കണ്ണൂര്‍: ആകാംക്ഷയ്ക്ക് വിരാമമിട്ട് കേരള ലോട്ടറി വകുപ്പ് നടത്തിയ ക്രിസ്മസ്-പുതുവത്സര ബംപര്‍ നറുക്കെടുപ്പിലെ വിജയിയെ കണ്ടെത്തി. കണ്ണൂര്‍ തോലമ്പ്ര പുരളിമല കൈതച്ചാല്‍ കോളനിയിലെ പൊരുന്നന്‍ രാജനാണ് ക്രിസ്മസ്-പുതുവത്സര ബംപര്‍ നറുക്കെടുപ്പിലെ ഒന്നാം സമ്മാനം നേടിയത്. കൂലിപണിക്കാരനായ രാജന്‍ കൂത്തുപറമ്പില്‍ നിന്നും വാങ്ങിയ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. 

കൂത്തൂപറമ്പില്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം കിട്ടിയതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.  ST 269609 എന്ന നമ്പര്‍ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. സനീഷ് എന്ന ഏജന്‍റില്‍ നിന്നും വാങ്ങിയ ടിക്കറ്റില്‍ നിന്നാണ് നറക്കുവീണിരിക്കുന്നത്. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോർക്കി ഭവനിലാണ് നറുക്കെടുപ്പ് നടന്നത്. രണ്ടാം സമ്മാനം 5 കോടി (50 ലക്ഷം വീതം 10 പേർക്ക്), മൂന്നാം സമ്മാനം 10 ലക്ഷം വീതം 10 പേർക്ക്, നാലാം സമ്മാനം 1 കോടി (5 ലക്ഷം വീതം 20 പേർക്ക്), അഞ്ചാം സമ്മാനം 1 ലക്ഷം (അവസാന അഞ്ചക്കത്തിന്) എന്നിങ്ങനെയാണ് മറ്റ് സമ്മാന തുകകൾ. ഇവ കൂടാതെ മറ്റ് നിരവധി സമ്മാനങ്ങൾ ഭാ​ഗ്യശാലികളികൾക്ക് ലഭിക്കും.

ജനുവരി പതിനഞ്ചിനോ തൊട്ടടുത്ത ദിവസങ്ങളിലോ ആയിട്ടാവാം ഭാഗ്യടിക്കറ്റ് വിറ്റത് എന്ന് ഏജന്‍റായ സനീഷ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഭാഗ്യശാലിയെ ഇന്നലെ കണ്ടെത്താനായില്ലെങ്കിലും സമാശ്വാസ സമ്മാനത്തിനുള്ള ടിക്കറ്റുമായി ഒരാള്‍ ഇന്നലെ തന്നെ സനീഷിനെ തേടിയെത്തിയിരുന്നു. 

ക്രിസ്‍മസ് ബംപര്‍ രണ്ടാം സമ്മാനം 50 ലക്ഷം വീതം പത്ത് പേര്‍ക്കാണ് നല്‍കുന്നത്. എസ്.എന്‍, 259 502 എന്ന ടിക്കറ്റിനാണ് സമ്മാനം. മൂന്നാം സമ്മാനമായ പത്തു ലക്ഷം രൂപ പത്ത് പേര്‍ക്കായിരിക്കും. ലഭിക്കുക. ആകെ നാല്‍പ്പത് ലക്ഷം ടിക്കറ്റുകളാണ് ക്രിസ്‍മസ് - പുതുവത്സര ബംപര്‍ ലോട്ടറിക്കായി അച്ചടിച്ചത്. 36.84 ലക്ഷം ലോട്ടറികള്‍ വിറ്റു പോയി. 98.69 കോടി രൂപയുടെ വരുമാനമാണ് ക്രിസ്തുമസ് ന്യൂഇയര്‍ ലോട്ടറിയില്‍ നിന്നും സര്‍ക്കാരിന് കിട്ടിയത്. ഒന്നാം സമ്മാനം നേടിയ 12 കോടിയില്‍ നിന്നും സമ്മാനതുകയുടെ പത്ത് ശതമാനം ഏജന്‍റിന് കമ്മീഷനായി കിട്ടും. 30 ശതമാനം നികുതിയും ഏജന്‍റ് കമ്മീഷനും കഴിഞ്ഞുള്ള തുകയാവും ബംപര്‍ ലോട്ടറി ജേതാവിന് ലഭിക്കുക.