷ യാചിക്കാൻ ഭൂപാൽ തീരുമാനിച്ചത്. 

എന്നാൽ, ലോക്ക്ഡൗൺ ആയതോടെ ഭൂപാലിന്റെ ജീവിതം കൂടുതൽ ദുസ്സഹമായി. റെയിൽവേ സ്റ്റേഷനിലും കടത്തിണ്ണകളിലും തലചായ്ക്കാൻ സാധിക്കാതെയുമായി. പിന്നാലെ ന​ഗരസഭയുടെയും സാമൂഹിക പ്രവർത്തകരുടെയും കാരുണ്യത്തിൽ മൂന്നുമാസത്തോളം പുതുക്കോട്ട ന​ഗരസഭ ടൗൺ ഹാളിലായിരുന്നു ഭൂപാലിന്റെ ഊണും ഉറക്കവും.

ഇവിടെ വച്ചാണ് നന്മമരം കൂട്ടായ്മയിലെ ആം​ഗങ്ങളെ ഭൂപേഷ് പരിചയപ്പെടുന്നത്. ആ ബന്ധം ഇപ്പോൾ ഭൂപാലിന് പുതിയൊരു വെളിച്ചം നൽകിയിരിക്കുകയാണ്. കേരളാ ഭാ​ഗ്യക്കുറി ടിക്കറ്റുകൾ വാങ്ങി വിൽക്കാനുള്ള സൗകര്യം ഒരുക്കിയാണ് കൂട്ടായ്മ ഭൂപാലിനെ ചേർത്തു നിർത്തിയത്. ഈ പുതിയ സംരംഭത്തിലൂടെയെങ്കിലും ജീവിതം കരപിടിപ്പിക്കാൻ സാധിക്കുമെന്ന വിശ്വാസത്തിലാണ് ഭൂപാൽ ഇപ്പോൾ.