തിരുവനന്തപുരം: ലോക്ക്ഡൗണിനെ തുടർന്ന് നിർത്തി വച്ചിരുന്ന കേരള ലോട്ടറിയുടെ വിൽപന പതിയെ ചൂടുപിടിക്കുന്നു. പ്രതീക്ഷിച്ചതിനെക്കാൾ ലോട്ടറികൾ വിറ്റഴിഞ്ഞതോടെ വരും ദിവസങ്ങളിൽ കൂടുതൽ ടിക്കറ്റുകൾ അച്ചടിക്കാനാണ് ലോട്ടറി വകുപ്പിന്റെ തീരുമാനം.

ലോക്ക്ഡൗണിനെ തുടർന്ന് മാര്‍ച്ച് മാസത്തില്‍ നിര്‍ത്തി വച്ചിരുന്ന 8 ടിക്കറ്റുകളുടെ വില്‍പ്പന മെയ് 21 നാണ് പുനഃരാരംഭിച്ചത്. പ്രസ്തുത ടിക്കറ്റുകളില്‍ സമ്മര്‍ ബമ്പര്‍ ഒഴികെയുള്ളവ ശരാശരി 60 ലക്ഷം ടിക്കറ്റുകള്‍ വീതം വിറ്റഴിഞ്ഞു. സമ്മര്‍ ബമ്പര്‍ (ഒന്നാം സമ്മാനം 6 കോടി) 15 ലക്ഷം ടിക്കറ്റുകള്‍ അച്ചടിച്ചത് പൂര്‍ണമായും വിറ്റഴിയുമെന്നാണ് വില്പനകൾ സൂചിപ്പിക്കുന്നതെന്ന് ലോട്ടറി വകുപ്പ് പറയുന്നു.

ജൂലൈ മാസം ഞാറാഴ്ചകളിലെ പൗര്‍ണമി ഭാഗ്യക്കുറി ഒഴികെ തിങ്കള്‍ മുതല്‍ ശനി വരെയുള്ള 6 ടിക്കറ്റുകളുടെ നറുക്കെടുപ്പ് നടത്താനാണ് തീരുമാനം( തിങ്കള്‍- വിൻ വിന്‍, ചൊവ്വ- സ്ത്രീ ശക്തി, ബുധന്‍ അക്ഷയ, വ്യാഴം- കാരുണ്യ പ്ലസ്, വെള്ളി- നിര്‍മ്മല്‍, ശനി- കാരുണ്യ). ആദ്യഘട്ടത്തില്‍ ഇവ 48 ലക്ഷം ടിക്കറ്റുകള്‍ വീതം അച്ചടിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍, നറുക്കെടുപ്പ് മാറ്റി വച്ച ടിക്കറ്റുകള്‍ ശരാശരി 60 ലക്ഷം വില്പന നടന്നതോടെ ഇവയും 60 ലക്ഷം ടിക്കറ്റുകള്‍ വീതം അച്ചടിക്കുന്നുണ്ട്.

ജൂലൈ ആദ്യ വാരം നറുക്കെടുക്കുന്ന അക്ഷയ 456, കാരുണ്യ പ്ലസ് 323, നിര്‍മ്മല്‍ 190, കാരുണ്യ 455 ഭാഗ്യക്കുറികളുടെ ടിക്കറ്റുകള്‍ ഭാഗ്യക്കുറി ഓഫീസുകളില്‍ എത്തിച്ച് വില്പന ആരംഭിച്ചു. ജൂലെ 15 വരെ നറുക്കെടുപ്പിനുള്ള ടിക്കറ്റുകളുടെ പ്രിന്‍റ് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. ജൂലെ 30ന് നറുക്കെടുപ്പ് നിശ്ചയിച്ചിരുന്ന മണ്‍സൂണ്‍ ബമ്പര്‍( ഒന്നാം സമ്മാം 5 കോടി) ആദ്യ ഘട്ടത്തില്‍ 12 ലക്ഷം ടിക്കറ്റുകള്‍ പ്രിന്‍റ് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. ഇതിന്റെ വില്പന ഈ  മാസം 26ന് ആരംഭിക്കും.

കൊവിഡ് ഭീതിയിൽ കേരള ലോട്ടറിയുടെ അച്ചടിയും വി‍ൽപനയും പൂർണമായും നിർത്തിവച്ചിരുന്നു. ലോക്ഡൗണിനു മുൻപു 96 ലക്ഷം വരെ അച്ചടിച്ചിരുന്ന കേരള ലോട്ടറിയുടെ വിവിധ ടിക്കറ്റുകൾ കൊവിഡ് ഭീഷണിയോടെ കുറച്ചിരുന്നു.